Connect with us

Gulf

ശൈഖ് ഡോ. സുല്‍ത്താനും ശൈഖ് സൈഫും ചര്‍ച്ച നടത്തി

Published

|

Last Updated

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍
മുഹമ്മദ് അല്‍ ഖാസിമിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ്
ബിന്‍ സായിദ് അല്‍ നഹ്‌യാനും കൂടിക്കാഴ്ചക്കെത്തിയപ്പോള്‍

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും കൂടിക്കാഴ്ച നടത്തി. സ്വദേശികളും വിദേശികളുമായി രാജ്യത്ത് വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനാവശ്യമായ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്.

ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഇലക്‌ട്രോണിക് എന്‍ട്രി ആന്‍ഡ് എക്‌സിറ്റ് സിസ്റ്റം, ശൈഖ് സൈഫിന്റെ സാന്നിധ്യത്തില്‍ ശൈഖ് സുല്‍ത്താന്റെ മുമ്പില്‍ വിശദീകരിക്കപ്പെട്ടു. സ്വദേശികള്‍ക്ക് പുറമെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാര, സന്ദര്‍ശക വിസകളില്‍ രാജ്യത്ത് വന്നുപോകുന്ന മുഴുവനാളുകള്‍ക്കും രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഉപയോഗിച്ചുവരുന്ന സംവിധാനത്തെ കുറിച്ചാണ് വിശദീകരിക്കപ്പെട്ടത്. പരമാവധി 10 സെക്കന്റുകള്‍കൊണ്ട് എന്‍ട്രി, എക്‌സിറ്റ് സാധ്യമാകുന്നതാണ് സംവിധാനം.

മുഴുവന്‍ ജനങ്ങളും തങ്ങളുടെ പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തി ഒരു പ്രാവശ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉപയോഗിച്ച പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നത് വരെ ഇത്തരത്തില്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ രാജ്യത്തിനകത്ത് കടക്കുകയും പുറത്തുപോവുകയും ചെയ്യാം. പാസ്‌പോര്‍ട്ട് പുതുക്കുന്ന പക്ഷം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും. യാത്രക്കാരന്റെ മുഖവും കൈവിരലുകളും സ്മാര്‍ട് ഗേറ്റ് വഴി സ്‌കാന്‍ ചെയ്താണ് എന്‍ട്രിയും എക്‌സിറ്റും സാധ്യമാവുക.
നിലവില്‍ ഇ-ഗേറ്റ് കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഇത്തരം സംവിധാനം ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ട്. ദുബൈ വിമാനത്താവളങ്ങളില്‍ എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ചും സ്മാര്‍ട്‌ഗേറ്റ് വഴി വരികയും പോവുകയും ചെയ്യാനുള്ള സൗകര്യവുമുണ്ട്.
കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രാലയം ജനറല്‍ ഇന്‍സ്‌പെക്ടര്‍ മേജര്‍ ഡോ. അഹ്മദ് നാസര്‍ അല്‍ റഈസി, ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് അല്‍ സിരി അല്‍ ശംസി തുടങ്ങിയവരും പങ്കെടുത്തു.