Connect with us

International

ഇസിലായാലും ഇറാഖായാലും ജനങ്ങള്‍ക്ക് ക്രൂര പീഡനം

Published

|

Last Updated

ആക്രമണത്തിനിരയായ കുട്ടികളിലൊരാള്‍

ആക്രമണത്തിനിരയായ കുട്ടികളിലൊരാള്‍

ബഗ്ദാദ്: ഇസിലായാലും ഇറാഖ് സേനയായാലും സാധരണക്കാരുടെ വിധി ഭീതിജനകം. ഇസില്‍ തീവ്രവാദികളെ തുരത്താനായി മൊസൂളില്‍ സൈനിക ആക്രമണം നടത്തുന്ന ഇറാഖ് സഖ്യ സേന സാധാരണക്കാരെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുട്ടികളോടടക്കം മനുഷ്യത്വരഹിതമായ സമീപനമാണ് ഇറാഖ് സേനയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇസില്‍ ബന്ധം ആരോപിച്ച് നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യം ഡെയ്‌ലി മെയിലാണ് പുറത്തുവിട്ടത്.
സൈനിക ആക്രമണത്തിനിടെ പിടികൂടിയ കുട്ടികളടക്കമുള്ള സാധാരണക്കാരെ ചുറ്റിക കൊണ്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ഇസിലിനോടുള്ള പ്രതികാരം ജനങ്ങളോട് തീര്‍ക്കുകയാണ് സൈന്യം.
എട്ട് വയസ്സുള്ള കുട്ടിയെ ചുറ്റിക കൊണ്ട് തല്ലുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. കുട്ടികളുടെ തലയിലും കാല്‍മുട്ടിലും സൈനികര്‍ ചുറ്റികകൊണ്ട് അടിക്കുന്നുണ്ട്. വേദന കൊണ്ട് നിലവിളിക്കുന്നതും അടിക്കരുതെന്ന് കുട്ടി കേണപേക്ഷിക്കുന്നതും വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്.
മിഡിലീസ്റ്റ് മോണിറ്ററിനെ ഉദ്ധരിച്ചാണ് ഡെയ്‌ലി മെയില്‍ വാര്‍ത്ത പുറത്തുവിട്ടത്. 15 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൊസൂളിലെ സൈനിക നടപടി കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആംനെസ്റ്റിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് അതിക്രമങ്ങളുടെ ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട് ആംനെസ്റ്റി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മൊസൂളിലെ ആക്രമണത്തിന് പിന്നാലെ പതിനായിരങ്ങളാണ് പലായനം ചെയ്തത്. അയല്‍ രാജ്യമായ സിറിയയിലേക്കാണ് പലരും പലായനം ചെയ്തത്. കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന സിറിയയിലേക്കുള്ള മൊസൂള്‍ ജനതയുടെ പലായനം പുതിയ പ്രതിസന്ധിക്ക് കാരണമായേക്കും. മൊസൂളില്‍ അഭയാര്‍ഥി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്ന് യു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, മൊസൂളില്‍ നിന്ന് ഇസില്‍ തീവ്രവാദികളെ തുരത്താനുള്ള സഖ്യസേനാ ഓപറേഷന്‍ വിജയത്തിലേക്കടുക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇസിലിന്റെ നിയന്ത്രണത്തിലൂള്ള അവസാന നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ്, യു എസ് സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തില്‍ കുര്‍ദുകളുടെയും പ്രാദേശിക സായുധ സംഘങ്ങളുടെയും പിന്തുണയുണ്ട്. മൊസൂളിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിന്ന് സൈന്യം സംഘടിതമായി നീങ്ങുന്നുണ്ട്. ഇവര്‍ക്ക് പിന്തുണയായി അമേരിക്കയുടെ വ്യോമ സേനയും രംഗത്തുണ്ട്.