Connect with us

National

സിന്ധു നദീജലം പാക്കിസ്ഥാന് നല്‍കില്ല: മോദി

Published

|

Last Updated

ചണ്ഡീഗഡ്: സിന്ധുവിന്റെ പോഷക നദികളായ സത്‌ലജ്, ബ്യാസ്, രവി നദികളിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും ഇവയുടെ പാക്കിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കര്‍ഷകര്‍ക്ക് ഈ നദികളിലെ ജല ലഭ്യത ഉറപ്പാക്കും.സിന്ധു-നദീതട കരാര്‍ പ്രകാരം സത്‌ലജ്, ബ്യാസ്, രവി എന്നീ നദികളിലെ ജലം രാജ്യത്തിനും ഇവിടുത്തെ കര്‍ഷകര്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ ഇവ പാക്കിസ്ഥാന്‍ ഉപയോഗപ്പെടുത്താതെ അറബിക്കടലിലേക്ക് ഒഴുക്കുകയാണ്. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു മോദി. ഈ നദികളിലെ ഓരോ തുള്ളി വെള്ളവും രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി പ്രത്യേക ടാസ്‌ക്് ഫോഴ്‌സിനെ നിയമിക്കുമെന്നും മോദി പറഞ്ഞു. വിഷയത്തില്‍ മുന്‍ യു പി എ സര്‍ക്കാറിനെ കടന്നാക്രമിക്കാനും മോദി മറന്നില്ല. മുന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനിലേക്ക് ഈ ജലമൊഴുക്കുന്ന നടപടികളാണെടുത്തത്. എന്നാല്‍ കര്‍ഷകര്‍ വെള്ളമില്ലാതെ കഷ്ടപ്പെടുമ്പോള്‍ തന്റെ സര്‍ക്കാറിന് കണ്ണുംകെട്ടി ഇരിക്കാനാകില്ലെന്നും വെള്ളം ലഭിച്ചാല്‍ പഞ്ചാബിലെ കര്‍ഷകര്‍ മണ്ണില്‍ പൊന്ന് വിളയിപ്പിക്കുമെന്നും മോദി പറഞ്ഞു.

സിന്ധു നദീതട കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ കരാറില്‍ നിന്ന് പിന്നാക്കം പോകുന്നത് തടയണമെന്നും ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചാല്‍ ലോകരാജ്യങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും യു എന്നിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ മലീഹ ലോദി പറഞ്ഞിരുന്നു. 1960ല്‍ ലോക ബേങ്കിന്റെ ആഭിമുഖ്യത്തിലാണ് കരാര്‍ ഉണ്ടാക്കിയത്.