Articles
സംശയങ്ങളും മറുപടിയും
മുബ്തദിഉകളുമായുള്ള ബന്ധത്തെക്കുറിച്ചു ചിലര്‍ സംശയനിവാരണം തേടിയിട്ടുണ്ട്. മുബ്തദിഇന്റെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാതെ ബന്ധവിച്ഛേദം നടത്തുന്നതു നീതിരഹിതമല്ലേ എന്നാണ് ആദ്യമായി ഉയരുന്ന ചോദ്യം. ഒരു കാര്യം നീതിയോ അനീതിയോ എന്നു തീരുമാനിക്കേണ്ടത് അതിന്റെ വക്താക്കളാണ്. ശര്‍ഈ നിയമത്തിന്റെ കാര്യത്തില്‍ അല്ലാഹുവും റസൂലുമാണ്.
ദീനിന്റെ വാഹകരായ ഇമാമുകളും അവരുടെ പരമ്പര മുറിയാത്ത ആലിമുകളുമാണ് ശര്‍അ് നമുക്കെത്തിച്ചു തന്നത്. അതപ്പടി സ്വീകരിക്കുകയാണു നീതി. അവരെ താറടിക്കുന്ന കണ്ടുപിടുത്തത്തിനു മുതിരുന്നതാണ് ഒന്നാമത്തെ അനീതി, മാത്രമല്ല ഖയ്‌റിന്റെയും അസറി(പാരമ്പര്യം)ന്റെയും ആള്‍ക്കാരെ ആക്ഷേപിക്കല്‍ ബിദ്അത്തിന്റെ പാര്‍ട്ടിക്കാരുടെ ലക്ഷണവുമാണ്. ഗൗസുല്‍അഅഌ മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ഗുന്‍യത്തില്‍ പറയുന്നു: “”ബിദ്അത്തിന്റെ അഹ്‌ലുകാര്‍ക്കു പല അടയാളങ്ങളുമുണ്ട്. അടയാളങ്ങള്‍കൊണ്ട് അവര്‍ അറിയപ്പെടുകയും ചെയ്യും. ബിദ്അത്തുകാരുടെ അടയാളമാണ് അസറിന്റെ അഹ്‌ലുകാരെ ആക്ഷേപിക്കല്‍””(ഗുന്‍യത്ത്: 1/90). ആകയാല്‍ പൂര്‍വിക മഹാന്മാരുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുകയും അവരെക്കുറിച്ച് ആക്ഷേപിക്കാന്‍ കാരണമായിത്തീരുകയും ചെയ്യുന്നതാണു കടുത്ത അനീതി.
രണ്ടാമത്തെ സംശയം; മുസ്‌ലിമായ മയ്യിത്തിനെല്ലാം ജനാസ നിസ്‌കരിക്കണമെന്നു തുഹ്ഫയിലും മറ്റും ഉണ്ടെന്നു ചിലര്‍ പറയുന്നുവെന്നതാണ്.
ഇമാം നവവി(റ)വിന്റെ മിന്‍ഹാജിന്റെ വ്യാഖ്യാനമാണു തുഹ്ഫ. മിന്‍ഹാജില്‍ പറയുന്നതു മയ്യിത്ത് നിസ്‌കാരത്തിന് (അതു ശരിയാവാന്‍) റുക്‌നുകള്‍ ഉണ്ടെന്നാണ്. മയ്യിത്ത് നിസ്‌കാരം സ്വഹീഹാവാന്‍ ഇത്ര ഫര്‍ളുകള്‍ ഉണ്ട് എന്ന വാചകത്തില്‍നിന്നു നിസ്‌കാരം നിര്‍ബന്ധമാണെന്നു കണ്ടുപിടിക്കുന്നത് എങ്ങനെയെന്നു മനസ്സിലാകുന്നില്ല. അന്യന്റെ ഭൂമി കൈയേറിയ ഒരാള്‍ അതില്‍വെച്ച് നിസ്‌കരിക്കല്‍ ഹറാമാണ്. എന്നാല്‍ ഹറാമാണെങ്കില്‍ പോലും നിസ്‌കാരം സ്വഹീഹാവാന്‍ 14 ഫര്‍ളുകള്‍ ഉണ്ട്. നിസ്‌കാരം സ്വഹീഹാവാന്‍ പതിനാല് ഫര്‍ളുകളുണ്ടെന്നതില്‍ നിന്നു കൈയേറിയ ഭൂമിയില്‍ നിസ്‌കരിക്കല്‍ അനുവദനീയമാണെന്നു പറയുമോ?
