Connect with us

Ongoing News

നാട്ടുകാര്‍ ഉത്സാഹിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് കസറും

Published

|

Last Updated

കൊച്ചി: ഹോം ഗ്രൗണ്ടും നാട്ടുകാരും കേരളബ്ലാസ്റ്റേഴ്‌സിന് എന്നും കരുത്തേകിയിട്ടുണ്ട്. മഞ്ഞക്കടലിരമ്പം സൃഷ്ടിക്കാന്‍ ആയിരങ്ങള്‍ കലൂരിലെ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്ന് കോച്ച് സ്റ്റീവ് കോപ്പലിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നത്. ഗോവയെ വീഴ്ത്തി ഈ ടീം മുന്നേറുമെന്ന്. പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലാണ് ഇന്നത്തെ മത്സരം .കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തും. എഫ്.സി ഗോവ എട്ടാം സ്ഥാനത്തും. സെമിബെര്‍ത് ഉറപ്പിക്കണമെങ്കില്‍ ഇരുടീമുകള്‍ക്കും ജയിച്ചേ മതിയാകൂ.
ഗോവയില്‍ നടന്ന ആദ്യപാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2-1നു ഗോവയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 5-1നു ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തുവിട്ട ചരിത്രവും ഗോവക്കാര്‍ക്ക് പറയാനുണ്ട്. ഇരുടീമുകളും ത്മില്‍ ഇതിനകം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ മൂന്നിലും എഫ്.സി.ഗോവയ്ക്കായിരുന്നു ജയം. ബ്ലാസ്‌റ്റേഴ്‌സ് രണ്ടെണ്ണത്തില്‍ ജയിച്ചു. ഇരുടീമുകളും തമ്മില്‍ ഇതുവരെ പോയിന്റ് പങ്കിട്ടിട്ടില്ല. ഇന്നും ഒരു വിജയിയെ പ്രതീക്ഷിക്കാം.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ഉത്തര അയര്‍ലണ്ടില്‍ നിന്നുള്ള മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസും, മുന്‍നിരയില്‍ ഹെയ്ത്തി ഇന്റര്‍നാഷണല്‍ ഡങ്കന്‍സ് നാസണും കളിക്കാനുണ്ടാകില്ല. ഇരുവരും സ്വന്തം രാജ്യങ്ങള്‍ക്കുവേണ്ടി യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ കളിക്കുന്ന തിരക്കിലാണ്.
ദോഹയില്‍ എ.എഫ്.സി കപ്പില്‍ കളിച്ചതിനുശേഷം സി.കെ.വിനീതും റിനോ ആന്റോയും മടങ്ങിയെത്തിയെങ്കിലും ഇരുവരും ഇന്നു കളിക്കാനിറങ്ങുകയില്ല.
മുംബൈയില്‍ തങ്ങുന്ന ഇവര്‍ 19നു മുംബൈ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ ആയിരിക്കും കളിക്കാനിറങ്ങുക. ഹോം ഗ്രൗണ്ടിലെ രണ്ടു മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ഈ നാല് സൂപ്പര്‍ താരങ്ങളും ഉണ്ടാകില്ല എന്ന് സാരം. നാല് കളിക്കാരുടെ അഭാവം മറ്റുതാരങ്ങള്‍ക്കു അവസരം ഒരുക്കും. ഈ ഘട്ടത്തില്‍ മികവ് കാണിക്കുയാണെങ്കില്‍ ഭാവിയില്‍ പ്രയോജനകരമായിരിക്കുകയും ചെയ്യുമെന്നാണ് സ്റ്റീവ കോപ്പല്‍ നല്‍കുന്ന വിശദീകരണം.
21 ദിവസത്തിനു ശേഷമാണ് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു അവസരം ലഭിക്കുന്നത്. മറ്റൊരു ടീമിനും തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍ കളിക്കേണ്ടി വന്നിട്ടില്ലെന്നും കോപ്പല്‍ സൂചിപ്പിച്ചു.
