Connect with us

Kerala

കേരളം നേരിടാന്‍ പോകുന്നത് കടുത്ത കുടിവെള്ളക്ഷാമവും വറുതിയും

Published

|

Last Updated

1. നീരൊഴുക്ക് നിലച്ച നിളയുടെ ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ഒരാഴ്ച്ച മുമ്പുള്ള ദൃശ്യം 2. അതേ സ്ഥലത്ത് നിന്ന് ഇന്നലെ പകര്‍ത്തിയ വറ്റി വരണ്ട പുഴ. ഒരാഴ്ച്ചയുടെ ഇടവേളക്കിടയില്‍ പകര്‍ത്തിയ  ഈ രണ്ട്  ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും വരള്‍ച്ചയുടെ വേഗം

1. നീരൊഴുക്ക് നിലച്ച നിളയുടെ ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ഒരാഴ്ച്ച മുമ്പുള്ള ദൃശ്യം 2. അതേ സ്ഥലത്ത് നിന്ന് ഇന്നലെ പകര്‍ത്തിയ വറ്റി വരണ്ട പുഴ. ഒരാഴ്ച്ചയുടെ ഇടവേളക്കിടയില്‍ പകര്‍ത്തിയ
ഈ രണ്ട് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും വരള്‍ച്ചയുടെ വേഗം

കൊല്ലം: നോട്ട് ക്ഷാമത്തിന്റെ പ്രതിസന്ധികള്‍ തീരുമ്പോഴേക്കും തൊട്ടടുത്ത മാസങ്ങളിലായി സംസ്ഥാനം നേരിടേണ്ടി വരിക കടുത്ത കുടിവെള്ള ക്ഷാമവും വറുതിയുമായിരിക്കുമെന്ന് വിദഗ്ധര്‍. 500ന്റെയും 1000ത്തിന്റെയും കറന്‍സികള്‍ പിന്‍ വലിച്ചതോടെ നീണ്ട ക്യൂകള്‍ രൂപപ്പെട്ടത് ബേങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുമ്പിലാണെങ്കില്‍ വേനലെത്തുന്നതോടെ ഇനി ജനം വരിനില്‍ക്കേണ്ടി വരിക പൊതു കിണറുകള്‍ക്കും കുടിവെള്ള ടാപ്പുകള്‍ക്കും മുന്നിലായിരിക്കും.

കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതിന് പുറമേ സൂര്യതാപം ക്രമാതീതമായി ഉയരുകയും ചെയ്തതോടെ കേരളത്തില്‍ പ്രവചനാതീതമായ തരത്തില്‍ വരള്‍ച്ചയുടെ വേഗമേറിയിരിക്കുകയാണ്. കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കാണ് കേരളം പോകുന്നതെന്നുള്ള മുന്നറിയിപ്പുമായി ഭൂഗര്‍ഭ ജലവിതാനവും, കിണറുകളിലെയും കുളങ്ങളിലെയും ഡാമുകളിലേയുമുള്‍പ്പെടെ ജലനിരപ്പ് കുത്തനെ താഴ്ന്ന് കൊണ്ടിരിക്കുന്നു. വേനലെത്താന്‍ മാസങ്ങളിനിയും അവശേഷിക്കെ പുഴകളും ജലാശയങ്ങളുമെല്ലാം വറ്റി വരളുന്ന കാഴ്ച്ചകളും വരാനിരിക്കുന്ന കൊടും വേനലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൃഷിക്കും കുടിവെള്ളത്തിനും അഞ്ച് ജില്ലകളുടെ പ്രധാന ആശ്രയമായ ഭാരതപ്പുഴ ഇതിനകം വറ്റി വരണ്ട് കഴിഞ്ഞു. നീരൊഴുക്ക് പൂര്‍ണമായി നിലച്ച നിളയില്‍ അങ്ങിങ്ങായി മാത്രമാണ് ജലം അവശേഷിക്കുന്നത്. വരണ്ടുണങ്ങുന്ന പുഴകളില്‍ താത്കാലിക തടയണകള്‍ നിര്‍മിച്ച് ജലം സംഭരിക്കാനുള്ള തന്ത്രപ്പാടിലാണ് തീരവാസികളും ഗ്രാമപഞ്ചായത്തുകളും. പുഴകളിലെയും കിണറുകളിലെയുമെല്ലാം ജലം കുത്തനെ കുറഞ്ഞ് വരുന്നത് പ്രകടമായി തന്നെ ദൃശ്യമായത് ജനങ്ങളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.
പലയിടത്തും കുടിവെള്ള ക്ഷാമം ഇതിനകം അനുഭവപ്പെട്ട് തുടങ്ങി. കുഴല്‍ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. മാര്‍ച്ച് മാസത്തില്‍ കാണാറുള്ളതിനേക്കാള്‍ വലിയ വരള്‍ച്ചാ കാഴ്ച്ചകളാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമില്‍ 42 ശതമാനം മാത്രമാണ് ജലം അവശേഷിക്കുന്നത്. മറ്റു ഡാമുകളുടെയും ജലസംഭരണികളുടെയും സ്ഥിതി സമാനമാണ്.

