Connect with us

Kerala

ടോം ജോസിന് ക്ലീന്‍ചിറ്റ് നല്‍കിയ പഴയ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്ത അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടതിന് പിന്നില്‍ ഒരു വിഭാഗം ഐ എ എസ് ഉദ്യോഗസ്ഥരാണെന്നാണ് സൂചന.
മഹരാഷ്ട്രയിലെ ഭൂമിയിടപാടില്‍ അപാകതയില്ലെന്നും ചെലവഴിച്ച പണത്തിന്റെ കൃത്യമായ സ്രോതസ്സുകള്‍ വ്യക്തമാണെന്നും കാണിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞ വര്‍ഷം നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലില്‍ ടോം ജോസിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് പുതിയ കേസെടുത്ത് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ഒരു വര്‍ഷം പഴക്കമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഒരുകോടി 23 ലക്ഷം ബേങ്ക്‌വായ്പ എടുത്താണ് 2009ല്‍ മഹരാഷ്ട്രയില്‍ ടോം ജോസ് അമ്പതേക്കര്‍ ഭൂമി വാങ്ങിയത്. ഒരുവര്‍ഷത്തിനുള്ളില്‍ ഒരുകോടി 41 ലക്ഷമായി ഇതടച്ചുതീര്‍ത്തു. പ്രവാസി മലയാളിയായ ഡോ. അനിത ജോസാണ് ഈ തുക നല്‍കിയതെന്ന് ടോം ജോസ് വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിജിലന്‍സ് ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ടോം ജോസിന്റെയും അനിത ജോസിന്റെയും കുടുംബങ്ങള്‍ തമ്മില്‍ മൂന്ന് തലമുറയായി അടുപ്പക്കാരാണെന്നും ഇതിന്റെ പേരിലാണ് അത്യാവശ്യഘട്ടത്തില്‍ പണം നല്‍കി സഹായിച്ചതെന്നും ഇടപാടുകളെല്ലാം ബേങ്ക് മുഖേനയാണെന്നും സുതാര്യമാണെന്നും നളിനി നെറ്റോ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
യു എസില്‍ പ്രൊഫസറായ അനിത ജോസിന് ഇന്ത്യയില്‍ ബിസിനസൊന്നുമില്ല. 20 വര്‍ഷത്തിലേറെയായി ടോം ജോസാണ് നാട്ടിലെ അവരുടെ പവര്‍ ഓഫ് അറ്റോര്‍ണിയെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ടോം ജോസ് മഹരാഷ്ട്രയില്‍ വാങ്ങിയ ഭൂമിയെ സംബന്ധിച്ച വിവാദത്തിനും അടിസ്ഥാനമില്ലെന്നും നളിനി നെറ്റോയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വായ്പ നല്‍കിയ ബേങ്ക് തന്നെ ഭൂമിയുടെ വിവരങ്ങള്‍ അന്വേഷിച്ച് ഉറപ്പാക്കിയതാണ്. ഭൂമി വിറ്റയാളുടെ വിവരങ്ങള്‍ താന്‍ നേരിട്ട് പരിശോധിച്ചതാണ്. ഭൂമി റബര്‍കൃഷിക്ക് അനുയോജ്യമാണെന്ന് റബര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ടോം ജോസും അനിത ജോസും തമ്മിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടി രേഖകളുടെ പട്ടിക സഹിതമാണ് നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. പുതിയ പരാതിയെ തുടര്‍ന്ന ടോം ജോസിനെതിരെ ഇപ്പോള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഈ റിപ്പോര്‍ട്ടും വിജിലന്‍സ് ശേഖരിച്ചതായി വിവരമുണ്ട്.
ആദ്യ അന്വേഷണത്തില്‍ പരിഗണിച്ച മഹരാഷ്ട്ര ഭൂമിയിടപാടിന് പുറമെ മറ്റു ചില സാമ്പത്തിക ഇടപാടുകളും നിലവില്‍ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

Latest