Connect with us

Gulf

ലുസൈല്‍ ട്രാം എലവേറ്റര്‍ കരാര്‍ ഫിന്നിഷ് കമ്പനിക്ക്‌

Published

|

Last Updated

ദോഹ: ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് (എല്‍ ആര്‍ ടി) പദ്ധതിക്കുള്ള എലവേറ്റര്‍, എസ്‌കലേറ്ററുകള്‍, ഓട്ടോവാക്‌സ് എന്നിവക്ക് ഫിന്നിഷ് കമ്പനിയായ കോണിന് കരാര്‍ ലഭിച്ചു. മൊത്തം 139 എസ്‌കലേറ്റര്‍, എലവേറ്റര്‍, ഓട്ടോവാക്‌സ് എന്നിവയുടെ ഓര്‍ഡറാണ് കോണിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
49 എലവേറ്ററുകളും 82 എസ്‌കലേറ്ററുകളും എട്ട് തിരശ്ചീന ഓട്ടോവാക്കുകളുമാണ് കോണ്‍ വിതരണം ചെയ്യുക. സഊദി അറേബ്യയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കെട്ടിടമായ കിംഗ് ടവറിന് ലോകത്തെ ഏറ്റവും വേഗമേറിയ എലവേറ്ററുകള്‍ നല്‍കാനുള്ള കരാര്‍ കോണിനാണ് ലഭിച്ചത്. ദോഹയുടെ 15 കിലോമീറ്റര്‍ വടക്ക് നിര്‍മാണം പുരോഗമിക്കുന്ന പുതിയ നഗരമായ ലുസൈലിലാണ് ലൈറ്റ് റെയില്‍ നിര്‍മിക്കുന്നത്. മൊത്തം 38.5 കിലോമീറ്റര്‍ ദൂരമാണ് ട്രാം സര്‍വീസ്. പത്ത് കിലോമീറ്റര്‍ ട്രാക്ക് ഭൂമിക്കടിയിലൂടെയാണ്. ഭൂമിക്ക് മുകളില്‍ നാല് പ്രധാന ട്രാം പാതകളാണ് ഉണ്ടാകുക. 25 സ്റ്റേഷനുകളുണ്ടാകും. ഭൂമിക്കടിയില്‍ ഏഴ് സ്റ്റേഷനുകളുണ്ടാകും. ലുസൈലിലെ രണ്ടര ലക്ഷം താമസക്കാര്‍ക്ക് സുസ്ഥിര ഗതാഗത സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. ദിനംപ്രതി നാല്‍പ്പതിനായിരം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ദോഹ മെട്രോയുമായി ഈ റെയില്‍ ശൃംഖലയെ ബന്ധിപ്പിക്കുന്നുണ്ട്. 2018ല്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
അറ്റ്കിന്‍സ് ആണ് ലുസൈല്‍ ലൈറ്റ് റെയില്‍ പദ്ധതിയുടെ രൂപകല്പന തയ്യാറാക്കിയത്. ഖത്വരി ദയാര്‍ വിന്‍സി കണ്‍സ്ട്രക്ഷന്‍ ഗ്രാന്‍ഡ്‌സ് പ്രൊജക്ട് കമ്പനി (ക്യു ഡി വി സി)യാണ് നിര്‍മാണം. പ്രൊജക്ട് ഡെവലപ്‌മെന്റിന്റെ അവസാന ഘട്ടത്തിനുള്ള കരാര്‍ കഴിഞ്ഞ വര്‍ഷമാണ് ഒപ്പുവെച്ചത്. രൂപകല്പനയും ഖനന ഘട്ടങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്‍ ആര്‍ ടിയുടെ സാങ്കേതികവിദ്യ സേവനങ്ങള്‍ ഫ്രഞ്ച് മള്‍ട്ടിനാഷനല്‍ കമ്പനിയായ തെയില്‍സ് ആണ് നല്‍കുക. പൂര്‍ണമേല്‍നോട്ടം, ടെലികമ്യൂനിക്കേഷന്‍സ്, സുരക്ഷ, ഓട്ടോമാറ്റിക് നിരക്ക് ശേഖരണ സംവിധാനം തുടങ്ങിയവ തെയില്‍സ് നല്‍കും.

Latest