Connect with us

Editorial

ഗര്‍ഭഛിദ്ര വ്യവസ്ഥകള്‍ ഉദാരമാക്കുന്നോ?

Published

|

Last Updated

അവിവാഹിതകള്‍ക്കും ഗര്‍ഭഛിദ്രം അനുവദിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ പരാജയപ്പെട്ട് ഗര്‍ഭിണിയാകുന്ന അവിവാഹിതകള്‍ക്ക് ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുവാദം നല്‍കാനും, നിയമ വിധേയമായ ഗര്‍ഭഛിദ്രത്തിന്റെ കാലാവധി 24 ആഴ്ചയായി ഉയര്‍ത്താനും നിര്‍ദേശിക്കുന്ന നിയമ ഭേദഗതിയുടെ കരട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അഭിപ്രായ സ്വരൂപണത്തിനായി സമര്‍പ്പിച്ചു കഴിഞ്ഞു. ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ ഡോക്ടര്‍മാര്‍ക്കും യോഗ്യരായ മിഡ്‌വൈഫുമാര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്നും കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിലവില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമാണ് വിവിധ ഉപാധികളോടെ ഗര്‍ഭഛിദ്രത്തിന് അനുമതി. ഗര്‍ഭസ്ഥ ശിശുവിന്റെ തുടര്‍ന്നുള്ള വളര്‍ച്ച മാതാവിന് ശാരീരികമോ മാനസികമോ ആയ പ്രശ്‌നം സൃഷ്ടിക്കുക, ബലാത്സംഗത്തിന് ഇരയായതു മൂലമാണ് കുഞ്ഞുണ്ടായതെന്നും കുഞ്ഞ് ജനിക്കുന്നത് ഗര്‍ഭിണിക്ക് മാനസികപ്രശ്‌നം ഉണ്ടാക്കുമെന്നും കണ്ടെത്തല്‍, നിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടുണ്ടാകുന്ന ഗര്‍ഭം സ്ത്രീക്ക് മാനസികാഘാതമുണ്ടാക്കുമെന്ന വിലയിരുത്തല്‍ തുടങ്ങിയവയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിന് നിലവില്‍ അനുവദിച്ച ഉപാധികള്‍. നിയമ വിധേയമായ കാലാവധി 20 ആഴ്ച വരെയുമാണ്, ഇത് 24 ആഴ്ചയാക്കി ഉയര്‍ത്തണമെന്നും ഉപാധികളില്ലാതെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇതിനിടെ മുംബെ ഹൈക്കോടതിയും ഫെമിനിസ്റ്റ് സംഘടനകളും വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ വ്യക്തമായ കാരണങ്ങളോ ശാരീരികപ്രശ്‌നങ്ങളോ ആവശ്യമില്ലെന്നും 1971ലെ ഗര്‍ഭഛിദ്ര നിയമം സ്ത്രീകളുടെ മാനസികാവസ്ഥകൂടി പരിഗണിക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യണമെന്നും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഗര്‍ഭധാരണം ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും സ്വാധീനിക്കുന്ന അവസ്ഥയായതിനാല്‍ അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കണമെന്നാണ് കോടതിയുടെ നിരീക്ഷണം.

