Connect with us

National

ഇനി പണം നിക്ഷേപിച്ചാല്‍ പിന്‍വലിക്കാന്‍ ഇളവ് ; സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക ബേങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബേങ്ക് ചെറിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ ഇളവിന്റെ ഗുണം നോട്ടുനിരോധം മൂലം വലഞ്ഞ സാധാരണക്കാര്‍ക്ക് ലഭിക്കില്ല. എന്നാല്‍ കച്ചവടക്കാര്‍, അക്കൗണ്ട് ത്രൂ ശമ്പളം എന്നിവര്‍ക്ക് ഇളവ് ചെറിയ ആശ്വാസമായേക്കും. ഇങ്ങനെ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബേങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

എന്നാല്‍ പുതിയ കറന്‍സി വാങ്ങിയവര്‍ അതു കൈയില്‍ സൂക്ഷിക്കുന്നത് തടയുന്നതിനും, ഇത് വിപണനം നടത്തുന്നത് വഴി വിപണിയില്‍ പുതിയ നോട്ട് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയാണ് ആണ് റിസര്‍വ് ബേങ്കിന്റെ പുതിയ നടപടിയെന്നാണ് വിശദീകരണം. നിലവിലെ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയിലെ കറന്‍സിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതാണെന്നാണ് റിസര്‍വ് ബേങ്ക് പറയുന്നത്. ഇതൊഴിവാക്കാനാണ് പുതിയ ഇളവെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്നലെ മുതല്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിയന്ത്രണം ഉണ്ടാവില്ലെന്നാണ് റിസര്‍വ് ബേങ്കിന്റെ വിശദീകരണം. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ ഇന്നലെ മുതലുള്ള നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുകളഞ്ഞിരിക്കുന്നത്. ബേങ്കില്‍ നിന്ന് സ്ലിപ് എഴുതി എപ്പോള്‍ വേണമെങ്കിലും ആവശ്യത്തിന് പണം എടുക്കാമെന്നാണ് റിസര്‍വ് ബേങ്കിന്റെ പുതിയ നിര്‍ദേശം. എന്നാല്‍ മുന്‍ നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്നും ആര്‍ ബി ഐ അറിയിച്ചു. നിലവില്‍ വിനിമയത്തിലുള്ള പുതിയ 2000, ചിലിയിടങ്ങളില്‍ മാത്രം ലഭ്യമായ 500, പഴയ 100, 50, 20, 10 രൂപകളുടെ നിക്ഷേപമാണ് പരിധിയില്ലാതെ പിന്‍വലിക്കാന്‍ റിസര്‍വ് ബേങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ബേങ്കുകളില്‍ നിന്നും, എ ടി എം വഴിയും പിന്‍വലിക്കുന്നതിന് നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ ആവശ്യത്തിനുള്ള പണം പോലും കൈയിലില്ലാത്തവര്‍ പുതിയ പണത്തില്‍ നിക്ഷേപം നടത്തല്‍ എങ്ങനെയെന്ന ചോദ്യം നിലനില്‍ക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം വരെ നിക്ഷേപിച്ച തുകയില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപ, ദിവസം 2,500 രൂപ എന്ന നിയന്ത്രണം തുടരും. എ ടി എം വഴി പണം എടുക്കുന്നതിന് ഇളവു ബാധകമല്ല.

Latest