Connect with us

Gulf

ശൈഖ് മുഹമ്മദും ജനറല്‍ ശൈഖ് മുഹമ്മദും രാജ്യപുരോഗതി വിലയിരുത്തി

Published

|

Last Updated

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
അല്‍ നഹ്‌യാനും അബുദാബി ഖസ്‌റില്‍ ബഹ്‌റില്‍ കൂടിക്കാഴ്ച നടത്തുന്നു

അബുദാബി: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. രാജ്യപുരോഗതിയും രാഷ്ട്രത്തിലെ ജനങ്ങളുടെ ക്ഷേമവും നേതാക്കളുടെ ചര്‍ച്ചയില്‍ വിഷയമായതായി വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട് ചെയ്തു.

ഖസ്‌റുല്‍ ബഹ്‌റിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, എമിറേറ്റ്‌സ് ഗ്രൂപ്പ്, ദുബൈ സിവില്‍ ഏവിയേഷന്‍ എന്നിവയുടെ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ ക്തൂം തുടങ്ങിയ പ്രമുഖരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി.
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടുകളെ ആധാരമാക്കി രാജ്യം നടത്തുന്ന പുരോഗതിയും മുന്നേറ്റങ്ങളും വിസ്മയാവഹമാണെന്ന് നേതാക്കള്‍ വിലയിരുത്തി. രാജ്യത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ യുവസമൂഹത്തിന്റെ ഇടപെടല്‍ ഏറെ പ്രശംസനീയമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പിതാമഹന്മാരില്‍നിന്ന് അനന്തിരമായി ലഭിച്ച മനുഷ്യ സ്‌നേഹവും സഹിഷ്ണുതയും മുന്‍നിര്‍ത്തി ഭരണകര്‍ത്താക്കളും ഭരണീയരും ഒത്തൊരുമയോടെ മുന്നേറുമെന്നും നേതാക്കള്‍ പറഞ്ഞു.
മനുഷ്യത്വമില്ലാത്തവര്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ ഭരണാധികാരികളുടെയോ മനുഷ്യസേവനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ജനതയുടെയോ ആത്മവീര്യം നഷ്ടപ്പെടുത്താന്‍ ഒരിക്കലും കഴിയില്ലെന്നും ഇരുനേതാക്കളും പ്രഖ്യാപിച്ചു. കൂടിക്കാഴ്ച ദീര്‍ഘനേരം നീണ്ടുനിന്നു.

 

Latest