Connect with us

Kerala

ബ്ലോക്കുകള്‍ ലയിച്ച നാളിലെ ഗൗരവമേറിയ ജലചര്‍ച്ച

Published

|

Last Updated

ബ്ലോക്കുകളെല്ലാം ഒന്നിച്ച ദിവസമായിരുന്നു ഇന്നലെ. റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി കെ എം മാണി അടിയന്തിരപ്രമേയം കൊണ്ടുവരുന്നു. ചിദംബരത്തെ വിമര്‍ശിച്ചിട്ടും മാണിയെ കോണ്‍ഗ്രസ് പിന്തുണക്കുന്നു. മാണിയുടെ അടിയന്തിരപ്രമേയത്തില്‍ രമേശ് ചെന്നിത്തല വാക്കൗട്ട് പ്രഖ്യാപിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി പിന്തുണക്കുന്നു. പി സി ജോര്‍ജ്ജ് നിരീക്ഷിച്ചത് പോലെ പ്രത്യേക ബ്ലോക്കും യു ഡി എഫ് ബ്ലോക്കും ലയിച്ച് ചേര്‍ന്ന ദിനം. അമ്പത് വര്‍ഷം മുമ്പ് മാണി നിയമസഭയില്‍ ആദ്യമായി സംസാരിച്ചത് റബര്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ്. ഇന്നലെ സംസാരിച്ചതും അതേകര്‍ഷകര്‍ക്ക് വേണ്ടി. റബര്‍ കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന കൊണ്ടാണ് വീണ്ടും വീണ്ടും ഇത് ഉന്നയിക്കേണ്ടി വരുന്നത്. കോണ്‍ഗ്രസില്‍ നിന്നും ഇടത് മുന്നണിയിലും രക്ഷയില്ല. കേന്ദ്രവും തിരിഞ്ഞ് നോക്കുന്നില്ല. ഇത്രയും കാലത്തിനിടെ മാണി എത്രതവണ മന്ത്രിയായെന്ന് ആരും ചോദിക്കരുതെന്ന് മാത്രം.
റബര്‍ സംഭരിച്ച വകയില്‍ പാലയിലെ ചില സഹകരണ സംഘങ്ങള്‍ തട്ടിയ കോടികളെക്കുറിച്ച് അന്വേഷിച്ചാല്‍ കര്‍ഷകരുടെ ദുരിതം കണ്ടെത്താമെന്ന് പി സി ജോര്‍ജ്ജ് അറിയിച്ചു.
ജലവിഭവം, ജലസേചനം, അന്തര്‍സംസ്ഥാന നദീജലം വിഷയങ്ങള്‍ ധനാഭ്യര്‍ഥനകളായി വന്നപ്പോള്‍ ചര്‍ച്ചക്കും ഗൗരവ സ്വഭാവമായിരുന്നു. കാരണം അടുത്ത യുദ്ധം ജലത്തിന് വേണ്ടിയാണെന്ന യാതാര്‍ഥ്യം നിയമസഭയും ഉള്‍ക്കൊണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വരള്‍ച്ചയുടെ ചൂട് നന്നായി അനുഭവിച്ചിട്ടുമുണ്ട്.
പ്രകൃതിപക്ഷ ജനപക്ഷ ജലപക്ഷ വികസനമാണ് കേരളത്തിന് വേണ്ടതെന്ന് മുല്ലക്കരരത്‌നാകരന്‍. മുങ്ങിക്കുളിയാണ് യതാര്‍ഥ കുളി, അങ്ങിനെ കുളിക്കാന്‍ ഇന്ന് കുളമില്ല. കുളിമുറിയിലെ കുളി നനച്ചെടുക്കലാണ്. ജലം സംരക്ഷിക്കുന്ന പ്രകൃതിയുടെ പാത്രമാണ് വയലുകള്‍. ആ വയലുകള്‍ യു ഡി എഫ് നശിപ്പിച്ചു. യു ഡി എഫ് മലിനജലമായത് കൊണ്ടാണിങ്ങിനെ സംഭവിച്ചത്. ശുദ്ധജലം പോലെയുള്ള എല്‍ ഡി എഫ് അധികാരത്തിലെത്തിയതിനാല്‍ ഇനി എല്ലാം ശരിയാകുമെന്നും മുല്ലക്കര ആശ്വസിച്ചു.
