Connect with us

Kerala

പി എസ് സി നിയമന തട്ടിപ്പ് കേസ്: കുറ്റപത്ര സമര്‍പ്പണം ഇനിയും വൈകും

Published

|

Last Updated

കല്‍പ്പറ്റ: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വ്യാജ അഡൈ്വസ് മെമ്മോ ഉപയോഗപ്പെടുത്തി വയനാട്ടില്‍ റവന്യൂ വകുപ്പില്‍ എട്ട് പേര്‍ക്ക് വില്ലേജ് അസിസ്റ്റന്റ്, എല്‍ ഡി ക്ലാര്‍ക്ക് തസ്തികകളില്‍ നിയമനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ കുറ്റപത്ര സമര്‍പ്പണം ഇനിയും വൈകും. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബോറട്ടിയില്‍ (എഫ് എസ് എല്‍) ഏല്‍പ്പിച്ച മുഴുവന്‍ സാമഗ്രികളുടെയും രേഖകളുടെയും പരിശോധനാഫലം ലഭിക്കാത്തതാണ് കുറ്റപത്രസമര്‍പ്പണത്തിനു തടസ്സം.
കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും പരിശോധനാഫലമാണ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിന് (എസ് ഐ യു) ഇതിനകം ലഭിച്ചത്. വ്യാജ നിയമനങ്ങള്‍ക്കായി നടത്തിയ എഴുത്തുകുത്തുകളടങ്ങിയ ഫയലുകളിലെ കൈപ്പടകള്‍ ഉള്‍പ്പെടെ രേഖകളുടെ പരിശോധന നടന്നിട്ടില്ല. ഈ രേഖകളുടെ പരിശോധനാഫലവും ലഭിക്കുന്ന മുറക്കേ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂവെന്ന് ഡി വൈ എസ് പി ആര്‍ ഡി അജിത്ത് പറഞ്ഞു. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിന് അനുസൃതമായാണ് കേസില്‍ കൂടുതല്‍ സാക്ഷികളെ ചേര്‍ത്ത് മൊഴിയെടുക്കേണ്ടത്.
വയനാട് കലക്ടറേറ്റില്‍ എ വണ്‍ സെക്ഷനില്‍ യുഡി ക്ലാര്‍ക്കായിരുന്ന നെടുമങ്ങാട് അമ്മന്‍കോവില്‍ ലതാഭവനില്‍ അഭിലാഷ് എസ് പിള്ളയുടെ നേതൃത്വത്തില്‍ 2010 മാര്‍ച്ചിനും ജൂലൈക്കുമിടയിലായിരുന്നു നിയമനത്തട്ടിപ്പ്.
കൊല്ലം പനച്ചിവിള അഞ്ചലില്‍നിന്ന് മുഖ്യമന്ത്രിക്കും പിന്നീട് റവന്യൂ അധികാരികള്‍ക്കും ലഭിച്ച പരാതിയില്‍ റവന്യൂ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 2010 ഡിസംബര്‍ ആദ്യവാരമാണ് തട്ടിപ്പ് വെളിച്ചം കണ്ടത്.
കൊല്ലം അഞ്ചല്‍ പനച്ചിവിള കമലവിലാസം എല്‍ കണ്ണന്‍, സഹോദരങ്ങളായ ശബരിനാഥന്‍, ജ്യോതി, തിരുവനന്തപുരം നെടുമങ്ങാട് ആനാട് കനക ക്വാര്‍ട്ടേഴ്‌സില്‍ സൂരജ് എസ് കൃഷ്ണ, കൊട്ടാരക്കര കോട്ടാത്തല പുത്തന്‍വീട് ഗോപകുമാര്‍, തിരുവനന്തപുരം നെടുമങ്ങാട് ആനാട് വി പി പ്രേംജിത്ത്, മലപ്പുറം അരിയല്ലൂര്‍ രാമകൃഷ്ണയില്‍ കെ പി വിമല്‍, മലപ്പുറം എടക്കര കറുത്തേടത്ത് കെ ബി ഷംസീറ എന്നിവരാണ് വ്യാജ പി എസ് സി അഡൈ്വസ് മെമ്മോയും വകുപ്പുതല നിയമന ഉത്തരവും തരപ്പെടുത്തി വയനാട്ടില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. റഗുലറൈസ് ചെയ്ത ഈ എട്ട് പേരുടെയും ജോയിനിംഗ് റിപ്പോര്‍ട്ടില്‍ ആവശ്യമായ പരിശോധന നടന്നില്ല. പോലീസ് വെരിഫിക്കേഷനും ഉണ്ടായില്ല.
23 പ്രതികളാണ് തട്ടിപ്പുകേസില്‍. അഭിലാഷിനും ജോലി നേടിയവര്‍ക്കും പുറമേ ഇടനിലക്കാരായ തിരുവനന്തപുരം നെടുമങ്ങാട് മധുപാല്‍, കൊല്ലം അഞ്ചല്‍ സ്വദേശികളായ അജിത്ത്, ചന്ദ്രചൂഢന്‍ പിള്ള, മലപ്പുറം എടക്കര ചെറുമല അബ്ദുര്‍റഹ്മാന്‍, മലപ്പുറം അരിയല്ലൂര്‍ കോട്ടാക്കളത്തില്‍ രവി, അഞ്ചല്‍ റിയാസ് മന്‍സിലില്‍ മുഹമ്മദ് ഫാറൂഖ്, നെടുമങ്ങാട് സ്വദേശി ജനാര്‍ദനന്‍പിള്ള, വിക്രമന്‍, കൊല്ലം അഞ്ചല്‍ സ്വദേശികളായ ഏറം ശശി, ദിലീപ്കുമാര്‍, ശബരിനാഥിന്റെയും സഹോദരങ്ങളുടെയും പിതാവ് കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍, ഷംസീറയുടെ ഭര്‍ത്താവ് മലപ്പുറം സ്വദേശി അഷ്‌റഫ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ തട്ടിപ്പ് പുറത്തുവന്നയുടന്‍ ഒളിവില്‍പോയ ഗോപകുമാറിനെ ബെംഗളൂരുവിനു സമീപം മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
തട്ടിപ്പ് നടക്കുമ്പോള്‍ ജില്ലാ കലക്ടറായിരുന്ന ടി ഭാസ്‌കരന്‍, എ ഡി എം, കെ വിജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ പ്രഭാവതി എന്നിവരും ഉള്‍പ്പെടുന്നതാണ് പ്രതിപ്പട്ടിക. ശരിയായ പരിശോധന നടത്താതെ വ്യാജ നിയമന ഫയലുകളില്‍ ഒപ്പിട്ടതാണ് ഇവര്‍ക്ക് വിനയായത്. എല്‍ ഡി ക്ലാര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ് നിയമനം ജില്ലാ കലക്ടറാണ് അംഗീകരിക്കേത്. കലക്ടര്‍ക്കുവേണ്ടി രേഖകള്‍ പരിശോധിച്ച് അംഗീകാരത്തിന് ഫയല്‍ അയക്കേണ്ടത് എ ഡി എമ്മാണ്. സെക്ഷന്‍ ക്ലാര്‍ക്ക് തയാറാക്കുന്ന ഫയല്‍ ഹുസൂര്‍ ശിരസ്തദാറാണ് പരിശോധിച്ച് തുടര്‍നടപടിക്കായി എ ഡി എമ്മിനു നല്‍കേണ്ടത്.
അഭിലാഷ് തയാറാക്കിയ ഫയലുകള്‍ മേലുദ്യോഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് തട്ടിപ്പിനു സഹായകമായത്. നിയമനത്തട്ടിപ്പില്‍ 2010 ഡിസംബറില്‍ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് മൂന്ന് വര്‍ഷം മുമ്പാണ് വിജിലന്‍സിനു കൈമാറിയത്.

Latest