Connect with us

Gulf

ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കരുത്: കോടിയേരി

Published

|

Last Updated

ദുബൈ: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പുനഃപരിശോധിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേഷന്‍, പൊതുമേഖലാ ബോര്‍ഡുകള്‍ എന്നിവയുടെ അധിപന്മാരെ നിയമിക്കുമ്പോള്‍ മാത്രമേ പൊതുവേ പാര്‍ട്ടിയും എല്‍ ഡി എഫും കൂടിയാലോചന നടത്താറുള്ളൂ. വകുപ്പുകളില്‍ നടക്കുന്ന നിയമനങ്ങള്‍ പാര്‍ട്ടി അറിയണമെന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും പേരുദോഷം വരുന്ന നിയമനങ്ങള്‍ പുനഃപരിശോധിക്കുക തന്നെ ചെയ്യും. പരിശോധന എന്ന് പറഞ്ഞാല്‍ അതിന് വലിയ അര്‍ഥമുണ്ട്. പാര്‍ട്ടിക്ക് നടപടി സ്വീകരിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ആക്ഷേപം ആരും ഉന്നയിച്ചില്ലെങ്കില്‍ പോലും പരിശോധന ഉണ്ടാകാറുണ്ട്. ബന്ധുവിനെ വകുപ്പില്‍ മന്ത്രി നിയമിക്കുന്നത് സ്വജനപക്ഷപാദം തന്നെയാണ്. വിവാദ നിയമനങ്ങള്‍ ഈ മാസം 14ന് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ഇതേ കുറിച്ച് അന്വേഷണം നടത്തും.
ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ തുനിയുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. അഭിപ്രായ സമന്വയത്തിലൂടെ വേണം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍. എല്ലാ മത വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്യണം. ഏതെങ്കിലും ഒരു മതത്തിന്റെ കോഡ് ഏകീകൃത സിവില്‍കോഡായി കൊണ്ടുവരാന്‍ പാടില്ല.
പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ യോജിച്ച നടപടി സ്വീകരിക്കണം. ഗള്‍ഫില്‍ പലര്‍ക്കും ജോലിസ്ഥിരതയെ കുറിച്ച് ആശങ്കയുണ്ട്. ധാരാളം പേര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. വിമാന ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണം. യു എ ഇയിലേക്ക് അമിത നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ഇടപെടണം. ജയിലില്‍ കിടക്കുന്ന ആളുകളില്‍ ശിക്ഷാകാലവധി കഴിഞ്ഞിട്ടുള്ളവരെ നാട്ടിലെത്തിക്കാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ നിയമ സഹായം നല്‍കണം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുന്നു. കേരളത്തിന് പ്രത്യേകമായി ഒരു ബേങ്ക് ആവശ്യമുണ്ട്. സഹകരണ ബേങ്കുകളെ ശാഖകളാക്കിയാണ് ഇത് സാധിക്കേണ്ടത്. ഇത് യാഥാര്‍ഥ്യമായാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം വരും.
കണ്ണൂര്‍ വിമാനത്താവളം ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ പഴയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം. വികസനത്തിനുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നാട്ടുകാര്‍ സഹകരിക്കണം. അതിവേഗ റെയില്‍വേ കോറിഡോര്‍ കേരളത്തിനനിവാര്യമാണ്. ഇതിനായി കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതിയാക്കി മാറ്റി അതിവേഗ റെയില്‍പാത സ്ഥാപിക്കണം. കാസര്‍കോടിനെ ഈ പാതയില്‍ ഉള്‍പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപ സമാഹരിക്കുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ഇതില്‍ ഗള്‍ഫ് മലയാളികളുടെ പങ്കാളിത്തം ഉണ്ടാകണം. കേരളപ്പിറവി ദിനത്തില്‍ പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. എല്ലാ വീടുകളിലും ശൗചാലയം എന്ന പദ്ധതിയുടെ പൂര്‍ത്തീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരു സെന്റ് പോലുമില്ലാത്ത ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഫഌറ്റ് സമുച്ചയങ്ങള്‍ താലൂക്കുകള്‍ തോറും തുടങ്ങുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

Latest