നീ്ണ്ട യാത്രകള്‍ക്കു പുറമെ പരിശീലനവും കാര്യമായി ലഭിച്ചിട്ടില്ല. മറ്റുവേദികളില്‍ പരിശീലന സൗകര്യം വേണ്ടവിധം ലഭിച്ചില്ലെന്നും അദ്ദേഹം പരാതി പറഞ്ഞു. നാല് മത്സരങ്ങള്‍ കളിച്ചതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ടീം തോറ്റത്. ഹോം ഗ്രൗണ്ടില്‍ മടങ്ങിയെത്തുവാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും സ്വന്തം ഗ്രൗണ്ടില്‍ , സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നത് കളിക്കാര്‍ക്കും ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ അടിക്കുന്നതില്‍ പിന്നോക്കം പോയെന്ന പരാതിയെ കോപ്പല്‍ തള്ളിക്കളഞ്ഞു. ഇത്തവണ മുന്നില്‍ നില്‍ക്കുന്ന ടീമിന് ഒന്‍പത് ഗോളുകള്‍ മാത്രമെ അടിക്കുവാനായിട്ടുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ ലീഗില്‍ കാര്യമായ മാറ്റം കാണുന്നു. വളരെയേറിയ കടുപ്പമേറിയാതായി മാറിയിരിക്കുന്നു. ആക്രമിക്കുമ്പോള്‍ 11 പേരും ചേര്‍ന്നു ആക്രമിക്കുന്നു. പ്രതിരോധിക്കുമ്പോള്‍ 11 പേരും ചേര്‍ന്നു പ്രതിരോധിക്കുന്നുവെന്നനിലയിലാണ് ഇപ്പോള്‍ എല്ലാ ടീമുകളും കളിക്കുന്നത്. കൂടതല്‍ ഗോള്‍ നേടിയാല്‍ കൂടുതല്‍ പോയിന്റ് നല്‍കില്ല. ജയം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിനു മുന്‍പ് ടീമിനു പരിശീലിക്കാന്‍ വേണ്ടി ഗ്രൗണ്ട് നല്‍കിയില്ലെന്ന ഗുരുതരമായ ആരോപണമാണ് . ഗോവയുടെ കോച്ച് സീക്കോയുടെ ഭാഗത്തു നിന്നുണ്ടായത്. പ്രീ മാച്ച് വാര്‍ത്താ സമ്മേളനത്തില്‍ സീക്കോ ടീമിന്റെ ഫ്രഞ്ചുകാരന്‍ ഡിഫെന്‍ഡര്‍ ഗ്രിഗറി അര്‍ണോളിനൊപ്പമാണ് എത്തിയത്.
ആദ്യ പാദത്തില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റുവെങ്കിലും നാളെ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത് പുതിയ ഗെയിം എന്ന നിലയില്‍ കണ്ടുകൊണ്ടായിരക്കുമെന്നും സീക്കോ പറഞ്ഞു.ഐ.എസ്.എല്‍ മത്സര ഷെഡ്യൂള്‍ ഒരുവര്‍ഷം നീളുന്ന വിധത്തില്‍ ആക്കണമെന്ന നിര്‍ദ്ദേശവും സീക്കോ മുന്നോട്ടുവെച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണകരമായി മാറണമെങ്കില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ദീര്‍ഘനാള്‍ വിദേശ കളിക്കാരുമായി ചേര്‍ന്നു കളിക്കാനുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം ഒരു സമനില, അഞ്ച് തോല്‍വി എന്ന നിലയില്‍ ഗോവ ഏഴ് പോയിന്റുമായി എട്ടാം സ്ഥാനത്തും എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മൂന്നു സമനില മൂന്നു തോല്‍വി എന്ന നിലയില്‍ ഒന്‍പത് പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടൊപ്പമെത്തും. ഗോവ ഇന്ന് ജയിച്ചാല്‍ അഞ്ചാം സ്ഥാനത്ത് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനൊപ്പവും എത്തും.

---- facebook comment plugin here -----

Latest