Connect with us

Religion

നബി(സ)യുടെ വ്യക്തിത്വം

Published

|

Last Updated

ഏത് മേഖലയില്‍ വര്‍ത്തിക്കുന്നവരാവട്ടെ, അവരോടെല്ലാം ഇസ്‌ലാം ആവശ്യപ്പെടുന്നത് നബി(സ)യെ അനുധാവനം ചെയ്യാനാണ്. മനുഷ്യര്‍ പല തരക്കാരാണ്. അഭിരുചികളിലും സ്വഭാവങ്ങളിലും വൈവിധ്യം, തൊഴിലുകളിലെ വൈജാത്യം ഇവയെല്ലാം മനുഷ്യ പ്രകൃതിയാണ്. മനുഷ്യകുലത്തിന് നേതാവായി വരുന്നയാളും ഇപ്രകാരം പ്രത്യേക സ്വഭാവത്തോടും വികാരങ്ങളോടും കൂടിയുള്ളവരാണെങ്കില്‍ അവര്‍ക്ക് ഒന്നിലധികം മാതൃകകള്‍ അനിവാര്യമായി വരുന്നു. എന്നാല്‍ ഇസ്‌ലാം എല്ലാവരോടും കല്‍പ്പിക്കുന്നതാവട്ടെ, നബി(സ)യെ അനുധാവനം ചെയ്യാനാണ്. “അല്‍ ഇന്‍സാനുല്‍ കാമില്‍” സമ്പൂര്‍ണ മനുഷ്യന്‍ എന്നാണ് ഇസ്‌ലാം പ്രവാചകനെ പരിചയപ്പെടുത്തുന്നത്.

ഏതെങ്കിലും സര്‍വകലാശാലകളിലെ മറ്റോ പഠിച്ചു നേടിയ കഴിവായിരുന്നില്ല നബി(സ)യുടെ വ്യക്തിത്വം. തികച്ചും ദൈവികമായ വഹ്‌യ് സന്ദേശങ്ങളായിരുന്നു നബിക്കുണ്ടായിരുന്നത്. അതാണ് നബിക്കുള്ള വ്യത്യസ്തതയും. ആധുനിക ലോകത്തിന്റെ പുരോഗമന പരവും സമാധാനപരവുമായ സമ്മേളനത്തോടെ അതിന്റെ സുഗമമായ നീക്കുപോക്കിന് ഭിന്നമാനങ്ങളുള്ള പ്രവാചകന്റെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അന്ധകാര നിബിഡതയില്‍ കൊള്ളയുടെയും കൊലയുടെയും വാഹകരായ ഒരു പറ്റം മനുഷ്യക്കോലങ്ങളെ കേവലം 23 വര്‍ഷം കൊണ്ട് മഹത്തായ ഒരു സംസ്‌കാരത്തിന്റെ വാഹകരാക്കി എന്നത് തന്നെയാണ് പ്രവാചകന്റെ മഹത്വം. സത്യവും അസത്യവും വേര്‍തിരിച്ചറിയാനാവാതെ കൈയൂക്കിന്റെ കരുത്തില്‍ നിയമം വിരചിതമായ കാട്ടാള വര്‍ഗത്തെ ക്ഷമയുടെയും നീതിയുടെയും പാഠങ്ങള്‍ പഠിപ്പിച്ച് അത് പ്രായോഗിക രൂപത്തില്‍ കൊണ്ടുവന്നപ്പോള്‍ വലിയ മാറ്റങ്ങള്‍ ലോകത്തുണ്ടായി.

പ്രവാചകനെ അനുസ്മരിക്കാതെ ലോകത്ത് നന്മയുടെ ഒരു കവാടവും തുറക്കാനാവില്ല. ലോകത്തിന്റെ സമാധാനത്തോടു കൂടെയുള്ള മുന്നോട്ട് ഗമിക്കലാണ്. വേണ്ടതെന്തോ അതെല്ലാം അവിടുന്ന് കാണിച്ചു തന്നിട്ടുണ്ട്. തന്റെ അമൂല്യ വ്യക്തിതത്വത്തിലൂടെ മനുഷ്യരാശിക്ക് ഇസ്‌ലാമെന്ന സമ്പൂര്‍ണ പദ്ധതി പൂര്‍ണമായും സമര്‍പ്പിച്ച ശേഷമാണ് പ്രവാചകന്‍ ഈ ലോകത്തു നിന്നും യാത്രയായത്. “ലോകത്തിന് മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ നബിയേ, താങ്കളെ നാം നിയോഗിച്ചിട്ടില്ല” എന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം. ഇങ്ങനെ എന്തെല്ലാം വിശേഷണങ്ങളുണ്ടോ അവയെല്ലാം നബി(സ)ക്ക് ഇണങ്ങിയിരുന്നു. ക്രൈസ്തവ എഴുത്തുകാരനായ മൈക്കിള്‍ എച്ച് ഹാര്‍ട്ട് ചരിത്രത്തിലെ ഉന്നതരായ നൂറ് മഹാരഥന്മാരെ തിരഞ്ഞെടുത്ത് അവതരിപ്പിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് ആരെ പ്രതിഷ്ഠിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമേതുമില്ലായിരുന്നു. “ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തികളുടെ പട്ടിക നയിക്കുവാന്‍ ഞാന്‍ മുഹമ്മദിനെ തിരഞ്ഞെടുക്കുന്നത് ചില വായനക്കാരെയെല്ലാം അത്ഭുതപ്പെടുത്തിയേക്കാം. ചിലര്‍ അതിനെ ചോദ്യം ചെയ്‌തേക്കും. എന്നാല്‍ മതപരവും ഭൗതികവുമായ തലങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും പരമമായ വിജയം കൈവരിച്ച വ്യക്തി അദ്ദേഹം മാത്രമായിരുന്നു.”

Latest