Connect with us

Gulf

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനുള്ള സമ്മേളനം സമാപിച്ചു

Published

|

Last Updated

അബുദാബിയില്‍ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ യുനെസ്‌കോയുടെ  ആഭിമുഖ്യത്തില്‍  നടന്ന ഭരണാധികാരികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍

അബുദാബിയില്‍ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍
നടന്ന ഭരണാധികാരികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍

അബുദാബി: സംഘര്‍ഷ മേഖലകളില്‍ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അബുദാബിയില്‍ യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ നടന്ന രാജ്യാന്തര സമ്മേളനം സമാപിച്ചു. യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ തകര്‍ക്കപ്പെട്ട ചരിത്ര സ്മാരകങ്ങള്‍ പുനര്‍നിര്‍മിച്ച് സംരക്ഷിക്കാന്‍ യു എ ഇയുടെ നേതൃത്വത്തില്‍ 10 കോടി ഡോളറിന്റെ പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സിറിയ, ഇറാഖ്, മാലി തുടങ്ങിയ രാജ്യങ്ങളില്‍ നശിപ്പിക്കപ്പെട്ട പൈതൃക ഭൂമികള്‍ തിരിച്ചുപിടിക്കാനാണ് ഈ പദ്ധതി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ ഒലാന്‍ദെ എന്നിവരുടെ രക്ഷകര്‍തൃത്വത്തില്‍ യുനെസ്‌കോ സംഘടിപ്പിച്ച അന്താരാഷ്ട്ര സാംസ്‌കാരിക പൈതൃക സമ്മേളനത്തില്‍ അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറകാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിച്ച് നിലനിര്‍ത്തി നഗരവത്കരണവും വികസന പദ്ധതികളും മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് യു എ ഇ അവലംബിക്കുന്നത്. സ്മാരകങ്ങള്‍ സംരക്ഷിക്കുന്നത് വരും തലമുറക്കായുള്ള കരുതിവെപ്പാണ്.

സഹിഷ്ണുതയിലൂന്നിയ പൈതൃകമൂല്യങ്ങളുടെ ചരിത്രപരമായ കാല്‍വെപ്പാണ് സിറിയയിലെയും ഇറാഖിലെയും സ്മാരകങ്ങള്‍ സംരക്ഷിക്കാനുള്ള ഉദ്യമം. പൈതൃകങ്ങളെയും മൂല്യങ്ങളെയും കാത്തുസൂക്ഷിക്കുന്നതില്‍ യു എ ഇ പുലര്‍ത്തുന്ന നിഷ്‌കര്‍ഷത ലോകത്തിന് മാതൃകയാണെന്ന് ഇന്‍സിറ്റിറ്റിയൂട്ട് ഡു മൊണ്ടേ അറബ് അധ്യക്ഷന്‍ ലാംഗ് പറഞ്ഞു. സഹിഷ്ണുതയും പൈതൃകവുമില്ലെങ്കില്‍ സമൂഹങ്ങളും ഇല്ലാതാകുമെന്നും അവയെ സംരക്ഷിക്കാനുള്ള യു എ ഇ, ഫ്രഞ്ച് രാഷ്ട്ര തലവന്‍മാരുടെ പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബോകോവ പറഞ്ഞു.

പഴയകാലങ്ങളിലെ നിര്‍മിതികളും അറിവിന്റെ കേന്ദ്രങ്ങളും നശിപ്പിക്കുന്നത് ഇസ്‌ലാമിക അധ്യപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യുനെസ്‌കോ ലോക പൈതൃക കേന്ദ്രം മുന്‍ മേധാവി ഡോ. മുനീര്‍ ബുഷ്‌നാകി പറഞ്ഞു. ഇതു സംബന്ധിച്ച് പ്രമുഖ ഇസ്‌ലാമിക നിയമ വിദഗ്ധര്‍ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇറാഖിലും ലിബിയയിലും സിറിയയിലും യമനിലും കുഴപ്പങ്ങള്‍ അഴിച്ചുവിടുന്ന അക്രമികള്‍ ഇസ്‌ലാമിക അധ്യാപനത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest