Connect with us

Kerala

വിവേചനമരുത്; ഭിന്നശേഷിക്കാരും പഠിക്കട്ടെ സാധാരണ വിദ്യാര്‍ഥികള്‍ക്കൊപ്പം

Published

|

Last Updated

തൃശൂര്‍: വിദ്യാഭ്യാസ പ്രക്രിയയില്‍ ഭിന്നശേഷിക്കാരായ കുട്ടികളോട് പുലര്‍ത്തുന്ന വിവേചനപൂര്‍ണമായ സമീപനം അവരുടെ വ്യക്തിത്വ രൂപവത്കരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ്. സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് ഭിന്നശേഷിക്കാരെ പഠിപ്പിക്കേണ്ടതെന്ന തെറ്റായ മനോഭാവമാണ് രക്ഷിതാക്കളില്‍ ഭൂരിഭാഗവും സമൂഹം പൊതുവെയും വച്ചുപുലര്‍ത്തുന്നത്. പൊതു വിദ്യാലയങ്ങളില്‍ സാധാരണ കുട്ടികള്‍ക്കൊപ്പമിരുത്തി പഠിപ്പിക്കുന്ന സങ്കലിത വിദ്യാഭ്യാസ പദ്ധതി സജീവമാക്കിയാല്‍ മാത്രമേ ബുദ്ധിപരവും മറ്റുമായ വൈകല്യങ്ങളുള്ളവരുടെ മാനസികവും ശാരീരികവുമായ ക്രിയാത്മക വളര്‍ച്ച സാധ്യമാകൂവെന്ന ശാസ്ത്രീയ വിലയിരുത്തലാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്.

സാധാരണ കുട്ടികള്‍ക്കൊപ്പം പഠിക്കുന്ന ഭിന്നശേഷിക്കാര്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ മുന്നോട്ട് വച്ച് പരിശീലകരായ അധ്യാപകര്‍ ഇത് സമര്‍ഥിക്കുന്നു. വിവേചനരഹിതമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ഒഴിവാക്കാനുമുള്ള നടപടികളുണ്ടാവണമെന്ന ശക്തമായ നിലപാടാണ് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

വസ്തുക്കള്‍ ഉപയോഗിച്ചുള്ള അനുരൂപീകരണ പ്രക്രിയ (അഡാപ്‌റ്റേഷന്‍) യിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്കും പഠന വൈകല്യമുള്ളവര്‍ക്കും അറിവുകള്‍ പകര്‍ന്നു നല്‍കുന്നത്. പ്രത്യേക പരിശീലനം നേടിയ റിസോഴ്‌സ് അധ്യാപകരെയാണ് പൊതു വിദ്യാലയങ്ങളില്‍ ഇതിന് നിയോഗിക്കുന്നത്. ക്ലാസില്‍ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകനുമായി സഹകരിച്ച് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആക്ടിവിറ്റി ലേണിംഗ് പരിപാടികളിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. കുട്ടിയുടെ ഭൗതികവും മാനസികവും ശാരീരികവും വിദ്യാഭ്യാസപരവുമായ വ്യക്തിത്വ വികസനത്തിന് ഉപയുക്തമായ ഘടകങ്ങളെല്ലാം ഇതില്‍ ഉള്ളടങ്ങിയിരിക്കും. വൈകല്യങ്ങളെ മറികടന്ന് കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള സാങ്കേതിക പരിശീലനവും ബോധവത്കരണവും നിശ്ചിത ഇടവേളകളില്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ക്കും നല്‍കും. ഭാവിയില്‍ ജോലി നേടാന്‍ ഭിന്നശേഷിക്കാരെ സഹായിക്കുന്ന വൊക്കേഷണല്‍ ട്രെയിനിംഗും ഇതിന്റെ ഭാഗമാണ്.

കലോത്സവങ്ങളിലും സാധാരണ വിദ്യാര്‍ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരമൊരുക്കണമെന്ന് ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന ഇന്‍ക്ലുസീവ് എജ്യുക്കേഷന്‍ ഫോര്‍ ഡിഫറന്റ്‌ലി എബ്ള്‍ഡ് അറ്റ് സെക്കന്‍ഡറി സ്‌കൂള്‍ (ഐ ഇ ഡി എസ് എസ്) റിസോഴ്‌സ് അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. ബുദ്ധിപരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ പോലും പൊതു കലോത്സവത്തിന്റെ ഭാഗമായിത്തന്നെ പ്രത്യേക വേദിയൊരുക്കി അവരുടെ കലാഭിരുചികള്‍ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കണം. ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്തമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എന്ന പ്രയോഗവും കടുത്ത വിവേചനത്തെയാണ് കാണിക്കുന്നത്.
രാജ്യത്ത് 1974ലാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായിത്തന്നെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി ആരംഭിച്ചത്. 1999-2000 കാലഘട്ടത്തില്‍ കേരളത്തിലും ഇതിന് തുടക്കമിട്ടു. അഞ്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് അനുപാതം. കേന്ദ്ര സര്‍ക്കാറാണ് പദ്ധതിക്കുള്ള ഫണ്ട് നല്‍കുന്നത്. നടപ്പിലാക്കേണ്ടതും അധ്യാപകരെ നിയമിക്കേണ്ടതും പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കേണ്ടതുമെല്ലാം സംസ്ഥാന സര്‍ക്കാറാണ്. 703 റിസോഴ്‌സ് അധ്യാപകരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സ്ഥിരനിയമനം ലഭിച്ചിട്ടില്ലെന്നത് ഈ രംഗത്തെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നു. പത്ത് വര്‍ഷം പൂര്‍ത്തിയാക്കായവരെ മൂന്ന് മാസത്തിനുള്ളില്‍ സ്ഥിരപ്പെടുത്താന്‍ 2017 ജനുവരി 22ന് പ്രാബല്യത്തില്‍ വരത്തക്ക വിധം നടപടിയുണ്ടാകണമെന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. റിസോഴ്‌സ് അധ്യാപകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും പരിമിതികള്‍ക്കും അടിയന്തര പരിഹാരമുണ്ടാകേണ്ടത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠന-പരിശീലന പദ്ധതി അഭിവൃദ്ധിപ്പെടാന്‍ അനിവാര്യമാണെന്ന് കെ ആര്‍ ടി എഫ് സംസ്ഥാന സെക്രട്ടറി സഗീഷ് ഗോവിന്ദന്‍ അഭിപ്രായപ്പെടുന്നു.

 

Latest