Connect with us

National

രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്: രാജ് താക്കറെക്കെതിരെ സൈന്യം

Published

|

Last Updated

മുംബൈ: പാക് നടന്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നടപടിയില്‍ എതിര്‍പ്പുമായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതിന് നിരാശയുണ്ടെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്ഷേമ ഫണ്ടിലേക്കുള്ള എല്ലാ സംഭാവനകളും സ്വയം സന്നദ്ധമായിട്ടായിരിക്കണം. പിടിച്ചുപറിയിലൂടെയുള്ള പണം അനുവദനീയമല്ല. സ്വയം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെ പണമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യം പൂര്‍ണ്ണമായും അരാഷ്ട്രീയമാണ്. ഈ രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിടുന്നത് തെറ്റാണ് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എല്ലാ സംഭാവനകളും പരിശോധിക്കാന്‍ സൈനിക തലത്തില്‍ വ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ടെന്നും ബലാല്‍ക്കാരത്തിലൂടെ നടത്തുന്ന സംഭാവന നിഷേധിക്കാന്‍ സാധിക്കുമെന്നും ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരിക്കലും ഈ നടപടിയെ പിന്തുണക്കുന്നില്ലെന്ന് മുന്‍ സൈനിക സെക്രട്ടറി ലഫ്.ജനറല്‍ സയ്യിദ് അത്ത ഹസ്‌നെന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ തന്റെ ശക്തമായ പ്രതിഷേധം മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ ട്വീറ്റിലൂടെ അറിയിച്ചു.

പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ചതിനാലാണ് “യേ ദില്‍ ഹേ മുശ്കിലി”ന്റെ പ്രദര്‍ശനം തടയുമെന്ന നവനിര്‍മാണ്‍ സേനയുടെ ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല തയ്യാറാക്കിയത്. പാക് താരങ്ങള്‍ അഭിനയിച്ച റയീസ്, ഡിയര്‍ സിന്ദഗി എന്നീ ഹിന്ദി ചിത്രങ്ങളുടെ റിലീസിനും അഞ്ചുകോടി രൂപ വീതം സൈനിക ക്ഷേമനിധിയില്‍ അടക്കണം, ഈ സിനിമകളില്‍ ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്ന സ്ലൈഡുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം, ഭാവിയില്‍ പാക് ആര്‍ടിസ്റ്റുകളെ ഉള്‍പ്പെടുത്തി സിനിമകള്‍ ചെയ്യാന്‍ പാടില്ല എന്നിവയായിരുന്നു നവനിര്‍മാണ്‍ സേനയുടെ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍.