Connect with us

National

ഝാര്‍ഖണ്ഡില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്; നാല് മരണം

Published

|

Last Updated

റാഞ്ചി: കല്‍ക്കരി ഖനിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കൂടുതല്‍ പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് വക്താവ് എം എസ് ഭാട്ട്യ പറഞ്ഞു.
നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് (എന്‍ ടി പി സി) വേണ്ടി സ്ഥലമേറ്റെടുത്തതില്‍ മതിയായ നഷ്ടപരിഹാരം ലഭിക്കാത്ത ഗ്രാമീണര്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങളായി പ്രതിഷേധ സമരം നടത്തി വരികയാണ്. അതിനിടെ, സമര നേതാവും കോണ്‍ഗ്രസ് എം എല്‍ എയുമായ നിര്‍മലാ ദേവിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയായിരുന്നു.
പ്രകോപിതരായ പ്രതിഷേധക്കാര്‍ നിര്‍മലാ ദേവിയെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയും അവിടെയുണ്ടായിരുന്ന എസ് എസ് പി, സി ഐ എന്നിവരെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു. പോലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലേറ് ആരംഭിച്ചതോടെ പോലീസ് വെടിവെക്കുകയായിരുന്നു. പോലീസ് വെടിവെപ്പി ലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ ആറ് പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും രണ്ട് പോലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
2004 മുതല്‍ തന്നെ ഗ്രാമീണരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് എന്‍ ടി പി സി പ്രവര്‍ത്തിച്ചുവരുന്നത്. 2010ല്‍ ഈ മേഖലയിലെ കല്‍ക്കരി ഖനികള്‍ എന്‍ ടി പി സിക്ക് അനുവദിച്ചെങ്കിലും ഇതുവരെയായി അവിടെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. ബാര്‍ക്ഗാവില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റില്‍ ഇക്കഴിഞ്ഞ ജൂലൈ മുതല്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളുടെ വേലിയേറ്റമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ജെ വി എം പി നേതാവുമായ ബാബുലാല്‍ മറാന്‍ഡി, മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുബോധ് കാന്ത് സഹായ് തുടങ്ങിയവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
വിഷയം മുഖ്യമന്ത്രി രഘുബര്‍ ദാസ്, കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ, മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ യശ്വന്ത് സിന്‍ഹ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമീണരുടെ യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്തിരുന്നു.

---- facebook comment plugin here -----

Latest