Kannur
ജൈവ പച്ചക്കറി വിപണനത്തിന് 200 ഇക്കോ ഷോപ്പുകള്‍ കൂടി
കണ്ണൂര്‍: ജൈവ കാര്‍ഷിക ഉത്പന്നങ്ങളോട് ജനങ്ങള്‍ക്ക് പ്രിയമേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉത്പാദനത്തിനും വിപണനത്തിനുമായി കൃഷിവകുപ്പ് വിപുലമായ പദ്ധതികള്‍ തുടങ്ങുന്നു. റബ്ബറിന് ഇടവിളകൃഷിയായി പച്ചക്കറി ചെയ്യുന്നതുള്‍പ്പെടെ പുതുതായി അമ്പതിനായിരം ഹെക്ടറില്‍ കൂടി പച്ചക്കറികൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. വിത്തു മുതല്‍ വിപണിയിലെത്തിക്കുന്നത് വരെ വിഷരഹിതമായി ജൈവ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഇനങ്ങള്‍ ജി എ പി (നല്ല കാര്‍ഷിക മുറകള്‍) സര്‍ട്ടിഫിക്കേഷനോടെ ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന നടത്തുന്നതിനായി ഇതിനകം തുടങ്ങിയിട്ടുള്ള ഇക്കോ ഷോപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കും. 200 ഇക്കോ ഷോപ്പുകളാണ് ജൈവ പച്ചക്കറികളുമായി ഈ വര്‍ഷം തുറക്കുന്നത്. വിവിധ ജില്ലകളിലായി നിലവില്‍ 66 ഇക്കോഷോപ്പുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ ജില്ലകളിലും ഇക്കോ ഷോപ്പുകള്‍ തുടങ്ങുന്നതിനായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. ഒരു ഇക്കോഷോപ്പിന് രണ്ട് ലക്ഷം രൂപ എന്ന നിലയിലാണ് ഇപ്പോള്‍ തുക അനുവദിക്കുന്നത്. കണ്ണൂരുള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളിലും കൂടുതല്‍ ഇക്കോഷോപ്പുകളുടെ പ്രവര്‍ത്തനം അടുത്തു തന്നെ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സിറാജിനോട് പറഞ്ഞു. ഇക്കോ ഷോപ്പുകളിലേക്കായി എല്ലായ്‌പ്പോഴും നല്ല പച്ചക്കറി ലഭ്യമാക്കുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്. വര്‍ഷം മുഴുവന്‍ പച്ചക്കറിയുടെ ലഭ്യതയും വിപണനവും സുഗമമാക്കുന്നതിനായി 52 ആഴ്ചകള്‍ നീളുന്ന ഉത്പാദന പ്ലാന്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
14 ജില്ലകളിലും വിഷരഹിത പച്ചക്കറിയുത്പാദിപ്പിക്കാനുള്ള നടപടികളുണ്ടാകും. ഉത്പാദനം കാര്യക്ഷമമാക്കാന്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ത്തന്നെ ജൈവവളം ഉത്പാദിപ്പിക്കുന്നതിന് 1622 റൂറല്‍ കമ്പോസ്റ്റിംഗ് യൂനിറ്റും 1352 മണ്ണിര കമ്പോസ്റ്റിംഗ് യൂനിറ്റും നിര്‍മിച്ചിട്ടുണ്ട്. ഇതിനെല്ലാമായി 182.50 ലക്ഷം രൂപയാണ് ധന സഹായമായി അനുവദിക്കപ്പെട്ടിട്ടുള്ളത്. നല്ല കൃഷി മുറകള്‍ പാലിച്ച് സുരക്ഷിതമായ പഴം, പച്ചക്കറി എന്നിവ ഉത്പാദിപ്പിക്കാന്‍ 407 ക്ലസ്റ്ററുകളാണ് ഇതിനകം തുടങ്ങിയത്. ഒരു ഹെക്ടറിന് 3000 രൂപ നിരക്കില്‍ ക്ലസ്റ്ററുകള്‍ക്ക് 305.609 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്.
ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങുന്ന “ഓണത്തിന് ഒരു മുറം പച്ചക്കറി” പദ്ധതിക്കായുള്ള 45 ലക്ഷം പച്ചക്കറി തൈകളുടെ ഉത്പാദനത്തിന് ഇതിനകം നടപടി തുടങ്ങിയിട്ടുണ്ട്. വിവിധ ഇനങ്ങള്‍ അടങ്ങിയ 40 ലക്ഷം പച്ചക്കറി വിത്തുപായ്ക്കറ്റുകളും പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ച 37000 ഗ്രോബാഗ് യൂനിറ്റുകളും തയ്യാറാക്കുന്നുണ്ട്. ഇതിന്റെ വിതരണം അടുത്ത മാസം തുടങ്ങും. ഓണത്തിന് കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വെണ്ട, കുമ്പളം, പടവലം, പയര്‍, ചേന, മത്തന്‍, ചീര തുടങ്ങിയ നാടന്‍ ഇനങ്ങളാണ് ജൈവനാടന്‍ കൃഷിയായി ഇപ്പോള്‍ കൂടുതലായും വില്‍പ്പനക്ക് എത്തുന്നത്. തക്കാളി, കോളി ഫഌവര്‍ തുടങ്ങിയവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വിപണിയിലെത്തുന്നത്. എന്നാല്‍ ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവിള തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഇത്തരം വിളകള്‍ ഇനി വിപണനത്തിനായി ഇക്കോ ഷോപ്പുകളിലെത്തിക്കാനാണ് പദ്ധതി. ജൈവ പച്ചക്കറി വില്‍പനശാലകള്‍ എന്ന പേരില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വില്‍പനശാലകളില്‍ വില്‍ക്കുന്ന പച്ചക്കറികളും കാര്‍ഷിക ഉത്പന്നങ്ങളും ജൈവം തന്നെയാണോയെന്ന് പരിശോധിക്കുന്ന നടപടികള്‍ക്കും ഇതോടൊപ്പം തുടക്കമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വില്‍പ്പന സ്റ്റാളുകള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ തുടങ്ങുന്നത്. അന്യ സംസ്ഥാന പഴംപച്ചക്കറികള്‍ ജൈവ ഉത്പന്നങ്ങള്‍ എന്ന പേരില്‍ 10 മുതല്‍ 20 രൂപ വരെ അധിക വില ഈടാക്കി വിറ്റഴിക്കുന്ന പ്രവണതയുള്‍പ്പടെ തടയാന്‍ പുതിയ നടപടികള്‍ കൊണ്ട് സാധിക്കുമെന്നാണ് കൃഷി വകുപ്പ് കരുതുന്നത്.