ഗര്‍ഭാശയത്തില്‍ വെച്ചായാലും ജീവന്‍ തുടിക്കുന്ന കുഞ്ഞിനെ നശിപ്പിക്കുന്നത് ക്രൂരതയാണ്. ഗര്‍ഭാവസ്ഥയിലുള്ള ഒരു കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറയാന്‍ ആരാണ് നീതിപീഠങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അധികാരം നല്‍കുന്നത്? ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കുകയല്ല, അവിവാഹിതരില്‍ ഗര്‍ഭധാരണത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. ഗര്‍ഭ ഛിദ്രത്തിനുള്ള ഉപാധികള്‍ കൂടുതല്‍ ഉദാരമാക്കുന്നത് ലൈംഗികാരാജകത്വം വര്‍ധിക്കാനേ ഇടയാക്കു. രാജ്യത്ത് വഴിവിട്ട ലൈംഗിക ബന്ധങ്ങളും അവിവാഹിതര്‍ക്കിടയിലെ ഗര്‍ഭ ധാരണവും ഗര്‍ഭ ഛിദ്രവും വന്‍തോതില്‍ വര്‍ധിക്കും. പുറംലോകം കാണാന്‍ അനുവദിക്കാതെ ലോകത്ത് നാലില്‍ ഒരു ജീവന്‍ ഗര്‍ഭാവസ്ഥയില്‍ത്തന്നെ നശിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമായത്. പ്രതിവര്‍ഷം ലോകത്ത് നടക്കുന്ന ഗര്‍ഭഛിദ്രത്തിന്റെ എണ്ണം 56 ദശലക്ഷം വരും. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ ഈയിടെ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 77 ശതമാനവും നഗരങ്ങളില്‍ 74 ശതമാനവും സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതായും ഇവരില്‍ ഏറെയും 20 വയസ്സിന് താഴെയുള്ള യുവതികളോ കൗമാര പ്രയക്കാരോ ആണെന്നും കണ്ടെത്തിയിരുന്നു. അവിഹിത ബന്ധങ്ങളിലൂടെ ഉണ്ടാകുന്ന ഗര്‍ഭങ്ങളാണ് ഇവയില്‍ തൊണ്ണൂര്‍ ശതമാനവും. പെണ്‍കുട്ടികള്‍ ഒമ്പതും പത്തും വയസ്സുകളില്‍ തന്നെ ഋതുമതിയായി മാറുകയും സ്‌കൂള്‍ തലങ്ങളില്‍ തന്നെ ലൈംഗികത പരീക്ഷിച്ചറിയാന്‍ തുടങ്ങുകയും ചെയ്യുന്ന കാലമാണിത്. ഗര്‍ഭധാരണം ഭയന്നാണ് പലരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അവിവാഹിതകള്‍ക്കും എളുപ്പത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവസരം കൈവരുന്നതോടെ വഴിവിട്ട ബന്ധങ്ങള്‍ വര്‍ധിക്കും.

ഗര്‍ഭസ്ഥ ശിശുവിന്റെ ഭാവിയെക്കുറിച്ചു തീരുമാനിക്കാനുള്ള പൂര്‍ണാധികാരം സ്ത്രീകള്‍ക്കാണെന്ന കോടതിയുടെ വാദം വസ്തുതാ വിരുദ്ധമാണ്.
ജീവന്‍ തുടിക്കുന്നതോടെ ഗര്‍ഭസ്ഥ ശിശുവും മനുഷ്യനായിക്കഴിഞ്ഞു. ആ ജീവനെക്കൂടി മാനിക്കാനുള്ള ബാധ്യത ഗര്‍ഭിണിക്കും സര്‍ക്കാറിനും നീതിപീഠങ്ങള്‍ക്കുമുണ്ട്. സ്ത്രീകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട് ഗര്‍ഭഛിദ്രം. സ്ത്രീയെ ഇത് ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുമെന്നാണ് വൈദ്യലോകത്തിന്റെ വിലയിരുത്തല്‍. ഗര്‍ഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അണുബാധ, രക്തസ്രാവം തുടങ്ങി ഇവയില്‍ ചിലത് വളരെ ഗുരുതരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭഛിദ്രം സൃഷ്ടിക്കുന്ന കുറ്റബോധം ചില സ്ത്രീകളെ വിഷാദരോഗികളാക്കാറുമുണ്ട്. 20 ആഴ്ചക്ക് മുകളിലുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. ഗര്‍ഭഛിദ്രത്തിനുള്ള ഉപാധികള്‍ ഉദാരമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം ഒരു വിധേനയും ന്യായീകരിക്കാവതല്ല. സദാചാര, ധാര്‍മിക മൂല്യങ്ങളെ മാനിക്കുന്നവരില്‍ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.