ഇനി തുഹ്ഫയില്‍ ഇബ്‌നുഹജര്‍(റ) എന്തു പറഞ്ഞു എന്നു നോക്കാം. ഇസ്‌ലാം കൊണ്ട് വിധിക്കപ്പെട്ട ശഹീദല്ലാത്ത ആള്‍ എന്നാണു മയ്യിത്തിന്റെ വിവക്ഷയെന്നു തുഹ്ഫ പറയുന്നു. ഇവിടെ ഇസ്‌ലാം കൊണ്ട് വിധിക്കപ്പെട്ടവര്‍ എന്നു വിവക്ഷ കൊടുക്കുന്നതോടൊപ്പം ശഹീദല്ലാത്ത എന്ന വാചകംകൊണ്ട് ശഹീദിനെ മുസ്‌ലിമായ മയ്യിത്തില്‍നിന്ന് ഒഴിച്ചുനിറുത്തിയതായി കാണാം. മുസ്‌ലിമാണെന്ന് ഹുക്മ് ചെയ്യുന്നതോടൊപ്പം തന്നെ തുഹ്ഫ ശഹീദിനെ മാറ്റി നിറുത്തിയിരിക്കുന്നു. മറ്റാരെയും ഒഴിവാക്കേണ്ടതില്ലെന്നും ശഹീദ് മാത്രമേ ഒഴിച്ചു നിറുത്തേണ്ടതായുള്ളൂ എന്നുള്ള “ഹസ്വ്ര്‍”(ക്ലിപ്തം) ആ വാചകത്തില്‍ കാണുന്നില്ല. പിന്നെങ്ങനെയാണ് ശഹീദല്ലാതെ ഇസ്‌ലാംകൊണ്ട് വിധിക്കപ്പെട്ടവര്‍ക്കെല്ലാം നിസ്‌കരിക്കണം എന്നു കണ്ടുപിടിക്കുക? മാത്രമല്ല; മയ്യിത്ത് നിസ്‌കാരത്തിന്റെ സാധുതയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ടാണു ശഹീദിനെ ഒഴിവാക്കുന്നത്. അപ്പോള്‍ ബിദ്അത്തുകാരുടെ പ്രശ്‌നം ഉദിക്കുന്നില്ല. മുബ്തദിഇനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കണമോ എന്നതല്ല തുഹ്ഫയുടെ ചര്‍ച്ച. ചുരുക്കത്തില്‍ പ്രസ്തുത വാചകത്തില്‍ നിസ്‌കരിക്കല്‍ നിര്‍ബന്ധമാണെന്ന ഹുക്മ് ഇല്ല. അതോടൊപ്പം ശഹീദല്ലാത്ത എല്ലാ മുസ്‌ലിമിനും എന്ന വ്യാപകാര്‍ഥവും ഉദ്ദേശ്യമില്ലെന്നു മനസ്സിലാക്കാവുന്നതാണ്. ഇക്കാര്യം തുഹ്ഫയുടെ അടുത്ത പേജ് തന്നെ വ്യക്തമാക്കുന്നു. “മുസ്‌ലിമാണെന്നു സംശയിച്ചവര്‍ക്കു നിസ്‌കരിക്കുന്നതും ഹറാമാണ്” എന്നു തുഹ്ഫ പ്രത്യേകം എടുത്തു പറഞ്ഞപ്പോള്‍ ശഹീദല്ലാത്ത മറ്റാരെയും ഒഴിവാക്കേണ്ടതില്ലെന്ന “ഹസ്വ്‌റ്” പൊളിഞ്ഞുവല്ലോ.
സമസ്ത കേരള ജംഇയ്യത്തുല്‍ഉലമായുടെ ദീര്‍ഘദര്‍ശികളായ സൂത്രധാരരില്‍ പ്രധാനിയും നാല് മദ്ഹബുകളില്‍ ആധികാരിക ഫത്‌വക്ക് അര്‍ഹനായതിനാല്‍ ഹൈദരാബാദ് നൈസാമിന്റെ പ്രത്യേക പരിഗണനയും പാരിതോഷികവും ശമ്പളവും ലഭിച്ച മഹാനുമായ അബുസ്സആദാത്ത് അഹ്മദ് കോയ ശാലിയാത്തി(ന.മ), സമസ്തയുടെ വൈസ് പ്രസിഡന്റും അംഗീകൃത മുഫ്തിയുമായിരുന്ന കൊയപ്പ കുഞ്ഞായന്‍ മുസ്‌ലിയാര്‍, സമസ്തയുടെ മുന്‍ പ്രസിഡന്റ് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, മുന്‍ സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മുതലായവര്‍ വഹാബി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി മുബ്തദിഉകള്‍ക്കുവേണ്ടി മയ്യിത്ത് നിസ്‌കരിക്കാന്‍ പാടില്ലെന്നു ഫത്‌വ ചെയ്തിരിക്കുന്നു. പ്രസ്തുത പണ്ഡിതന്മാരുടെ ഫത്‌വാകള്‍ ഖിയാസ് ആണെന്നും അപ്രകാരം ഖിയാസ് പാടില്ലെന്നും ചിലര്‍ എഴുതിവിട്ടിരിക്കുകയാണ്. ഇതു വളരെ വിചിത്രമായ നിലപാടാണ്.
