Connect with us

Articles

നബിദിനം: ആര്‍ക്കാണ് മനഃപ്രയാസം?

Published

|

Last Updated

വിശുദ്ധ റബീഅ് വീണ്ടും വിരുന്നെത്തിയതോടെ വിശ്വാസികള്‍ തിരുനബി (സ)യുടെ അനുഗൃഹീത ജന്‍മത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മതപരിഷ്‌കരണവാദികള്‍ ഈ സത്കര്‍മത്തെ നിരാകരിക്കുകയും എതിര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. നബിദിനാഘോഷം സുന്നത്തും (പ്രമാണങ്ങള്‍ക്ക് വിധേയമായ കാര്യം) പുണ്യകര്‍മവുമാണെന്നു പാരമ്പര്യ മുസ്‌ലിംകള്‍ വിശ്വസിക്കുമ്പോള്‍ ഇത് അനാചാരവും കുറ്റകൃത്യവുമാണെന്ന് മതപരിഷ്‌കരണവാദികള്‍ വിശ്വസിക്കുന്നു.
മതഭാഷയില്‍ പറഞ്ഞാല്‍ സുന്നികള്‍ ഇത് സുന്നത്താണെന്നും പുത്തനാശയക്കാര്‍ ബിദ്അത്താണെന്നും വാദിക്കുന്നു. ഇവിടെ സുന്നത്തും ബിദ്അത്തും എന്താണ് എന്നറിഞ്ഞാല്‍ എളുപ്പത്തില്‍ വിഷയം ബോധ്യപ്പെടും. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം നടപടിക്രമം, കീഴ്‌വഴക്കം എന്നൊക്കെയാണ്. മത സാങ്കേതിക ഭാഷയില്‍ വ്യത്യസ്ത അര്‍ഥങ്ങളുണ്ട് സുന്നത്ത് എന്ന പദത്തിന്. ഉദാഹരണത്തിന് “ഖുര്‍ആന്‍- സുന്നത്ത്” എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് നബി (സ)യുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവ അടങ്ങിയതാണ്. എന്നാല്‍ “വാജിബ്- സുന്നത്ത്” എന്ന് പ്രയോഗിക്കുമ്പോഴുള്ള സുന്നത്തിന്റെ അര്‍ഥം പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളത് എന്നും ഒഴിവാക്കിയാല്‍ ശിക്ഷ ഇല്ലാത്തത് എന്നുമാണ്. ഇനി “സുന്നത്ത്- ബിദ്അത്ത്” എന്ന് പ്രയോഗിക്കുമ്പോള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളാക്കുന്ന ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയോട് യോജിച്ച് വരുന്നത് എന്നതുമാണ്.

അപ്പോള്‍ നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം അത് ചതുര്‍പ്രമാണങ്ങള്‍ക്ക് വിധേയമായ പുണ്യകര്‍മമാണ് എന്നാണ്. അതിന്റെ പ്രമാണങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പുണ്യ കര്‍മങ്ങളെ സംബന്ധിച്ച് ഒരു ചെറിയ വിശകലനം കൂടി ശ്രദ്ധിക്കുക.
പുണ്യ കര്‍മങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രൂപവും രീതിയും സമയവുമെല്ലാം ശറഇല്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് നിസ്‌കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് തുടങ്ങിയവ. ഇത്തരം പുണ്യ കര്‍മങ്ങളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതും മാറ്റി മറിക്കുന്നതും ഒരാള്‍ക്കും പാടില്ല.
നിസ്‌കാരത്തില്‍ റുകൂഅ് ചെയ്യുമ്പോള്‍ “സുബ്ഹാന റബ്ബിയല്‍ അള്വീം വബിഹംദിഹീ” എന്നു ചൊല്ലാനാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്. യാസീന്‍ സൂറത്ത് ഈ ദിക്‌റിനേക്കാള്‍ മഹത്വമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഒരാള്‍ക്ക് റുകൂഇല്‍ യാസീന്‍ ഓതാന്‍ പാടില്ല. കാരണം അത് ശറഇല്‍ നിര്‍ദേശം വന്ന ഒന്നിനെ തിരുത്തലാണ്. ഇതു പോലെ ജുമുഅ നിസ്‌കാരം അവധി ദിനമായ ഞായറാഴ്ചയിലേക്ക് മാറ്റാനോ ഖുതുബ നിസ്‌കാര ശേഷത്തേക്ക് പിന്തിപ്പിക്കാനോ നിസ്‌കാരത്തിന്റെയും ഖുതുബയുടെയും ഭാഷ മാറ്റുവാനോ പാടില്ല.
പുണ്യ കര്‍മങ്ങളില്‍ രണ്ടാമത്തെ ഇനം, പ്രത്യേക രൂപവും രീതിയും ശറഅ് നിശ്ചയിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന പുണ്യ കര്‍മമാണ്. ഉദാഹരണത്തിന് ” അല്ലാഹുവിന്റെ ദിക്‌റ് ചൊല്ലുക എന്നതാണ് ഏറ്റവും വലുത്” (അല്‍ അന്‍കബൂത്ത് 45), “സത്യവിശ്വാസികളേ നിങ്ങള്‍ ധാരാളം ദിക്‌റ് ചൊല്ലുക, പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹും ചൊല്ലുക” (അല്‍ അഹ്‌സാബ് 41, 42) ഇങ്ങനെ നിരവധി സ്ഥലത്ത് പൊതുവില്‍ ദിക്‌റിന്റെ മഹത്വം പറഞ്ഞ് കൊണ്ട് അതു ചെയ്യാന്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
ഇത്തരം പുണ്യ കര്‍മങ്ങള്‍ക്ക് അത് ചെയ്യുന്നവന്റെ സൗകര്യവും മറ്റും പരിഗണിച്ച് മതവിരുദ്ധമല്ലാത്ത രീതിയും രൂപവും തിരഞ്ഞെടുക്കാന്‍ മതം അനുമതി തരുന്നുണ്ട്. ഇപ്രകാരം ഒരാള്‍ തീരുമാനിക്കുന്നു, ഞാന്‍ എല്ലാ ദിവസവും സുബ്ഹി നിസാകാരാനന്തരം ആയിരം തഹ്‌ലീല്‍ ചൊല്ലും. അങ്ങനെ അയാള്‍ പതിവാക്കുകയും ചെയ്താല്‍, ഇങ്ങനെ സുബ്ഹിക്ക് ശേഷം നബി (സ) ചൊല്ലിയിട്ടുണ്ടോ? അബൂബക്കര്‍ സ്വിദ്ദീഖ് (റ) ചൊല്ലിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം ഇത്തരം കാര്യങ്ങള്‍ ഇതേ രൂപത്തില്‍ അവര്‍ ചെയ്യണമെന്നില്ല. ചെയ്യാന്‍ ശറഇല്‍ അനുമതി ഉണ്ടായാല്‍ മാത്രം മതി. ഈ ഗണത്തില്‍ പെടുന്ന പുണ്യ കര്‍മമാണ് നബിദിനാഘോഷം. നബി(സ)യുടെ ജന്മദിനത്തില്‍ സന്തോഷിക്കണമെന്നതും ആ ജന്മദിനത്തെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണെന്നതും മുത്ത് നബിയുടെ മദ്ഹുകള്‍ പറയുക