കാലവര്‍ഷത്തിലും, തുലാമഴയിലും വരെ മഴയുടെ അളവിലുണ്ടായ കുത്തനെ കുറവാണ് വരള്‍ച്ചയുടെ ആഴവും വേഗവും കൂട്ടിയിരിക്കുന്നത്. വേനല്‍ മഴ ലഭിക്കേണ്ട പ്രീ മണ്‍സൂണ്‍ കാലയളവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ 18 ശതമാനം മഴയാണ് കുറഞ്ഞതെങ്കില്‍ കാലവര്‍ഷത്തില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 64 ശതമാനവും മഴയാണ് കുറഞ്ഞത്. ഒക്ടോബര്‍ ഒന്ന് മുതല്‍ കഴിഞ്ഞ മാസം 30 വരെ 443.3 മില്ലീമീറ്റര്‍ മഴലഭിക്കേണ്ടിടത്ത് 163.1 മില്ലീമീറ്റര്‍ മാത്രമാണ് മഴ ലഭിച്ചിരിക്കുന്നത്. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളൊഴിച്ചാല്‍ മറ്റു ജില്ലകളിലെല്ലാം 50 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് മഴക്കുറവുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സൂര്യതാപവും ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്.

തമിഴ്‌നാട്ടിലുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തില്‍ നേരിയ മഴയും മഞ്ഞു വീഴ്ച്ചയും കേരളത്തിലങ്ങോളമിങ്ങോളമുണ്ടായെങ്കിലും ഇന്നലെ മുതല്‍ വീണ്ടും കനത്ത ചൂട് രേഖപ്പെടുത്തി തുടങ്ങി. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനനന്തപുരം, പാലക്കാട് എന്നി ജില്ലകളില്‍ ഇന്നലത്തെ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുകയാണ്.
നോട്ട് ക്ഷാമത്തോടെ വ്യാപാര, വ്യവസായ, കാര്‍ഷിക, നിര്‍മാണമേഖലകളിലെല്ലാം നേരിട്ടിരിക്കുന്ന മാന്ദ്യം കനത്ത വേനലെത്തുന്നതോടുകൂടി രൂക്ഷമാകുമെന്നുമെന്നുള്ള സൂചനകളാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്. കൂലിപ്പണിക്കാരുള്‍പ്പെടെയുയുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വരള്‍ച്ചയിലുണ്ടാകുന്ന വന്‍ കൃഷിനാശം കൂടി എത്തുന്നതോടെ സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതം ദുസ്സഹമാകുമെന്നും വിവിധ തലങ്ങളില്‍ നടന്ന് വരുന്ന വരള്‍ച്ചാ മുന്നൊരുക്ക യോഗങ്ങളില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ക്ഷാമം രൂക്ഷമാകും.

സമ്പത് വ്യവസ്ഥ തകിടം മറിയുകയും പകര്‍ച്ചാവ്യാധികള്‍ പടര്‍ന്ന് പിടിക്കുകയും ചെയ്യും. ഇപ്പോള്‍ നടക്കുന്ന വേനല്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കൊന്നും വരുതിയിലാക്കാന്‍ കഴിയാത്ത വറുതിയാകും സംസ്ഥാനം ഇതോടെ അഭിമുഖീകരിക്കേണ്ടി വരികയെന്നുള്ള സൂചനകളാണ് ഇതിനകം പ്രകടമായിക്കൊണ്ടിരിക്കുന്നത്.