Connect with us

National

ക്ലാസില്‍ ബുര്‍ഖ വിലക്കി; അധ്യാപിക ജോലി രാജിവെച്ചു

Published

|

Last Updated

മുംബൈ: മേലുദ്യോഗസ്ഥന്‍ ബുര്‍ഖ വിലക്കിയതിനെ തുടര്‍ന്ന് അധ്യാപിക ജോലി രാജിവെച്ചു. കുര്‍ളയിലാണ് സംഭവം. ക്ലാസില്‍ കയറുമ്പോള്‍ ബുര്‍ഖയും ഹിജാബും ഒഴിവാക്കണമെന്ന് പ്രധാനധ്യാപിക നിര്‍ദേശിച്ചുവെന്നും തന്റെ മതപരമായ അനുഷ്ഠാനങ്ങളില്‍ വിട്ടു വീഴ്ചയില്ലെന്നും രാജിവെച്ച ശബീനാ ഖാന്‍ നസ്‌നീന്‍ (25) പറഞ്ഞു. എന്നാല്‍ രാജിക്കത്ത് സ്വീകരിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. അടുത്തയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

ബുര്‍ഖ ധരിച്ച് വരരുതെന്ന് സീനിയര്‍ പ്രധാനധ്യാപിക പലവട്ടം തന്നെ നിര്‍ബന്ധിച്ചു. ഇക്കാര്യം പ്രിന്‍സിപ്പലിന്റെയും മറ്റും ശ്രദ്ധയില്‍ പെടുത്തുകയും തന്റെ വേദന അറിയിക്കുകയും ചെയ്തു. എന്നാല്‍ ആരും ഇടപെട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് രാജിക്കത്ത് നല്‍കിയതെന്നും നസ്‌നീന്‍ പറഞ്ഞു.
ഐ ടി അധ്യാപികയായ നസ്‌നീന്‍ മൂന്ന് വര്‍ഷം മുമ്പാണ് ഈ സ്‌കൂളില്‍ ചേര്‍ന്നത്. മറ്റ് മുസ്‌ലിം അധ്യാപികമാര്‍ പ്രധാനധ്യാപികയുടെ ഉത്തരവിന് വഴങ്ങിയപ്പോള്‍ നസ്‌നീന്‍ ചെറുത്ത് നില്‍പ്പ് തുടരുകയായിരുന്നു. ജയ്‌ഹോ ഫൗണ്ടേഷനും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ദേക്കും അവര്‍ പരാതി അയച്ചിട്ടുണ്ട്. സംഭവം മതസ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് ജയ്‌ഹോ ഫൗണ്ടേഷന്‍ ട്രസ്റ്റി ആദില്‍ ഖാത്രി പറഞ്ഞു.

Latest