എന്ന മൗലിദ് ഓതല്‍ ചതുര്‍ പ്രമാണങ്ങളിലും വ്യക്തമായ കാര്യമാണെന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ ഇതിന്റെ രീതി എങ്ങനെയാകണമെന്ന് ശറഇല്‍ പ്രത്യേക കല്‍പ്പന വന്നിട്ടില്ല. അതിനാല്‍ ആഘോഷിക്കുന്ന ആളുടെ കഴിവും ഒഴിവും ശേഷിയും അനുസരിച്ച് മതം നിരോധിച്ച കാര്യങ്ങള്‍ വരാത്ത വിധത്തില്‍ എങ്ങനെയും ആഘോഷിക്കാം. ഇനി ഇതിന്റെ പ്രമാണങ്ങളെ കുറിച്ച് ചിന്തിക്കാം.
നബി(സ)യുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുക എന്നതാണല്ലോ മീലാദാഘോഷത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിഷയം. സൂറഃ യൂനുസിലെ 58-ാം സൂക്തത്തിന് ഇബ്‌നു അബ്ബാസ് (റ) നല്‍കിയ വ്യാഖ്യാനം ഇങ്ങനെയാണ്. “നബിയേ, അങ്ങ് പറയുക. (അറിവാകുന്ന) അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും (നബിയാകുന്ന) അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്‍ ഒരുമിച്ചു കൂടുന്നതില്‍ വെച്ച് ഏറ്റവും ഉത്തമമായത് അതത്രേ.” ഇവിടെ നബി(സ)യെ കൊണ്ട് സന്തോഷിക്കണമെന്നാണ് വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന നിര്‍ദേശം. ഇതില്‍ നബി(സ)യുടെ ജന്മദിനത്തില്‍ സന്തോഷിക്കുക എന്നത് ഉള്‍പ്പെടില്ല എന്ന് പറയുന്നവരാണ് അതിന് തെളിവ് നിരത്തേണ്ടത്.
പൂര്‍വിക പ്രവാചകന്മാരുടെ ഒരു പ്രബോധന ദൗത്യം തന്നെ അന്ത്യദൂതരായ മുത്ത് നബി(സ)യുടെ ജനനം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുക എന്നതായിരുന്നു. നബി(സ) ജനിക്കുന്നതിന് അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച ഈസാ നബി(അ) പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു: “മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞ സന്ദര്‍ഭം നിങ്ങള്‍ അനുസ്മരിക്കുക. ഇസ്‌റാഈല്‍ സന്തതികളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട അല്ലാഹുവില്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചു കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതരെ സംബന്ധിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ടുമാണ് -ഞാന്‍ നിയുക്തനായത്” (ഖുര്‍ആന്‍ 61-5). തിരുജന്മത്തില്‍ സന്തോഷിക്കണമെന്ന് ഈ ആയത്തില്‍ നിന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്നുണ്ട്.
ഇനി നബി(സ) ജനിച്ച ദിവസത്തിന് മഹത്വമുണ്ടെന്നും ആ ദിവസത്തെ പ്രത്യേകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് നബി(സ) തന്നെ പഠിപ്പിച്ചത് കാണാം. “നബി(സ)യോട് ചോദിക്കപ്പെട്ടു. എന്തുകൊണ്ടാണ് തിങ്കളാഴ്ച നോമ്പെടുക്കുന്നത്? നബി(സ) പറഞ്ഞു. ആ ദിവസത്തിലാണ് എന്നെ പ്രസവിക്കപ്പെട്ടത്. (മുസ്‌ലിം). വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല, എല്ലാ ആഴ്ചകളിലും നബി(സ) തന്റെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ആരാധനകളിലൂടെ ആഘോഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് സ്പഷ്ടമായി. ഇസ്‌ലാമിലെ ഏല്ലാ ആഘോഷങ്ങളും ആരാധനാകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി ഓരോ വര്‍ഷത്തേയും റബീഉല്‍ അവ്വലില്‍ നബിയുടെ ജന്മദിനം അനുസ്മരിക്കുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇമാം ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ മറുപടി കാണുക: മൗലിദിന് ഒരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസാണത്. നബി(സ) മദീനയില്‍ എത്തിയപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയില്‍ പെട്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. “അല്ലാഹു ഫറോവയെ മുക്കിക്കൊല്ലുകയും മൂസാ നബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതില്‍ നന്ദി കാണിച്ചാണ് ഞങ്ങള്‍ ഈ ദിനം വരുമ്പോള്‍ നോമ്പനുഷ്ഠിക്കുന്നത്”. എന്നാല്‍ മൂസാ നബി(അ)യുമായി ഏറ്റവും അടുത്ത ബന്ധം എനിക്കാണെന്നും ആയതിനാല്‍ അടുത്തവര്‍ഷം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിക്കുമെന്നും പ്രവാചകന്‍ പറയുകയുണ്ടായി. ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും ഓരോ വര്‍ഷവും ആ ദിവസം വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം.”(അല്‍ഹാവീ ലില്‍ ഫതാവ.1- 196)
നബിദിനത്തിന്റെ ഉള്ളടക്കം മദ്ഹ് പറയല്‍(മൗലിദ് ഓതല്‍), അന്നദാനം, സന്തോഷ പ്രകടനം, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം പ്രമാണബദ്ധമായ കാര്യങ്ങളാണ്. ഗദ്യപദ്യ രൂപങ്ങളില്‍ പ്രവാചകന്റെ അപദാനങ്ങള്‍ പാടിപ്പറയുക എന്ന മൗലിദ് നബി(സ)യുടെ അംഗീകാരവും മാതൃകയുമുള്ള ഒരു സത്കര്‍മമാണ്. ആഇശാ ബീവി(റ) യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക. “നബി(സ) ഹസ്സാനുബിന് സാബിത് (റ)ന് മസ്ജിദുന്നബവിയില്‍ ഒരു സ്റ്റേജ് വെച്ചുകൊടുത്തിരുന്നു. അതില്‍ കയറി അദ്ദേഹം നബി(സ)യുടെ മദ്ഹുകള്‍ പാടിപ്പറയുമായിരുന്നു. അത് കേട്ട് നബി ഇപ്രകാരം പ്രാര്‍ഥിക്കും. “നിശ്ചയം അല്ലാഹു പരിശുദ്ധാത്മാവിനെ കൊണ്ട് ഹസ്സാനിനെ ശക്തിപ്പെടുത്തട്ടെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതരുടെ മഹത്വങ്ങള്‍ പറയുന്ന കാലത്തോളം”(മിശ്കാത്ത് 4805)
മുന്‍ഗാമികളായ പ്രവാചകന്മാരുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരുന്ന സദസ്സിലേക്ക് നബി കടന്ന്‌വരികയും അവരെ കുറിച്ച് പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ട് തന്നെ തന്റെ മഹത്വങ്ങള്‍ നബി(സ)പറഞ്ഞുകൊടുക്കുന്നത് ശ്രദ്ധിക്കുക. “ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. അഹങ്കാരം പറയുകയല്ല. അന്ത്യദിനത്തില്‍ ഞാനാണ് ലിവാഉല്‍ ഹംദ് എന്ന പതാക വഹിക്കുക. ആദം നബി മുതല്‍ എല്ലാവരും അതിന്റെ പിന്നിലായിരിക്കും അണി ചേരുക. ഇതും പൊങ്ങച്ചം പറയുകയല്ല. നാളെ ആദ്യം ശിപാര്‍ശ പറയുന്നവനും അത് സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കും. ഇത് പൊങ്ങച്ചമല്ല. ആദ്യമായി സ്വര്‍ഗത്തിന്റെ വട്ടക്കണ്ണി പിടിച്ചു ചലിപ്പിക്കുന്നവന്‍ ഞാനായിരിക്കും. അങ്ങനെ അല്ലാഹു എനിക്ക് സ്വര്‍ഗം തുറന്നുതരും. ഞാന്‍ അതിലേക്ക് പ്രവേശിക്കും. വിശ്വാസികളിലെ പാവപ്പെട്ടവരാണ് അപ്പോള്‍ എന്നോടൊപ്പമുണ്ടാകുക. ഇതും അഹങ്കാരം പറയുന്നതല്ല. ഞാന്‍ മുന്‍ഗാമികളിലും പിന്‍ഗാമികളിലും വെച്ച് ഏറ്റവും ആദരണീയനാണ്. പൊങ്ങച്ചമല്ല ഈ പറയുന്നത്.