Connect with us

International

സിറിയയിലേക്ക് കൂടുതല്‍ യു എസ് സൈനികര്‍

Published

|

Last Updated

അലെപ്പോയിലെ സംഘര്‍ഷ പ്രദേശത്ത് നിന്ന് സുരക്ഷിത ഇടം തേടി പോകുന്ന പിതാവും മകനും

വാഷിംഗ്ടണ്‍/ദമസ്‌കസ്: സൈനിക മുന്നേറ്റത്തില്‍ തകര്‍ച്ച നേരിടുന്ന വിമതരെ സഹായിക്കാനായി അമേരിക്ക സൈന്യത്തെ അയക്കുന്നു. ഇസില്‍വിരുദ്ധ ആക്രമത്തിനാണെന്ന പേരിലാണ് വടക്കന്‍ സിറിയയിലെ റഖയിലേക്ക് അമേരിക്ക സൈന്യത്തെ അയക്കുന്നത്. ഇവിടെ ശക്തി പ്രാപിച്ച ഇസില്‍ ഭീകരര്‍ക്കെതിരെ ആക്രമണം നടത്തുന്ന വിമതര്‍ക്കും കുര്‍ദ് സായുധ സംഘത്തിനും സഹായം നല്‍കാനാണ് അമേരിക്ക തീരൂമാനിച്ചതെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ടര്‍ വ്യക്തമാക്കി.

നിലവില്‍ 300 യു എസ് സൈനികര്‍ റഖയില്‍ മാത്രമുണ്ട്. ഇവരുടെ കൂടെ പുതിയ 200 സൈനികര്‍ കൂടിയെത്തുമെന്ന് കാര്‍ടര്‍ പറഞ്ഞു. ഇസിലില്‍ നിന്ന് റഖ പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് വിമത സായുധ സംഘമായ എസ് ഡി എഫിനും കുര്‍ദ് വിഭാഗത്തിനുമുള്ളത്. സിറിയയിലെ ഇസിലിന്റെ തലസ്ഥാനമാണെന്നാണ് റഖയെ കുറിച്ച് അറിയപ്പെടുന്നത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സായുധ ഇടപെടല്‍ നടത്താന്‍ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് സിറിയയില്‍ നടത്തുന്ന യു എസ് ഇടപെടല്‍ ഗൗരവത്തോടെയാണ് സിറിയന്‍ സര്‍ക്കാര്‍ നോക്കിക്കാണുന്നത്. വിമതരെ സഹായിച്ചുകൊണ്ടുള്ള അമേരിക്കയുടെ കടന്നുകയറ്റം അപകടം ചെയ്യുമെന്നും ശക്തമായി പ്രതിരോധിക്കുമെന്നും സിറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസില്‍ ഭീകരര്‍ ശക്തിപ്രാപിച്ചത് വിമതരുടെ ആഗമനത്തോടെയാണെന്നും തങ്ങളെ സംബന്ധിച്ചെടുത്തോളം ഇസിലും വിമതരും കുര്‍ദുകളും ശത്രുക്കളാണെന്നും സിറിയ വ്യക്തമാക്കിയിരുന്നു.

അതിനിടെ, അലെപ്പോയില്‍ സിറിയന്‍ സൈന്യം കനത്ത മുന്നേറ്റം നേടുന്നത് അമേരിക്കയെയും ഫ്രാന്‍സിനെയും അലോസരപ്പെടുത്തുകയാണ്. അലെപ്പോ വിഷയം ചര്‍ച്ച ചെയ്യാന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അയ്‌റോള്‍ട്ടുമായി കെറി ചര്‍ച്ച ചെയ്തു.
റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സൈന്യം അലെപ്പോയിലെ ഒട്ടുമിക്ക ശക്തിപ്രദേശങ്ങളും തിരിച്ചുപിടിച്ചിരിക്കെയാണ് അലെപ്പോ വിഷയത്തിലെ അമേരിക്കന്‍ ഇടപെടല്‍. അലെപ്പോയെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും പൂര്‍ണമായും നശിക്കുന്നതിന് മുമ്പ് അലെപ്പോയെ സംരക്ഷിക്കുമെന്നും കെറി വ്യക്തമാക്കി. പാരീസില്‍വെച്ച് യൂറോപ്യന്‍, അറേബ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ അലെപ്പോ വിഷയം ചര്‍ച്ച ചെയ്യും.

Latest