ഒരു വിഷയം അങ്ങനെത്തന്നെ പൂര്‍വകാല മുഫ്തികള്‍ ഫത്‌വ നല്‍കിക്കണ്ടാലല്ലാതെ, ഫത്‌വാക്കര്‍ഹരല്ലാത്തവര്‍ ഫത്‌വ ചെയ്യരുത്; തത്തുല്യ മസ്അലയും ഫത്‌വയും കണ്ടാല്‍ത്തന്നെയും എന്ന് ഇബ്‌നുഹജര്‍(റ) ഫതാവല്‍കുബ്‌റയില്‍(4/296) പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഗുന്‍യത്തും മറ്റും ആധാരമാക്കി ശാലിയാത്തിയും കുഞ്ഞായിന്‍ മുസ്‌ലിയാരും കണ്ണിയത്തും ഇ കെയും മറ്റും ഫത്‌വ കൊടുത്തത് പാടില്ലാത്തവയാണത്രെ! വാസ്തവത്തില്‍ ഒന്നോ രണ്ടോ കിതാബുകള്‍ ഓതി ഫത്‌വക്ക് അര്‍ഹതയില്ലാത്ത ആള്‍ക്ക് ഫത്‌വാ കൊടുക്കാമോ എന്ന ചോദ്യത്തിനാണ് ഇബ്‌നുഹജര്‍(റ) ഈ മറുപടി കൊടുത്തതെന്നോര്‍ക്കണം. തുടര്‍ന്നു ഫിഖ്ഹിന്റെ എല്ലാ ബാബുകളിലും തന്റെ ഇമാം സ്പഷ്ടമാക്കിയ കാര്യത്തില്‍ സ്പഷ്ടമാക്കാത്തതിനെ ഖിയാസാക്കാന്‍ സാധിക്കുംവിധമുള്ള അസ്ഹാബുല്‍വുജൂഹ് ഹിജ്‌റ നാനൂറ് മുതല്‍ അറ്റുപോയിരിക്കുന്നു എന്നുകൂടി മഹാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഉദ്ധരിച്ചശേഷം ഒരു തൂലികക്കാരന്‍ ഖിയാസാക്കാം എന്ന വാദത്തിന് വാതം പിടിച്ചുവെന്നു പരിഹസിച്ചു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഈ പരിഹാസം ഉന്നതവ്യക്തികളോടും നാല് മദ്ഹബിലും സമുദ്രതുല്യരായ ശാലിയാത്തിയെപ്പോലുള്ളവരോടുമാണെന്ന് ഒരുപക്ഷേ, ഇത്തരക്കാര്‍ ചിന്തിച്ചു കാണില്ല.
തുല്യമായ മസ്അലയില്‍നിന്നു ഖിയാസാക്കാന്‍ പാടില്ലെന്നു പറഞ്ഞതുകൊണ്ടു ഫത്‌വയുടെ വാതില്‍ തന്നെ അടഞ്ഞുവെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ -മആദല്ലാഹ്- അങ്ങനെയൊരുകാലത്തു നാമെങ്ങനെ ജീവിക്കും? സമകാലിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും ഇല്ലെന്നു വരില്ലേ? എന്നാലതല്ല കാര്യം. ഇമാമുകള്‍ പറഞ്ഞത് വുജൂഹ് ഗവേഷണം ചെയ്‌തെടുക്കാന്‍ കഴിവുള്ള മുജ്തഹിദുല്‍ മദ്ഹബിനെക്കുറിച്ചാണെന്നത് അന്യായമായി പരിഹസിക്കുന്നവര്‍ പഠിച്ചിട്ടുണ്ടാവില്ല.
