Connect with us

Articles

സ്വാശ്രയ കേരളം സുന്ദര കേരളമാണെടോ...

Published

|

Last Updated

കേട്ടോ, പിണറായി വിജയന്റെ ഭരണം നൂറു ദിവസം കഴിഞ്ഞു. വല്ലാതെ മോശമാക്കിയില്ലെടോ. ജയരാജന്റെ അനുശോചനവും നായകളുടെ കടിച്ചുകീറലും അസ്ഥാനത്തുള്ള വര്‍ത്തമാനവും മുഖത്ത് ഇത്തിരി ചെളിയാക്കിയെങ്കിലും ഓണത്തിന് എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുത്തു. അപ്പോള്‍ പഴയതൊക്കെ നാട്ടുകാര്‍ മറന്നു എന്നാണ്. തീര്‍ന്നില്ല, കണ്ണില്‍ കണ്ടവരെയെല്ലാം സ്ഥലം മാറ്റി. കണ്ണിലെ കരടായവരെ ദൂരത്താക്കി. കണ്ണായ സ്ഥാനങ്ങളില്‍ നമ്മുടെ ആള്‍ക്കാരെ നിയമിച്ചു. എല്ലാം ശരിയാക്കാനുള്ള പണിയാണെടോ.
പ്രതിപക്ഷമാണെങ്കില്‍ ഒരു പണിയുമില്ലാതെ നടക്കുകയായിരുന്നു. അതിലുള്ള ചിലരാകട്ടെ പ്രതികളാകാനും ആകാതിരിക്കാനുമുള്ള സാധ്യതാപട്ടികയില്‍. മാണി കളം മാറ്റിച്ചവിട്ടി. ക്ഷീണമായി. കോണ്‍ഗ്രസിലാണെങ്കില്‍ തെങ്ങോ മൂത്തത് തേങ്ങയോ മൂത്തത് എന്ന തര്‍ക്കവും. ഇതിനിടയില്‍ ഇരിക്കണോ, കിടക്കണോ എന്നറിയാതെ ലീഗ്. അങ്ങനെ തെക്ക് വടക്ക് നടക്കുമ്പോഴാണ് വടി വീണുകിട്ടിയതെടോ. സ്വാശ്രയം.
നിയമസഭ നടക്കുമ്പോള്‍ കിട്ടിയ ആയുധമാണ്. ഓണം കഴിഞ്ഞുള്ള ഓഫര്‍ എന്ന് പറയാം. സൂക്ഷിച്ച് ഉപയോഗിക്കണം. പിള്ളേര്‍ക്കും പണിയൊന്നുമില്ലായിരുന്നു. കെ എസ് യുവും യൂത്തന്‍മാരും ഇറങ്ങി. രാവിലെ കുളിച്ച് തൂവെള്ള കുപ്പായവുമിട്ടിറങ്ങുമ്പോള്‍ ട്രൗസറിന്റെ പോക്കറ്റില്‍ കറുത്ത കൊടിയും കാണും. കറുപ്പിന് ഏഴഴകെന്നാ പറയുന്നത്? പക്ഷേ നേതാവിന് കറുപ്പത്ര പിടിക്കില്ല. കരിങ്കൊടി കാട്ടിയ കാലമൊക്കെ മറന്നുകാണും. ഇപ്പോള്‍ തൂവെള്ളക്കാറിലല്ലെടോ? ഏത് നേതാവാ, ഇപ്പോള്‍ രാവിലെയിറങ്ങുമ്പോള്‍ മുടി മിനുക്കാത്തത്? ഗോദെറജ് കമ്പനി ഈ നേതാവിന്റെ ഐശ്വര്യം എന്നല്ലോ പ്രമാണം.
പണ്ട് എത്ര പപ്പായത്തണ്ടുകളാ പന്തം കൊളുത്താന്‍ ഉപയോഗിച്ചത്? അന്ന് പരിസ്ഥിതിവാദികള്‍ എണ്ണത്തില്‍ കുറവായത് നന്നായി. ഇല്ലേല്‍ കവിതയും ഉപവാസവും കേമമായേനെടോ. ഉപരോധം, മഷി കുടയല്‍, ചാപ്പകുത്ത് ഇങ്ങനെ എന്തെല്ലാമാണ് കേരളത്തിന് സംഭാവന ചെയ്തത്.
സ്വാശ്രയം കിട്ടിയപ്പോള്‍ യു ഡി എഫ് ഒന്നുഷാറായി. കോളജുകാര്‍ ഫീസ് കുറക്കുമെന്ന് പറഞ്ഞപ്പോഴേക്കും ജയം മണത്തതാ. കേരളത്തിലിതാ കുറേക്കാലത്തിലിടക്ക് സമരം വിജയിക്കുന്നു എന്നൊക്കെ കണക്കുകൂട്ടിയപ്പോഴാണ്… കാത്ത് സൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊത്തിക്കൊണ്ട് പോയി… അങ്ങനെ നിങ്ങള്‍ ജയിക്കണ്ടെടോ എന്നാണ്. നിയമസഭ നിര്‍ത്തിയപ്പോള്‍ നീരാഹാരവും നിര്‍ത്തി. ആശ്വാസമായി. കുറച്ച് കാലത്തേക്ക് കരിങ്കൊടിയെ പേടിക്കേണ്ടതില്ലെടോ. തീര്‍ന്നില്ല, ഇതാ കോഴിക്കോട് നിന്ന് വീണ്ടും കരിങ്കൊടി. തോന്നലാണോ? മുമ്പ് കൂത്തുപറമ്പില്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചതാ. സ്വാശ്രയം തന്നെ വിഷയം. കേട്ടാല്‍ കലി കയറും. അന്നത്തേത് ചോരയിലെഴുതിയ ചരിത്രം. ഇന്ന് സ്വാശ്രയഫീസ് കുറക്കാതെ കുട്ടികളെ കറന്നെടുക്കുന്നു. സ്വാശ്രയകേരളം ഇന്ന് സുന്ദരകേരളമാണെടോ!
നമ്മുടെ വി എസിനും പാര്‍ട്ടി പണി കൊടുത്തു. അങ്ങേര് ഇങ്ങനെ പാര്‍ട്ടിയില്‍ പണിയൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നല്ലോ. ചരിത്രം എഴുതാനാണ്. അത് പൂര്‍ത്തിയാകുന്ന കാലം വരെ പണിയായി. കാസ്‌ട്രോക്ക് മാത്രമല്ല, തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും നേതാക്കളുടെ മക്കള്‍ക്കും പണി കൊടുക്കുന്നുണ്ട്. തിരുകിക്കയറ്റുന്നു എന്നൊക്കെ പറയുന്നത് വെറുതെയാണെടോ. ആനത്തലവട്ടമാണ്. തിരുകിക്കയറ്റാന്‍ പറ്റുമോ? ഇവര്‍ക്കൊക്കെ ഇപ്പോഴല്ലാതെ എപ്പോഴാണ് പണി കൊടുക്കുക? ശ്രീമതിയുടെ മകനെ കയറ്റാന്‍ നോക്കിയതാണ്. ചെറുതായൊന്ന് പിഴച്ചു. മതി, മതി ശ്രീമതീ…നാട്ടുകാര്‍ പറഞ്ഞുതുടങ്ങി.
തന്റെ ബന്ധുക്കളെ എല്ലായിടത്തും കാണുമെന്നാണല്ലോ പറയുന്നത്. അങ്ങനെ എല്ലായിടത്തും നമ്മള്‍ മാത്രം. ബന്ധുക്കള്‍ മാത്രം. സ്വന്തക്കാര്‍ മാത്രം. ശരിക്കും സ്വാശ്രയം. ആരെയും ആശ്രയിക്കാതെ നമ്മളിങ്ങനെ അഞ്ചു കൊല്ലം ഭരിക്കും. കേട്ടെടോ…

---- facebook comment plugin here -----

Latest