Connect with us

National

സി ബി ഐ മുന്‍ ഡയറക്ടര്‍ക്ക് എതിരെ അന്വേഷണം

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി ബി ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. കേസ് അട്ടിമറിക്കാന്‍ സിന്‍ഹ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഇക്കാര്യം പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

രണ്ടംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും പൊതുജന താത്പര്യമുള്ള കേസായതിനാല്‍ സി ബി ഐ ഡയറക്ടര്‍ കേസില്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം അവസാനിപ്പിച്ച ചില കേസുകളുടെ രേഖകള്‍ സമര്‍പ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടതിനാല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് അഭിപ്രായമറിയിക്കാന്‍ കോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കുറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ഉത്തരവിറക്കിയത്.
അന്വേഷണം നേരിടുന്ന കമ്പനികളുടെ മേധാവികളുമായി രഞ്ജിത്ത് സിന്‍ഹ ഔദ്യോഗിക വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സുപ്രീം കോടതി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം മുന്‍ സി ബി ഐ ഡയറക്ടര്‍ എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. റിപ്പോര്‍ട്ടില്‍ സിന്‍ഹ അധികാര ദുര്‍വിനിയോഗം ചെയ്തതായും പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നതര്‍ക്ക് വേണ്ടി ഇടപെട്ട് സിന്‍ഹ കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് നേരത്തെ കോമണ്‍കോസ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കല്‍ക്കരി അഴിമതിക്കേസുമായി ബന്ധമുള്ള ഉന്നതരെ സിന്‍ഹ സന്ദര്‍ശിച്ചുവെന്നും ഇതിന് ശേഷമാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നുമാണ് ഇവര്‍ ഉയര്‍ത്തിയ ആരോപണം. രണ്ട് വര്‍ഷം മുമ്പാണ് സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രഞ്ജിത് സിന്‍ഹ വിരമിച്ചത്.
കഴിഞ്ഞ ജൂലൈ പന്ത്രണ്ടിനാണ് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയത്. രഞ്ജിത് സിന്‍ഹ വിരമിച്ച ശേഷം സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സിന്‍ഹയുടെ സന്ദര്‍ശക ലിസ്റ്റ് അടക്കം കോടതിയില്‍ സമര്‍പ്പിച്ചത്. കല്‍ക്കരികേസിലെ പ്രതികള്‍ രഞ്ജിത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിനായി കോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്. കേസില്‍ അന്വേഷണ നടപടികള്‍ ദ്രുതഗതിയില്‍ നടത്താനും ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം