Connect with us

Articles

പാക്കിസ്ഥാന് പിന്നില്‍ ആരൊക്കെയുണ്ട്?

Published

|

Last Updated

ഭയാനകമായ യുദ്ധോത്സുകതയുടെ പിടിയിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഉറി ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്കുള്ള ആക്രോശങ്ങളെ ദേശസ്‌നേഹപരമാക്കിയിരിക്കുന്നു. വൈകാരികമായ പ്രതികരണങ്ങളും ഐക്യദാര്‍ഢ്യങ്ങളും വീരാരാധനയും വാഴ്ത്തുകളും അന്തരീക്ഷത്തെ മുഖരിതമാക്കുന്നു. ഈ ശബ്ദ ഘോഷങ്ങള്‍ കാര്യകാരണങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള വിശകലനങ്ങളും വരുംവരായ്കകളെ കുറിച്ചുള്ള അന്വേഷണങ്ങളും അസാധ്യമാക്കുന്നുണ്ട്. യുദ്ധാവസ്ഥയില്‍ മനുഷ്യന്റെ സ്വതന്ത്ര ചിന്താ ശേഷിക്കും ആവിഷ്‌കാരത്തിനും എന്താണ് സംഭവിക്കുകയെന്നതിന്റെ കൃത്യമായ സൂചന കൂടിയാണ് ഇത്. ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു. നവംബറില്‍ നടക്കാനിരുന്ന സാര്‍ക്ക് സമ്മേളനം ഉപേക്ഷിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക, മാലെദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇത്. പാക്കിസ്ഥാനിലെ സിവിലിയന്‍ സര്‍ക്കാറിന്റെ ദൗര്‍ബല്യവും സൈന്യത്തിന്റെ നിഗൂഢബന്ധങ്ങളും മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെക്കുന്നുവെന്നും ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായി ആ രാജ്യം സമ്പൂര്‍ണമായി അധഃപതിച്ചുവെന്നുമുള്ള ഇന്ത്യന്‍ നിലപാടിനെ ഇവരെല്ലാം സര്‍വാത്മനാ പിന്തുണക്കുന്നു. അത് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കെല്ലാം ഇത്തരമൊരു നിലപാടെടുക്കാന്‍ സ്വന്തമായി കാരണങ്ങളുമുണ്ട്. ഉദാഹരണത്തിന് ബംഗ്ലാദേശിന് പാക്കിസ്ഥാനോടുള്ള ശത്രുതക്ക് അതിന്റെ പിറവിയോളം പഴക്കമുണ്ട്. 1971ലെ യുദ്ധക്കുറ്റങ്ങള്‍ക്കായി രൂപവത്കരിച്ച യുദ്ധട്രൈബ്യൂണല്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ ആ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ അക്രമാസക്ത പ്രക്ഷോഭം ജമാഅത്തുകാരുടെ മാത്രം സൃഷ്ടിയല്ലെന്ന് ശൈഖ് ഹസീന സര്‍ക്കാറിന് കൃത്യമായ ബോധ്യമുണ്ട്. കലാപത്തിന് എല്ലാ ഒത്താശയും വരുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് അവര്‍ വിലയിരുത്തുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഏറെക്കുറെ പൂര്‍ണമായി പിന്‍വാങ്ങിയ അമേരിക്ക പാക് മണ്ണില്‍ നിന്ന് കരുക്കള്‍ നീക്കുന്നുവെന്ന് കാബൂള്‍ കരുതുന്നു. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ തമ്പടിച്ച ഭീകരവാദികള്‍ക്ക് പാക് ചാര സംഘടനയുടെയും സൈന്യത്തിന്റെയും പിന്തുണയുണ്ടെന്ന് അഫ്ഗാന്‍ സര്‍ക്കാറിനറിയാം. ഇന്ത്യയില്‍ ഈ രാജ്യങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് പുറമേ ഈ പ്രതിഷേധങ്ങള്‍ കൂടിയാകുമ്പോള്‍ പാക്കിസ്ഥാന് പറഞ്ഞ് നില്‍ക്കാന്‍ സാധിക്കില്ലെന്നത് സ്വാഭാവികം മാത്രം.
സത്യത്തില്‍ സാര്‍ക്കിന്റെ പതനം ഇപ്പോള്‍ സംഭവിച്ച ഒന്നല്ല. ഇന്ത്യയും പാക്കിസ്ഥാനും ആഗോള ഭൗമ രാഷ്ട്രീയത്തില്‍ വിവിധ ചേരികളോട് അണി ചേര്‍ന്നപ്പോള്‍ തന്നെ ചേരി ചേരാ നയത്തിന്റെ ഉപോത്പന്നമായ സാര്‍ക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുമ്പോഴും സാര്‍ക്ക് ഉച്ചകോടികള്‍ നടന്നിട്ടില്ലേ എന്നാണ് ചോദ്യമെങ്കില്‍ അവയെല്ലാം നയതന്ത്രപരമായ അഭിനയങ്ങള്‍ മാത്രമായിരുന്നുവെന്ന് പറയേണ്ടി വരും. സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ വ്യാപര ഉടമ്പടികളൊന്നും നേരാം വണ്ണം പ്രവര്‍ത്തിക്കുന്നില്ല. ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ ചില ചര്‍ച്ചകളൊക്കെ നടക്കാറുണ്ടെന്നല്ലാതെ അടിസ്ഥാന പ്രശ്‌നങ്ങളെ സ്പര്‍ശിക്കുന്ന, പരിഹാരമുള്‍ക്കൊള്ളുന്ന ഒരു തീരുമാനവും ഈ കൂട്ടായ്മയില്‍ നിന്ന് ഉണ്ടായിട്ടില്ല. സത്യത്തില്‍ ഇന്ത്യാ- പാക് തര്‍ക്കത്തിന്റെ ഇരയാണ് സാര്‍ക്ക്. മറ്റൊരു വശം കൂടിയുണ്ട്. സാര്‍ക്ക് സമ്മേളനം ഉപേക്ഷിക്കുന്നത് പാക്കിസ്ഥാനെ വലിയ തോതില്‍ മുറിവേല്‍പ്പിക്കുന്നില്ല എന്നതാണ് അത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയല്ല പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കയും ചൈനയും റഷ്യയും എന്ത് നിലപാടെടുക്കുമെന്നതാണ് അവരുടെ പ്രശ്‌നം.
ഇന്നത്തെ നിലക്ക് ഇവര്‍ മൂന്ന് പേരും പാക്കിസ്ഥാനെ കൊയൊഴിഞ്ഞിട്ടില്ല. അമേരിക്ക പറഞ്ഞതെന്താണ്? “മേഖലാപരമായ സമാധാനത്തിന് ഇരു രാജ്യങ്ങളും സന്നദ്ധമാകണം”. പാക്കിസ്ഥാന്‍ ചെയ്യുന്നത് ന്യായക്കേടാണെന്ന് മേഖലയിലെ ഭൂരിപക്ഷം രാജ്യങ്ങളും വിശ്വസിക്കുമ്പോഴും അമേരിക്ക ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരു പോലെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. ഉറി ഭീകരാക്രമണത്തെ അപലപിച്ചുവെന്നത് നേരാണ്. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് അമേരിക്കയുടെ പിന്തുണ കിട്ടിയെന്ന് ഇന്ത്യന്‍ അധികാരികള്‍ അവകാശപ്പെട്ടത്. ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കൃത്യമായി വിരല്‍ ചൂണ്ടാന്‍ അമേരിക്ക തയ്യാറായിട്ടുണ്ടോ? ഒരിക്കലുമില്ല. സൈനികരുടെ മരണം അമേരിക്കയുടെ നിര്‍വചന പ്രകാരം ഭീകരാക്രമണമല്ല. ഈ കോലാഹലങ്ങള്‍ക്കിടയിലും പാക്കിസ്ഥാന് യു എസ് പുതിയ ആയുധങ്ങള്‍ നല്‍കുന്നുണ്ട്. സംയുക്ത സൈനിക പരിശീലനം നടത്തുന്നുമുണ്ട്. വംശഹത്യയുടെ പാപഭാരം പേറുന്ന നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ച അമേരിക്ക അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ വാഷിംഗ്ടണിലേക്ക് ആനയിച്ച് കൊണ്ടു പോകുന്നുണ്ടാകാം. യു എസ് കോണ്‍ഗ്രസില്‍ പ്രസംഗിപ്പിക്കുന്നുണ്ടാകാം. പ്രോട്ടോകോളുകളുടെ ചരിത്രം തിരുത്തിയെഴുതി അദ്ദേഹത്തെ സ്വീകരിക്കാന്‍ യു എസ് പ്രസിഡന്റ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വരുന്നുണ്ടാകാം. അതൊക്കെ അമേരിക്കയുടെ വാണിജ്യ താത്പര്യങ്ങളുടെ ഭാഗമാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണിയാണല്ലോ ഇന്ത്യ. ജനാധിപത്യത്തില്‍ ഇടര്‍ച്ച സംഭവിച്ചിട്ടില്ലാത്ത രാജ്യവുമായുള്ള ബന്ധത്തെ അലങ്കാരമായും പ്രതിച്ഛായാ നിര്‍മിതിയുടെ ഭാഗമായും അമേരിക്ക കാണുന്നു. കൊടും ചതിയുടെ ചരിത്രത്തെ ഹസ്തദാനത്തിന്റെയും ചിരിയുടെയും കെട്ടിപ്പിടിത്തത്തിന്റെയും ഊഷ്മള നിമിഷങ്ങള്‍ കൊണ്ട് മറച്ച് പിടിച്ച് ഇന്ത്യയെ നവ ഉദാരവത്കരണ സാമ്പത്തിക നയത്തില്‍ അടിയുറച്ച് നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണ് അമേരിക്കയുടെ സൗഹൃദം. സെപ്തംബര്‍ 19ന് ന്യൂയോര്‍ക്കില്‍ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം യു എസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ വായിക്കാം: “ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ഉഭയകക്ഷി പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും യു എസ്- പാക് തന്ത്രപര ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകാനുമാണ് കെറിയും ശരീഫും കൂടിക്കാഴ്ച നടത്തിയത്”. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയിലും പാക്കിസ്ഥാനുമായി യു എസ് എത്ര ആഴത്തിലുള്ള ബന്ധം സൂക്ഷിക്കുന്നുവെന്ന് പ്രസ്താവന വിളിച്ചു പറയുന്നു. പാക് രാഷ്ട്രത്തെയും രാഷ്ട്രരഹിത ശക്തികളെയും (നോണ്‍ സ്റ്റേറ്റ് ആക്‌ടേഴ്‌സ്) പ്രസ്താവന വേര്‍ തിരിക്കുന്നു. ഇത് ഇന്ത്യന്‍ നിലപാടിന് കടകവിരുദ്ധമാണല്ലോ. തീവ്രവാദത്തിനെതിരായ പാക്കിസ്ഥാന്റെ പ്രവര്‍ത്തനത്തെ പ്രസ്താവന പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ഇതില്‍ എവിടെയാണ് ഇന്ത്യ പറയുന്ന അമേരിക്കന്‍ നിലപാട് ഉള്ളത്? കശ്മീര്‍ വിഷയത്തില്‍ കെറിയും ശരീഫും സമാനമായ അഭിപ്രായം പങ്കുവെക്കുന്നുവെന്നതാണ് ഗൗരവതരമായ കാര്യം. സംയുക്ത പ്രസ്താവനയില്‍ പറയുന്നത് നോക്കൂ: കശ്മീരില്‍ ഈയിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് പേരും ശക്തമായ ആശങ്ക രേഖപ്പെടുത്തുന്നു- പ്രത്യേകിച്ച് ഉറി ആക്രമണത്തില്‍. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ട സമയമാണ് ഇത്. (എം കെ ഭദ്രകുമാര്‍- ദി ഏഷ്യന്‍ ടൈംസ്) ഇപ്പറഞ്ഞതില്‍ നിന്ന് ഒരു വരി അടര്‍ത്തി, “ഉറി ആക്രമണത്തെ യു എസ് അപലപിച്ചു” എന്ന് തലക്കെട്ട് കൊടുത്താല്‍ യാഥാര്‍ഥ്യം ഇല്ലാതാകുമോ? പാക് ജനറല്‍മാരെ കൈവിട്ട് ഒരു കളിക്കും അമേരിക്കയെ കിട്ടില്ല.
ഇനി റഷ്യയുടെ കാര്യമെടുക്കാം. കശ്മീരില്‍ ഇന്ത്യക്ക് പിഴച്ചുവെന്ന് തന്നെയാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്. മേഖലയിലെ നേതൃസ്ഥാനത്തിനായി കിണഞ്ഞു പരിശ്രമിക്കുന്ന ചൈനയുടെ എക്കാലത്തെയും പ്രധാന ശത്രു ഇന്ത്യയാണ്. പാക്കിസ്ഥാനേക്കാള്‍ അപകടകരവും ഗോപ്യവും അഗാധവുമായ ശത്രുതയാണ് അത്. ഏറ്റവുമൊടുവില്‍ കിഴക്കന്‍ ചൈനാ കടലിലെ ദ്വീപ് തര്‍ക്കത്തില്‍ ചൈനയുടെ എതിര്‍ പക്ഷത്താണ് ഇന്ത്യ. ജപ്പാനുമായി ഇന്ത്യ ഉണ്ടാക്കിയെടുത്ത സൗഹൃദത്തില്‍ ചൈനക്ക് എതിര്‍പ്പുണ്ട്. ശ്രീലങ്കയിലും മാലെ ദ്വീപിലും നേപ്പാളിലും അഫ്ഗാനിലുമൊക്കെ ചൈന പണം വാരിക്കോരിയെറിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സഹായഹസ്തം നീട്ടുന്നതും ഒന്നും കാണാതെയല്ല. ഇന്ത്യയുടെ പരമ്പരാഗത സ്വാധീനം തുടച്ചു നീക്കാന്‍ തന്നെയാണത്. അത്‌കൊണ്ട് പുതിയ സാഹചര്യത്തില്‍ മറ്റാരേക്കാളും ആത്മാര്‍ഥതയോടെ പാക്കിസ്ഥാനെ ചൈന പിന്തുണക്കും. പാക്കിസ്ഥാന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 63ശതമാനവും ഇപ്പോള്‍ ചൈനയില്‍ നിന്നാണ്. 2006-10 കാലയളവില്‍ ഇത് 38 ശതമാനമായിരുന്നു. അക്കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 36 ശതമാനവും. യു എസിന്റെ പങ്ക് ഇപ്പോള്‍ 19 ശതമാനമായി കുറഞ്ഞു. കുറവ് നികത്തുന്നത് ചൈനയാണെന്ന് ഇതില്‍ നിന്ന് വ്യക്തം. (സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്). 25,600 കോടി രൂപ മുതല്‍ 33,200 കോടി രൂപ വരെ ചെലവ് വരുന്ന എട്ട് ഡീസല്‍ -ഇലക്ട്രിക് മുങ്ങിക്കപ്പലുകള്‍ വാങ്ങാനുള്ള കരാറില്‍ ചൈനയും പാക്കിസ്ഥാനും കഴിഞ്ഞ മാസമാണ് ഒപ്പുവെച്ചത്. ആയുധ വില്‍പ്പനയില്‍ അമേരിക്കയെയും ഇസ്‌റാഈലിനെയും മറികടക്കാന്‍ ഒരുങ്ങുന്ന ചൈനക്ക് ലക്ഷണമൊത്ത കമ്പോളമാണ് പാക്കിസ്ഥാന്‍. അതിനാല്‍ ആ രാജ്യത്തിന്റെ എല്ലാ സാഹസങ്ങള്‍ക്കും ചൈനയുടെ കൂട്ടുണ്ടാകും. ഇതിന്റെ തുടര്‍ച്ചയാണ് റഷ്യയുടെ പിന്തുണ. മേഖലയിലെ റഷ്യന്‍ നയം രൂപപ്പെടുത്താനുള്ള ചുമതല ചൈനയെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയാറുളളത്. ചൈന രൂപപ്പെടുത്തുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് റഷ്യയുടെ പണി.
ഈ വസ്തുതകളുടെ വെളിച്ചത്തില്‍ ഒരു കാര്യം തീര്‍ത്ത് പറയാനാകും. പാക്കിസ്ഥാന് ഒരു ആശയക്കുഴപ്പവും ഇല്ല. ആ രാജ്യം ഒറ്റപ്പെട്ടിട്ടില്ല. പ്രഹര ശേഷി നഷ്ടപ്പെട്ടിട്ടുമില്ല. വന്‍ ശക്തികളുടെ പിന്തുണക്കടലാസും പോക്കറ്റിലിട്ടാണ് പാക് സൈന്യം നില്‍ക്കുന്നത്. ആ ആത്മവിശ്വാസം അവരെ ഏത് സാഹസത്തിനും പ്രാപ്തമാക്കും. പാക് മാധ്യമങ്ങളില്‍ ഇന്ത്യാ വിരുദ്ധവികാരം കത്തി നില്‍ക്കുകയാണ്. സ്വതവേ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് അവിടുത്തെ സൈന്യം വലിയ വില കല്‍പ്പിക്കാറില്ല. ഇപ്പോഴാണെങ്കില്‍ ചില എടുത്തുചാട്ടങ്ങള്‍ക്ക് സിവിലിയന്‍, സൈനിക നേതൃത്വങ്ങള്‍ ഏകാഭിപ്രായത്തിലാണ് താനും. ആ എടുത്തു ചാട്ടം ഏത് വിധത്തില്‍ വേണമെന്ന് അമേരിക്കയടക്കമുള്ള വിദേശബന്ധുക്കള്‍ തീരുമാനിക്കും.
സര്‍ജിക്കല്‍ ആക്രമണം വലിയ മനഃശാസ്ത്ര വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചിട്ടുള്ളത്. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാജ്യത്തെ ഒറ്റക്കെട്ടാക്കി മാറ്റാന്‍ അത് സഹായിച്ചു. ഉറി ഭീകരാക്രമണവും പഠാന്‍കോട്ട് ആക്രമണവും ഉണ്ടാക്കിയ അരക്ഷിതാവസ്ഥ മറികടക്കാന്‍ കഴിഞ്ഞു. തീര്‍ച്ചയായും ഭരണകക്ഷിക്ക് ഇത് വലിയ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കും. അപഹാസ്യനാക്കപ്പെട്ടിരുന്ന പ്രധാനമന്ത്രിയെ ഇന്ന് എല്ലാവരും വാഴ്ത്തുകയാണ്. യുദ്ധോത്സുകത തനത് സ്വഭാവമായ തീവ്രവലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘ്ഗ്രൂപ്പുകള്‍ക്ക് ഇത് ഉത്സവ കാലമാണ്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ക്ഷണിച്ചു വരുത്തിയത് അവര്‍ക്ക് ഒട്ടും ദഹിച്ചിരുന്നില്ല. ക്ലീന്‍ സ്ലേറ്റില്‍ നിന്ന് തുടങ്ങാനുള്ള മോദിയുടെ അഭിവാഞ്ജയുടെ പുറത്ത് അംഗീകരിച്ചു കൊടുക്കുകയാണ് ചെയ്തത്. ശരീഫിന്റെ അമ്മക്ക് മോദി ഷോള്‍ സമ്മാനിച്ചും തിരിച്ച് മോദിയുടെ അമ്മക്ക് ശരീഫ് സാരി സമ്മാനിച്ചും നടത്തിയ ഡിപ്ലോമാറ്റിക് ഹിപോക്രസിയും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സാരി- ഷോള്‍ നയതന്ത്രത്തിന് പിറകേ ശരീഫിന്റെ ജന്‍മദിനത്തില്‍ ക്ഷണിക്കാതെ ചെന്ന് ഷോ കാണിച്ചതിലും സംഘ് സംഘടനകള്‍ക്ക് കടുത്ത നീരസം ഉണ്ടായിരുന്നു. ബലൂചിസ്ഥാന്‍ വിഷയത്തിലേക്ക് എടുത്തു ചാടി മോദി നയതന്ത്രത്തിന്റെ റിവേഴ്‌സ് ഗിയറിട്ടപ്പോള്‍ തന്നെ പരിഭവം മെല്ലെ മാറിയതാണ്. ഉറിയാനന്തരം സിന്ധുവിലെ വെള്ളവും ഇഷ്ടരാഷ്ട്ര പദവിയും നയതന്ത്ര ആയുധമാക്കി വാജ്‌പേയിയടക്കം മുന്‍ നേതാക്കളെയാകെ തള്ളിപ്പറഞ്ഞപ്പോള്‍ മോദി കുറേക്കൂടി യോഗ്യനായി. ഇപ്പോള്‍ അതൃപ്തി അശേഷമില്ല. ഇനിയിപ്പോള്‍ സംഘ് രാഷ്ട്രീയത്തിന് ഒറ്റ തേട്ടമേയുള്ളൂ. ഇപ്പോഴത്തെ സാഹചര്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരെയും കുറേക്കൂടി മുന്നോട്ട് പോയി ലോക്‌സഭാ തിരഞ്ഞെടുപ്പു വരെയും നിലനിന്ന് കിട്ടണം. പശുവാദവും ദളിത് പീഡനവുമൊന്നും ആരുടെയും മനസ്സിലുണ്ടാകരുത്. കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ഗീര്‍വാണങ്ങളും അന്തരീക്ഷത്തില്‍ നിന്ന് മായണം. ജോലി, കൂലി, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ എല്ലാ ആധികളും മറന്ന് ജനങ്ങള്‍ പാക് വിരോധത്തില്‍ മാത്രം അഭിരമിക്കണം.