(തിര്‍മുതി, ദാരിമി- മിശ്കാത്ത് 2-513). മൗലിദ് പാരായണത്തിന് ഇത് തന്നെ മതിയായ രേഖയാണ്.
മരണാനന്തരം ഖദീജാ ബീവി(റ)യെ നബി(സ) ആദരിച്ചിരുന്ന രീതി ആഇശാ ബീവി പറയുന്നുണ്ട്. “നബി എപ്പോഴും ഖദീജ(റ)യുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ആടുകളെ കൊണ്ടുവന്ന് അറുത്ത് കഷണിക്കും. തുടര്‍ന്ന് അവ ഖദീജയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചുകൊടുക്കും. ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ നബി(സ)യോട് ചോദിച്ചു. നിങ്ങള്‍ക്ക് ഖദീജയല്ലാതെ മറ്റു ഭാര്യമാരൊന്നുമില്ലാത്തതു പോലെയുണ്ടല്ലോ? അപ്പോള്‍ നബി പറയും. ആഇശാ, ഖദീജ അവര്‍ ഒരുപാട് മഹത്വങ്ങളുള്ളവരായിരുന്നു. എനിക്ക് വേണ്ടി കഞ്ഞുങ്ങളെ പ്രസവിച്ചതും അവരാണ്. (ബുഖാരി 3607) ഇതില്‍ നിന്ന് ദീനിനു സേവനം ചെയ്ത ഒരാളെ മരണാനന്തരം ആദരിക്കേണ്ട രീതിശാസ്ത്രം സുവ്യക്തമാകുന്നുണ്ട്. അവരുടെ മദ്ഹുകള്‍ പറയുകയും അവരുടെ പേരില്‍ ആഹാരം സ്വദഖ ചെയ്യുകയും ചെയ്തുകൊണ്ടാണ് നബി ഇവിടെ മാതൃക കാണിച്ചത്.
ഇതിന് പുറമേ സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്‌ലിംകള്‍ക്ക് നബി(സ)യുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്? ഗൃഹപ്രവേശ സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി(സ) ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്‌കരണ വാദികളൊക്കെ ഇത് ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ അത് പ്രകടിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. നബിയുടെ ജന്മ ദിനത്തില്‍ സന്തോഷിച്ചു ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ശിര്‍ക്കിന്റെ ആഹാരമാകുന്നത്. സ്വന്തം വീടിന്റെ കാര്യത്തില്‍ ആകുമ്പോള്‍ തൗഹീദും. ഇത് രോഗം വേറെയാണ്.
ഇനി സന്തോഷ പ്രകടനത്തിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്‍ മൗലിദാഘോഷത്തില്‍ ഉള്‍പ്പെടുത്താം എന്നതിനെ സംബന്ധിച്ച് ഇമാം സുയൂഥി പറയുന്നത് ഖുര്‍ആന്‍ പാരായണം, ഭക്ഷണ വിതരണം, മൗലിദ് പാരായണം, നബി ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശം തുടങ്ങിയവക്ക് പുറമെ ഇവയോട് ചേര്‍ക്കാവുന്ന സന്തോഷ പ്രകടനങ്ങളെക്കുറിച്ച് ഇങ്ങനെ പറയാം. “ആ ദിവസത്തിന്റെ സന്തോഷത്തോട് യോജിച്ച ഹലാലായ കാര്യങ്ങള്‍ ഇവയോട് ചേര്‍ക്കാം. എന്നാല്‍, ഹറാമോ കറാഹത്തോ ഖിലാഫുല്‍ ഔലയോ ആയ കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്” (അല്‍ഹാവി ലില്‍ ഫതാവ 1229).

---- facebook comment plugin here -----

Latest