Connect with us

Qatar

തൊഴിലാളികള്‍ക്ക് മാത്രമായി മുവാസലാത്ത് ബസ് ഇറക്കുന്നു

Published

|

Last Updated

ദോഹ: തൊഴിലാളികള്‍ക്ക് വേണ്ടി വലിയ ബസുകള്‍ നിരത്തിലിറക്കാന്‍ മുവാസലാത്ത് പദ്ധതി. അറുപത് സീറ്റുകളുള്ള ബസുകളാണ് ഓടിക്കുക. എല്ലാ ബസുകളിലും എയര്‍കണ്ടീഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. നിരവധി പുതിയ സുരക്ഷാസൗകര്യങ്ങളും ക്രമീകരണങ്ങളുമുണ്ടാകും. സ്‌കൂള്‍ ബസുകളുടെ മാതൃകയില്‍ തൊഴിലാളികള്‍ക്കായുള്ള ബസുകള്‍ പൊതു, സ്വകാര്യകമ്പനികള്‍ക്ക് വാടകക്ക് നല്‍കും. പൊതുഗതാഗത്തിനായുള്ള ബസുകളും സ്‌കൂള്‍ ബസുകളും വിജയച്ചതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
രാജ്യത്തെ വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ നിന്നും തൊഴിലിടങ്ങളിലേക്കുള്ള ഗതാഗതത്തിനാണ് ഈ ബസുകള്‍ ഉപയോഗിക്കുക. ബസിന്റെ രൂപകല്പന അന്തിമഘട്ടത്തിലാണെന്ന് മുവാസലാത്ത് മാസ് ട്രാന്‍സിറ്റ് ഫ്‌ളീറ്റ് മാനേജര്‍ ഷിഹാബ് അല്‍ ഷിബൈഖ ഖത്വര്‍ ട്രിബ്യൂണിനോട്് പ്രതികരിച്ചു. രൂപകല്പന അന്തിമമായാല്‍ തുടരനുമതിക്കായി ഗതാഗത മന്ത്രാലയത്തിനും മറ്റു നിയന്ത്രണ അതോറിറ്റികള്‍ക്കും കൈമാറും. ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപകല്പനകള്‍ക്ക് അന്തിമാനുമതി ലഭിച്ചാലുടന്‍ ബസ് നിര്‍മാണകമ്പനികളുമായി ചര്‍ച്ച തുടങ്ങും. ടാറ്റാ മോട്ടോഴ്‌സും അശോക് ലെയ്‌ലാന്‍ഡും നിര്‍മിക്കുന്ന ബസുകളാണ് ഖത്വറിലെ ഒട്ടുമിക്ക പ്രാദേശിക കമ്പനികളും ഉപയോഗിക്കുന്നത്. സുരക്ഷിതവും ചെലവു കുറഞ്ഞതുമാണെന്നതിനാല്‍ അവരുടെ മാതൃകകളായിരിക്കും മുവാസലാത്ത് പിന്തുടരുകയെന്നും ഷിബൈഖ പറഞ്ഞു. രാജ്യത്ത് ബസുകളുടെ വര്‍ധിച്ച ആവശ്യം പരിഹരിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുവാസലാത്ത് ഗവണ്‍മെന്റ് റിലേഷന്‍സ് മാനേജര്‍ ഖാലിദ് ഹസന്‍ ഖഫൂദ് പറഞ്ഞു. തൊഴിലാളികലുടെ ഗതാഗതത്തിനായുള്ള ബസ് എന്ന പദ്ധതി മുവാസലാത്ത് അഞ്ച് വര്‍ഷം മുമ്പാണ് ആദ്യം ആലോചിച്ചത്. അന്ന് ആദ്യത്തെ ബസ് രൂപകല്പന അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി നടക്കാതെപോകുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും രാജ്യാന്തര മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് രണ്ടാമത്തെ രൂപകല്പനക്കുള്ള നടപടികള്‍ തുടങ്ങിയത്. രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണം കൂടുതലായി വര്‍ധിക്കുന്നതും പദ്ധതി നടപ്പാക്കാന്‍ മുവസലാത്തിനെ പ്രേരിപ്പിച്ചു. നിര്‍മാണകമ്പനികള്‍ക്കു ബസ് വാടകക്കെടുക്കാന്‍ വിശ്വാസയോഗ്യമായൊരു സാധ്യതകൂടിയാണ് മുവാസലാത്തിന്റെ പദ്ധതിയിലൂടെ ലഭിക്കുന്നത്.