പക്ഷേ, മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യുദ്ധോത്സുകത തുടര്‍ന്ന് കൊണ്ടുപോകാന്‍ ആഗ്രഹിക്കില്ലെന്ന് തന്നെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയുടെ സാധ്യത തേടുന്നത് ദൗര്‍ബല്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. ഏത് നിലക്കും യുദ്ധം ഒഴിവാക്കാനാണ് ഭരണകൂടം ശ്രമിക്കുക. മുഴുവന്‍ ശ്രദ്ധയും പാക്കിസ്ഥാനിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി രൂക്ഷമാകുമെന്ന് നേതൃത്വം മനസ്സിലാക്കും. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ എന്നത് ഒരു മിഥ്യയായി മാറുകയാണെന്ന് സുരക്ഷാ വിദഗ്ധര്‍ തിരിച്ചറിയുന്നു. സംഭാഷണത്തിന്റെ സാധ്യതകള്‍ തീര്‍ത്തും അടയുകയാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥരും ആശങ്കയോടെ മനസ്സിലാക്കുന്നു. രാജ്യത്തിന്റെ ചരിത്രവും കീഴ്‌വഴക്കവും കരുതലോടെയുള്ള ചുവടുവെപ്പുകളാണ് ആവശ്യപ്പെടുന്നത്. പാക് സിവിലിയന്‍ നേതൃത്വത്തെയും സൈനിക നേതൃത്വത്തെയും വെവ്വേറെ എംഗേജ് ചെയ്യണമെന്ന് വാജ്‌പേയിയുടെ ബസ് യാത്രയും മോദിയുടെ ഷോള്‍- സാരി നയതന്ത്രവും ജന്‍മദിന നയതന്ത്രവും വ്യക്തമാക്കുന്നുണ്ട്. അബത്താബാദിലെ ഒളിത്താവളത്തില്‍ കടന്നു കയറി യു എസ് നേവി സീല്‍ കമാന്‍ഡോകള്‍ ഉസാമാ ബിന്‍ ലാദനെ വകവരുത്തിയത് പാക് സിവിലിയന്‍ നേതൃത്വം അറിഞ്ഞിരുന്നില്ലല്ലോ. എന്നാല്‍ ഐ എസ് ഐക്ക് അത് അറിയാമായിരുന്നു. അത്‌കൊണ്ട് പാക് സൈന്യത്തിന്റെ ഒരു ചരട് അമേരിക്കയിലാണ്. യു എസ് ഭരണകൂടത്തിലുള്ള മോദിയുടെ സ്വാധീനം ഉപയോഗിക്കേണ്ട സമയമാണ് ഇത്. ഇന്ത്യയും പാക്കിസ്ഥാനും എക്കാലത്തും കൊമ്പു കോര്‍ത്തു കൊണ്ടിരിക്കണമെന്ന ഭീകരവാദികളുടെയും സാമ്രാജ്യത്വത്തിന്റെയും ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കരുത്. നമ്മുടെ ധീര ജവാന്‍മാരോട് നമുക്ക് ഉത്തരവാദിത്വമുണ്ട്. ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാക്കുമെന്ന വാഗ്ദാനത്തോടും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest