Connect with us

National

രോഹിത് വെമുലയുടെ മാതാവ് ദളിതല്ലെന്ന് ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ മാതാവ് ദളിത് വിഭാഗക്കാരിയല്ലെന്ന് ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആനുകൂല്യങ്ങള്‍ നേടാന്‍ ദളിത് വിഭാഗക്കാരിയായതാണെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഏകാംഗ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.മുന്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയെയും വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം മന്ത്രാലയത്തിന് കൈമാറിയത്. രോഹിതിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി, കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയ എന്നിവരെ റിപ്പോര്‍ട്ട് കുറ്റവിമുക്തമാക്കുന്നു.
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമൂല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും വിദ്യാര്‍ഥിയുടെ ദളിത് പാരമ്പര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും, സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളും രോഹിതിന്റെ ആത്മഹത്യയും തമ്മില്‍ ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 41 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ രോഹിതിന്റെ മാതാവ് രാധികയുടെ യഥാര്‍ഥ മാതാപിതാക്കള്‍ മാല സമുദായക്കാരായരിന്നുവെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും രാധികയെ ദത്തെടുത്ത മാതാപിതാക്കള്‍ ഇങ്ങനെ പറഞ്ഞുവെന്ന അവകാവാദം അവിശ്വസനീയമാണെന്നും പറയുന്നു.
അതേസമയം, നേരത്തെ സ്മൃതി ഇറാനി നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസില്‍ ജാതി വിവേചനം നിലനില്‍ക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. അത് തള്ളിക്കൊണ്ടാണ് മന്ത്രാലയം അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ കെ രൂപന്‍വാലിനെ ഏകാംഗ ജുഡീഷ്യല്‍ കമീഷനായി നിയോഗിച്ചത്.രോഹിതിന്റെ ആത്മഹത്യക്ക് 11 ദിവസത്തിന് ശേഷം ജനുവരി 28നായിരുന്നു ഇത്. 50 പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 41 പേജുള്ള റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരില്‍ ഭൂരിഭാഗവും സര്‍വകലാശാലയിലെ അധ്യാപകരും ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ്. വെമുല ആക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് പേരുടെ മൊഴികള്‍ മാത്രമാണ് ജസ്റ്റിസ് രേഖപ്പെടുത്താന്‍ തയാറായത്. രോഹിത് വെമുലയുടെ മാതാവ് സംവരണമുള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കാന്‍ ദളിതയാണെന്ന് അവകാശപ്പെട്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പല വ്യക്തിപരമായ വിഷമങ്ങളും രോഹിതിനെ അലട്ടിയിരുന്നു. അതാണ് ആത്മഹത്യയക്ക് കാരണമെന്നും കമ്മീഷന്‍ പറയുന്നു.