Connect with us

National

കര്‍ണാടക: രണ്ട് വര്‍ഷത്തിനിടയില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചത് രണ്ടര ലക്ഷത്തിലേറെ കുട്ടികള്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ട് വര്‍ഷത്തിനിടെ സ്‌കൂള്‍ ജീവിതം ഉപേക്ഷിച്ചത് രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍. ഇന്ത്യാ ഗവേണ്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2011- 12, 2013- 14 വിദ്യാഭ്യാസ വര്‍ഷത്തിനിടയില്‍ ഇവിടെ സ്‌കൂള്‍ വിട്ടത് 2.91 ലക്ഷം കുട്ടികളാണ്. 2011- 12 കാലഘട്ടത്തിനിടയില്‍ ഒന്നാം ക്ലാസിനും അഞ്ചാം ക്ലാസിനും ഇടയില്‍ 30.33 ലക്ഷം കുട്ടികള്‍ പഠനം നേടിയപ്പോള്‍ മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയായി 28.21 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളിലെത്തിയത്. 2013-14ല്‍ സ്വകാര്യ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിനും അഞ്ചിനും ഇടയില്‍ 23.17 ലക്ഷം വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ രണ്ട് വര്‍ഷം കൊണ്ട് 6.9 ശതമാനം വിദ്യാര്‍ഥികള്‍ കുറഞ്ഞു. സ്വകാര്യ സ്‌കൂളുകളില്‍ 3.2 ശതമാനം വിദ്യാര്‍ഥികളുടെ കുറവുമുണ്ടായി. 113 നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ നിയോജക മണ്ഡലങ്ങളിലും 1000 വിദ്യാര്‍ഥികള്‍ വീതമാണ് കുറഞ്ഞിരിക്കുന്നത്.
സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ കുറയുന്ന കാര്യത്തില്‍ ഷോറാപൂരിലെ കലബുറഗിയാണ് മുന്നില്‍. 7,673 കുട്ടികള്‍ ഇവിടെ സ്‌കൂള്‍ വിട്ടപ്പോള്‍ തൊട്ടു പിന്നിലുള്ള ഹുബാലി ധര്‍വാദില്‍ 7.612 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തിലാണ് ഏറ്റവും അധികം കുട്ടികള്‍ സ്‌കൂള്‍ വിടുന്നത്. 1.39 ലക്ഷം പേരാണ് വിദ്യാലയം ഉപേക്ഷിച്ചത്. പ്രതികൂലമായ ജീവിത സാഹചര്യവും സാമ്പത്തിക പരാധീനതകളുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്. സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടുന്ന രക്ഷിതാക്കളുമുണ്ട്.
ബെംഗളൂരുവില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂവായിരം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കുട്ടികള്‍ കുറവായതിനാലാണ്. പത്ത് കുട്ടികളില്‍ കുറവുള്ള പ്രൈമറി സ്‌കൂളുകള്‍ പൂട്ടാനാണ് തീരുമാനം. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികള്‍ കുറയുന്ന സ്ഥിതിവിശേഷമാണ് ബെംഗളൂരുവില്‍ നിലനില്‍ക്കുന്നത്. ബെംഗളൂരുവിലെ പല സര്‍ക്കാര്‍ സ്‌കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ല. കുട്ടികളുടെ കുറവ് കാരണമാണ് അധ്യാപകരുടെ നിയമനം വൈകുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച് കുട്ടികള്‍ വരെയുള്ള 657 സ്‌കൂളുകളുണ്ട്. 2.310 സ്‌കൂളുകളില്‍ പത്ത് കുട്ടികള്‍ വരെയാണുള്ളത്. പത്ത് മുതല്‍ 20 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളുടെ എണ്ണം 9,893 ആണ്. 500ല്‍ കൂടുതല്‍ കുട്ടികളുള്ള 337 സര്‍ക്കാര്‍ സ്‌കൂളുകളാണുള്ളത്. സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്. പൂട്ടുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പകരം സ്‌കൂളുകള്‍ കണ്ടെത്തേണ്ടതായി വരും. മറ്റു ജീവനക്കാരുടെ കാര്യവും സര്‍ക്കാറിന് മുന്നിലെ വെല്ലുവിളിയാവും. പൂട്ടുന്ന സ്‌കൂളുകളിലെ കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. 44000 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളാണ് ഇവിടെയുള്ളത്.
പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സംസ്ഥാനത്തെ 791 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷാരംഭത്തില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. കുട്ടികളില്ലാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ മാണ്ഡ്യ ജില്ലയാണ് മുന്നില്‍. 191 സ്‌കൂളുകളാണ് ഇവിടെയുള്ളത്. രാംനഗര, ശിവമോഗ തുടങ്ങിയ ജില്ലകളാണ് തൊട്ടുപിന്നില്‍. കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ മൈസൂരുവില്‍ 98 സ്‌കൂളുകളാണ് അടുത്ത വര്‍ഷം അടച്ചുപൂട്ടുന്നത്.