സൗമ്യനായ മന്ത്രി മാത്യു ടി തോമസിന്റെ മുഖത്ത് നോക്കുമ്പോള്‍ ധനാഭ്യര്‍ഥന എതിര്‍ക്കാന്‍ എന്‍ എ നെല്ലിക്കുന്നിന് തോന്നുന്നില്ല. ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് കാസര്‍കോഡ് കുടിവെള്ളം കിട്ടുന്നത്. ജാഥയും യാത്രയും തുടങ്ങുമ്പോള്‍ മാത്രമാണ് നേതാക്കള്‍ ഈ ജില്ലയെകുറിച്ച് ചിന്തിക്കുന്നത്. ഈ മനോഭാവം മാറിയില്ലെങ്കില്‍ അടുത്ത സമ്മേളനകാലത്ത് സത്യഗ്രഹവും നെല്ലിക്കുന്ന് പ്രഖ്യാപിച്ചു.
ഉത്തരേന്ത്യ പോലെ പാലക്കാടും കൊടുംചൂടാണെന്ന് കെ ഡി പ്രസേനന്‍. പുഴകളെല്ലാം ഇല്ലാതെയെന്ന് കെ കൃഷ്ണന്‍കുട്ടിയും. 20 വര്‍ഷമായി പുതിയ പദ്ധതിയില്ല. അന്തര്‍ സംസ്ഥാന നദീജല കരാര്‍ അനുസരിച്ച് കിട്ടേണ്ട വെള്ളം കിട്ടുന്നുമില്ല. ജലസാക്ഷരതയുടെ അനിവാര്യതയെക്കുറിച്ചാണ് വീണാജോര്‍ജ്ജ് സംസാരിച്ചത്.
പെരിയാറേ…പെരിയാറെ.. പര്‍വത നിരയുടെ പനിനീരെയെന്നെഴുതിയ കവിഹൃദയം ഇന്നത്തെ പെരിയാറിന്റെ അവസ്ഥകണ്ട് തേങ്ങുമെന്ന് എം മുകേഷ് നിരീക്ഷിച്ചു. ഭരണപക്ഷത്തിന്റെ പുകഴ്ത്തിപാട്ടില്‍ വീണ് പോകരുതെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉപദേശം. സ്വന്തം മണ്ഡലത്തിന് എന്തെങ്കിലും കിട്ടുമെന്ന് കണ്ട് പുകഴ്ത്തുന്ന ഹ്രസ്വചിന്താഗതിക്കാരെ കണ്ട് മടുത്തയാളാണ്. അതില്‍ വീണ് പോയാല്‍ല കേരളം പാതാളത്തോളം താഴുമെന്നും തിരുവഞ്ചൂര്‍ മാത്യു ടി യെ ഉപദേശിച്ചു.
മന്ത്രി സൗമ്യനാണെങ്കിലും നയത്തോടാണ് അന്‍വര്‍ സാദത്തിന് വിയോജിപ്പ്. ക്ഷമയാണ് യു ഡി എഫിന്റെ ഗമ. വടി തന്ന് അടിക്കാന്‍ പറഞ്ഞപ്പോഴാണ് ഈ ക്ഷമ വിട്ടത്. വടി തന്നിട്ടും അടിച്ചില്ലെങ്കിലും ജനം അടിക്കുമെന്ന പേടി കൊണ്ടാണ് ഇത് ചെയ്തതെന്നും അന്‍വര്‍ സാദാത്ത് വ്യക്തമാക്കി.
മന്ത്രിമാര്‍ക്ക് പണിയില്ലെങ്കിലും പാടത്തും വരമ്പത്തും കൂലി കൊടുക്കുന്നതിന് കുറവ് വരുത്തുന്നില്ലെന്ന് എം ഉമ്മര്‍ കുറ്റപ്പെടുത്തി. മൂന്ന് ജയരാജന്‍മാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്.

Latest