Connect with us

Gulf

46 ശതമാനം ഖത്വരി വിദ്യാര്‍ഥികളും ഗവേഷണം നടത്തുന്നത് രാജ്യത്ത്‌

Published

|

Last Updated

ദോഹ: വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 46 ശതമാനം ഖത്വരി ഗവേഷകരും ഖത്വര്‍ യൂനിവേഴ്‌സിറ്റികളിലും കോളജുകളിലുമാണ് ഗവേഷണ പഠനം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹയര്‍ എജുക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ.ഖാലിദ് അല്‍ഹര്‍റ് അറിയിച്ചു. 35 ശതമാനം വിദ്യാര്‍ഥികള്‍ ബ്രിട്ടനിലെ സര്‍വകലാശാലകളിലും 13 ശതമാനം അമേരിക്കന്‍ സര്‍വകലാശാലകളിലും അഞ്ച് മുതല്‍ ആറ് വരെ ശതമാനം വിദ്യാര്‍ഥികള്‍ മറ്റ് വ്യത്യസ്ത രാജ്യങ്ങളിലെ സര്‍വകലാശാലകളിലുമാണ് ഗവേഷണം ചെയ്യുന്നത്. ഖത്വര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഈ മാസം 17 മുതല്‍ 19 വരെ നടക്കുന്ന ഏഴാമത് ഖത്വര്‍ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റീസ് ഫെയര്‍ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
539 വിദ്യാര്‍ഥികളുടെ ഗവേഷണ പഠനത്തിനാണ് ഈ വര്‍ഷം മന്ത്രാലയം അംഗീകാരം നല്‍കിയത്. 92 വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ നിരസിക്കുകയും 152 അപേക്ഷകള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട യൂനിവേഴ്‌സിറ്റി അധികൃതര്‍ക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഫെയറില്‍ 90 സര്‍വകലാശാലകള്‍ പങ്കെടുക്കും. അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയെന്നും വ്യത്യസ്ത കോഴ്‌സുകള്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തുന്നതിനാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഭരണ വികസന മന്ത്രാലയം, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂറോപ്യന്‍ എംബസികള്‍, വിദേശ ഗവേഷക സ്ഥാപനങ്ങള്‍ തുടങ്ങിയവ ഫെയറില്‍ പങ്കെടുക്കും.
അമേരിക്കയില്‍ നിന്നുള്ള 22 യൂനിവേഴ്‌സിറ്റികളും ബ്രിട്ടനിലെ 40 യൂനിവേഴ്‌സിറ്റികളും ഫെയറില്‍ പങ്കെടുക്കും. കാനഡ, ആസ്‌ത്രേലിയ, തുര്‍ക്കി, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളും ഫെയറിനെത്തും. കുവൈത്ത്, യു എ ഇ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളും ഇത്തവണ ആദ്യമായി ഫെയറിനെത്തുന്നുണ്ട്. ഖത്വര്‍ യൂനിവേഴ്‌സിറ്റി, ഹമദ് ബിന്‍ ഖലീഫ, സോഷ്യല്‍ കോളജ്, നോര്‍ത്ത് അറ്റ്‌ലാന്റിക് എന്നിവയും യൂനിവേഴ്‌സിറ്റീസ് ഫെയറിലുണ്ടാകും.
വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹയര്‍ എജുക്കേഷന്‍ അതോറിറ്റിക്കു കീഴിലെ ഗവേഷണ വിഭാഗം മേധാവി അലി അല്‍ബൂഐനൈനി, ഹനാന്‍ അല്‍സഅ്ദി, കമ്യൂനിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഉപമേധാവി ജാബിര്‍ അല്‍ ശാവി എന്നിവര്‍ പങ്കെടുത്തു.