Books
നിങ്ങളുടെ കുഞ്ഞിനെ എങ്ങനെ മിടുമിടുക്കരാക്കാം
സ്വന്തം കുഞ്ഞിനെ കാത്തുകൊള്ളേണമെന്നും അവന്‍ അല്ലെങ്കില്‍ അവള്‍ നന്നായി പഠിക്കണമെന്നും നല്ല നിലയിലെത്തണമെന്നും നല്ല ജീവിതം കിട്ടണമെന്നും പ്രാര്‍ത്ഥിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാവില്ല. എന്നാല്‍ അതിനായി നമുക്ക് എന്തുചെയ്യാന്‍ പറ്റും? കുട്ടികളെ എങ്ങനെ വളര്‍ത്തണം?, എങ്ങനെ അവരുടെ കഴിവുകള്‍ വളര്‍ത്തണം?, ചീത്തസ്വഭാവങ്ങള്‍ മാറ്റി എങ്ങനെ നല്ല സ്വഭാവം വളര്‍ത്തിയെടുക്കണം?. അങ്ങനെ നിരവധി ചോദ്യങ്ങളാണ് രക്ഷകര്‍ത്താക്കള്‍ക്ക് മുന്നിലുള്ളത്. നല്ല രക്ഷിതാവും വിജയിക്കുന്ന രക്ഷിതാവുമാകാന്‍ ശാസ്ത്രീയമായ ധാരണകള്‍ കൂടിയേ തീരൂ. അതിന് സഹായിക്കുന്ന പുസ്തകമാണ് നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം.
ഓമനിക്കുകയും ആഹാരം കൊടുക്കുകയും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുകയും സ്‌ക്കൂളില്‍ ചേര്‍ക്കുകയുമൊക്കെ ചെയ്തതുകൊണ്ടുമാത്രം കുട്ടിയുടെ ശരിയായ വളര്‍ച്ച ഉറപ്പാകുന്നില്ല. കുട്ടികളെ മികച്ചവരാക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്യം നന്നാവണം. നമ്മുടെ പൊട്ടിത്തെറികളും കള്ളത്തരങ്ങളും മറ്റും കുട്ടികള്‍ അനുകരിക്കുമെന്ന ബോധം മാതാപിതാക്കള്‍ക്കുണ്ടാവണം. മാതാപിതാക്കളുടെ സത്യസന്ധത, സ്‌നേഹം, ധീരത, സഹാനുഭൂതി, ശാന്തമായ പെരുമാറ്റം, ശുഭാപ്തിവിശ്വാസം തുടങ്ങിയവയോക്കെ കുട്ടികള്‍ മനസ്സിലാക്കും. അവര്‍ അത് അനുകരിക്കും. പഠിക്കും. ഈയൊരു കാഴ്ചപ്പാടില്‍ കുട്ടികളുടെ മനസ്സ് തൊട്ടറിഞ്ഞ എഴുത്തുകാരനായ പ്രൊഫ. എസ്.ശിവദാസ് തയ്യാറാക്കിയ ഗ്രന്ഥമാണ് നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം.
നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം എന്ന പുസ്തകം ഗര്‍ഭകാലം മുതല്‍ കുട്ടിയുടെ ഓരോ വളര്‍ച്ചാപടവുകളെയും കുറിച്ച് ലളിതമായി അപഗ്രഥിക്കുന്നു. മൂല്യബോധനം, വ്യക്തിത്വവികസനം, ഭാഷാപഠനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, ശാസ്ത്രകൗതുകം, പഠനത്തില്‍ പോസിറ്റീവ് തിങ്കിങ്, ഫ്‌ലാഷ് കാര്‍ഡ് ടെക്‌നോളജി, പഠനവും പരീക്ഷയും, ടൈം മാനേജ്‌മെന്റ്, വായനാശീലം തുടങ്ങി കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശകമാകുന്ന വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പുസ്തകം എല്ലാ മാതാപിതാക്കള്‍ക്കുമുള്ള ഒരു പാഠ്യപദ്ധതിയാണ്.
ഡിസി ബുക്‌സ് ആണ് പ്രസാധകര്‍, 175 രൂപയാണ് വില.