Connect with us

International

ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കും

Published

|

Last Updated

മോസ്‌കോ: വൈര്യം മറന്ന് ഒന്നിച്ച് നീങ്ങാന്‍ ഫലസ്തീനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഫത്താഹും ഹമാസും തീരുമാനിച്ചു. ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസിന്റെ ഫത്താഹ് പാര്‍ട്ടിയും എതിരാളികളായ ഹമാസും ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഇരുപാര്‍ട്ടികളും അറിയിച്ചത്.

യു എന്നിന്റെ വിലക്ക് മറികടന്ന് കുടിയേറ്റപദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇസ്‌റാഈലിനെതിരെ പ്രതിഷേധിക്കാനും യു എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍വിരുദ്ധ നിലപാടിനെ പ്രതിരോധിക്കാനും ഇരുപാര്‍ട്ടികളുടെയും ഒറ്റക്കെട്ടായ മുന്നേറ്റം അനിവാര്യമായിരിക്കുകയാണ്.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്‌റാഈലിനെതിരായ വികാരം രൂപപ്പെട്ട സാഹചര്യത്തില്‍ ഈ ഐക്യം ഫലസ്തീന്‍ ജനങ്ങള്‍ക്ക് സഹായകമാകും. മോസ്‌കോയില്‍ മൂന്ന് ദിവസമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് ദേശീയതലത്തില്‍ ദേശീയ കൗണ്‍സില്‍ രൂപവത്കരിച്ചേക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ഫലസ്തീനികളെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്താനും ധാരണയായിട്ടുണ്ട്.
2006ലെ ഗാസ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഫത്താഹ് പാര്‍ട്ടി അധികാരത്തിലേറിയതിന് ശേഷം ഇതുവരെ ഹമാസ് ചര്‍ച്ചക്ക് തയ്യാറായിരുന്നില്ല. മോസ്‌കോയിലെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മുമ്പൊന്നുമില്ലാത്ത വിധം വ്യത്യസ്തമാണെന്നും പുതിയൊരു ഫലസ്തീന്റെ രൂപവത്കരണത്തിന് ഈ ഐക്യം അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുന്നത് തടയാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. ഇതില്‍ ഫലസ്തീന്‍ ജനങ്ങളുടെ പ്രതിഷേധം റഷ്യ മുഖേന ട്രംപിനെ അറിയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കടുത്ത ഇസ്‌റാഈല്‍ വാദിയും മുസ്‌ലിംവിരുദ്ധനുമായ ട്രംപ് യു എസ് പ്രസിഡന്റായി അധികാരത്തിലേറുന്നതോടെ ഫലസ്തീനെതിരായ ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് ഒറ്റക്കെട്ടായി നിന്ന് ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് അധികൃതര്‍ തീരുമാനിച്ചത്.