Connect with us

Gulf

തീപിടുത്തം; അമീറ ബിന്‍ കറമും മാതാവും സഹോദരിയും മരിച്ചു

Published

|

Last Updated

ഷാര്‍ജ: ഖാദിസിയയില്‍ വില്ലയിലുണ്ടായ തീ പിടുത്തത്തില്‍ ഷാര്‍ജ ബിസിനസ് വിമന്‍സ് കൗണ്‍സില്‍ അധ്യക്ഷയും “നമ” വുമണ്‍ അഡ്വാന്‍സ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണുമായ അമീറ അബ്ദുറഹീം ബിന്‍ കറം (38), മാതാവ് ബദ്‌രിയ അബ്ദുര്‍റഹ്മാന്‍ (57), സഹോദരി സമ (40) എന്നിവര്‍ മരിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം.

വില്ലയില്‍ നിന്ന് കനത്ത തീയും പുകയും ഉയര്‍ന്നതായി പരിസരവാസികള്‍ പറഞ്ഞു. വീടിനകത്തെ കാര്‍പെറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നതായി അഗ്‌നിശമന സേനാ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി അല്‍ നഖ്ബി വ്യക്തമാക്കി. മജ്‌ലിസിലെ മുഴുവന്‍ സാമഗ്രികളും തീ പിടുത്തത്തില്‍ നശിച്ചു.

തീ പിടിക്കുമ്പോള്‍ അമീറയും മാതാവും സഹോദരിയും വില്ലയുടെ ഒന്നാം നിലയിലായിരുന്നു. കനത്ത പുക ശ്വസിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വദേശി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ വില്ലയിലാണ് തീപിടുത്തമെന്ന് അഗ്‌നിശമന സേന അറിയിച്ചു. അമീറയുടെ സഹോദരന്‍ ഖാലിദ് അടക്കം നാലു പേര്‍ രക്ഷപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഖാലിദിന്റെ നില ഗുരുതരമാണ്. തീ പിടുത്തമുണ്ടായ സമയം രണ്ട് െ്രെഡവര്‍മാരും ഒരു വേലക്കാരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തിയതായി അഗ്‌നിശമന സേന അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെയാണ് അഗ്‌നിശമന സേനക്ക് വിവരം ലഭിച്ചത്. പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. പരുക്കേറ്റവരെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീശാക്തീകരണത്തിന് വേണ്ടി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നി ശൈഖ ജവാഹിര്‍ ബിന്‍ത് അല്‍ ഖാസിമി രൂപം കൊടുത്ത പ്രസ്ഥാനമാണ് നമ. നിരവധി പുരസ്‌കാരങ്ങള്‍ അമീറക്ക് ലഭിച്ചിട്ടുണ്ട്. യു എ ഇയില്‍ ആദ്യമായി ടെലിവിഷനില്‍ അവതാരികയായി പ്രത്യക്ഷപ്പെട്ട സ്വദേശി വനിതയാണിവര്‍.

Latest