Connect with us

Gulf

അറ്റുപോയ കൈഭാഗം മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തുന്നിചേര്‍ത്തു

Published

|

Last Updated

ദുബൈ: മൈക്രോ സര്‍ജറിയില്‍ നാഴികക്കല്ലായി റാശിദ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍. പാകിസ്ഥാനി തൊഴിലാളിയുടെ അറ്റുപോയ കൈഭാഗം തുന്നിച്ചേര്‍ത്തു.
ചുമലിന് അടിഭാഗം അറ്റുപോയ കൈഭാഗമാണ് മൈക്രോ സര്‍ജറിയുടെ സഹായത്തോടെ തുന്നിച്ചേര്‍ത്തതെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഈ മാസം ഒമ്പതിന് തൊഴിലിടത്തു വെച്ച് സംഭവിച്ച അപകടത്തെ തുടര്‍ന്ന് തൊഴിലാളിയുടെ കൈ അറ്റുപോകുകയായിരുന്നു. എന്നാല്‍ സമയോചിതമായ ചികിത്സാ നടപടികള്‍ മൂലം തൊഴിലാളിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. റാശിദ് ഹോസ്പിറ്റലിലെ വാസ്‌ക്കുലാര്‍, ഹാന്‍ഡ് സര്‍ജറി, ട്രോമാ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വിജയകരമായി തൊഴിലാളിയുടെ കൈഭാഗം തുന്നി ചേര്‍ത്തത്.
വലതു വശത്തെ കൈ അറ്റ് പോയ നിലയില്‍ തൊഴിലാളിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുകയായിരുന്നു. റാശിദ് ഹോസ്പിറ്റലിലെ വാസ്‌ക്കുലാര്‍ സര്‍ജറി മേധാവി ഡോ. ദീന അല്‍ ഖുദ്ര വ്യക്തമാക്കി.സീനിയര്‍ വാസ്‌ക്കുലാര്‍ സര്‍ജറി സ്‌പെഷ്യലിസ്‌റ് ഡോ. മസ്ഊദ് ശാഫിഈ, ഡോ മുഹമ്മദ് സദീഖ് എന്നിവര്‍ കയ്യിന്റെ രക്തധമനികള്‍ തുന്നിച്ചേര്‍ത്തു. ട്രോമ കണ്‍സള്‍ട്ടന്റ് ഡോ. ബിലാല്‍ അല്‍ യഫാവി എല്ലുകള്‍ കൂട്ടിയോജിപ്പിച് ഹാന്‍ഡ് സര്‍ജന്‍ ഡോ. ഖാലിദ് അല്‍ അവാദി കയ്യിന്റെ മറ്റു ഞരമ്പുകളും മാംസഭാഗവും തുന്നിച്ചേര്‍ത്തതോടെ തൊഴിലാളിയുടെ കൈ പൂര്‍വസ്ഥിതി പ്രാപിക്കുകയായിരുന്നു.
തൊഴിലാളിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഫിസിയോതെറാപ്പി ചികിത്സ തുടരുന്നുണ്ട്. പകര്‍ച്ച വ്യാധികളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പ് വരുത്താന്‍ നിരീക്ഷണത്തിലാണ്. തുന്നിച്ചേര്‍ത്ത കയ്യിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്കെത്താന്‍ ഒരുപാട് സമയം ആവശ്യമായുണ്ട്.
അതിനായി ഫിസിയോതെറാപ്പി ചികിത്സ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ തുടരണം, അറ്റു പോയ കയ്യ് തുന്നിച്ചേര്‍ത്തതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന രോഗിയുടെ മാനസിക നിലക്ക് കൂടുതല്‍ കരുത്തു പകരുന്നുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.