Connect with us

Kerala

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സുവ്യക്തമായ നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സുവ്യക്തമായ നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡറിന് പ്രത്യേക പരിഗണന നല്‍കാന്‍ ഉതകുന്ന നിലയിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കു”മെന്ന് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയുടെ 50ആം പേജില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സുവ്യക്തമായ നിലപാടാണുള്ളത്. “ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡറിന് പ്രത്യേക പരിഗണന നല്‍കാന്‍ ഉതകുന്ന നിലയിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കു”മെന്ന് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയുടെ 50ആം പേജില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പെന്‍ഷനും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ക്കും ഈ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അവരുടെ ഉന്നമനത്തിനാവശ്യമായ പദ്ധതികള്‍ക്ക് വേണ്ടി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ജോലി സംവരണം ചെയ്തുകൊണ്ട് ലിംഗനീതിയുടെ ഒരു പുതിയ അധ്യായം തുറക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ മേഖലയടക്കം എല്ലാ തൊഴില്‍ മേഖലയിലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജാതിയുടെയോ, മതത്തിന്റെയോ, ലിംഗത്തിന്റെയോ പേരില്‍ വിവേചനങ്ങള്‍ പാടില്ലായെന്നു നമ്മുടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ട്രാന്‍സ്‌ജെന്‍ഡറാണ് എന്നതിന്റെ പേരില്‍ ഒരാള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നത് മൗലികാവകാശലംഘനമാണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ സമൂഹത്തില്‍ പലതരത്തിലുള്ള വിവേചനങ്ങളും അതിക്രമങ്ങളും അനുഭവിക്കുന്നുണ്ട്. അവരെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളാണ് ഇതിനു കാരണം. പരിഹസിക്കപ്പെടേണ്ടവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന തരത്തിലുള്ള കാഴ്ചപ്പാട് കേരളത്തെ പോലെ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ചേരുന്നതല്ല.

Latest