മഹാന്മാരായ മുഫ്തികള്‍ ആധാരമാക്കിയ ഗുന്‍യത്തിനെക്കുറിച്ചു തെറ്റിദ്ധാരണ ഉളവാക്കാന്‍ ചിലര്‍ ദുഷ്പ്രചാരണം നടത്തുകയാണ്. ഗുന്‍യത്തിന്റെ കര്‍ത്താവ് ശയ്ഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ഹമ്പലീ മദ്ഹബുകാരനാണ്, ശാഫിഈ അല്ല എന്നൊക്കെയാണു ചിലരുടെ വാദങ്ങള്‍. എന്നാല്‍ യഥാര്‍ഥത്തില്‍ ശാഫിഈ മദ്ഹബില്‍ അഗാധപാണ്ഡിത്യം കരസ്ഥമാക്കിയശേഷം പ്രത്യേക സാഹചര്യത്തില്‍ ശയ്ഖ് ജീലാനി(റ) ഹമ്പലീ മദ്ഹബ് സ്വീകരിക്കുകയാണുണ്ടായത്.
ഫിഖ്ഹും തസവ്വുഫും അഖീദഃയും എല്ലാം മേളിപ്പിച്ച്, കോടിക്കണക്കിനു ശിഷ്യന്മാരുടെ ആവശ്യം കണ്ടറിഞ്ഞു ക്രോഡീകരിച്ച ഗുന്‍യത്ത് തസവ്വുഫ് ഗ്രന്ഥമാണെന്നും ഹമ്പലീ മദ്ഹബാണെന്നും മറ്റും പറഞ്ഞു തള്ളുന്നതു കണ്ണില്‍ പൊടിയിടാനേ ഉപകരിക്കൂ. ഗുന്‍യത്തില്‍ മുബ്തദിഉകള്‍ക്കു നിസ്‌കാരം പാടില്ല എന്നില്ല; ഏറ്റവും നല്ലത് നിസ്‌കരിക്കാതിരിക്കലാണെന്നേ പറഞ്ഞിട്ടുള്ളൂ എന്ന് മറ്റു ചിലരും ആശ്വസിക്കുന്നതായി കാണുന്നു. അശ്രദ്ധയോ മറിമായമോ എന്നേ അതേക്കുറിച്ചു പറയാനാകൂ. അഹ്‌ലുസ്സുന്നഃയെ അനുകരിക്കലും ബിദ്അത്തുകാരുമായി ബന്ധപ്പെടാതിരിക്കലും നിര്‍ബന്ധമാണ്. അവര്‍ മരിച്ചാല്‍ ജനാസ നിസ്‌കരിക്കാതിരിക്കല്‍ നിര്‍ബന്ധമാണെന്ന വാചകം ബന്ധവിച്ഛേദത്തിന് അദ്ദേഹം നിരത്തിയ തെളിവുകളിലൊന്നാണ്. എന്നിട്ടും ബിദ്അത്തുകാരുടെമേല്‍ നിസ്‌കരിക്കുന്നതു നല്ലതല്ല എന്നേ പറഞ്ഞിട്ടുള്ളൂ എന്നു പറഞ്ഞു തടിതപ്പുന്നത് മറ്റാരുടെയെങ്കിലും കാല്‍ക്കീഴില്‍ സ്വന്തം ബുദ്ധി പണയപ്പെടുത്തുന്നതിനു തുല്യമാണ്.
ഗുന്‍യത്തിന്റെ മുസ്വന്നിഫ് രണ്ടു മദ്ഹബ്(ശാഫിഈ, ഹമ്പലീ) സ്വീകരിച്ചതുകൊണ്ട് ഗുന്‍യത്ത് ഹമ്പലീ മദ്ഹബ് അനുസരിച്ചായിരിക്കണമെന്നില്ല. ആദ്യം സ്വീകരിച്ച ശാഫിഈ മദ്ഹബ് അനുസരിച്ചുമാകാം. മാത്രമല്ല; ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇബ്‌നുഹജര്‍(റ) “അസ്സവാരിഖുല്‍മുഹ്‌രിഖ”യില്‍ ഗുന്‍യത്തിനെ ഉദ്ധരിക്കുന്നതുകൊണ്ട് ഗുന്‍യത്ത് പറഞ്ഞതു ശാഫിഈ മദ്ഹബ് അനുസരിച്ചാണെന്നതു വളരെ വ്യക്തമാണ്. അല്ലെന്നതിന് ഇക്കൂട്ടരൊന്നും തെളിവുദ്ധരിച്ചിട്ടുമില്ല.
ഈ തീരുമാനം രേഖപ്പെടുത്തിയ ഗൗസുല്‍അഅഌമും ശാലിയാത്തിയും അവസാനം ഇ കെ അടക്കമുള്ളവരും അതിനു നിദാനമായി പറയുന്നത് “സജ്ര്‍” മാത്രമല്ല മുബ്തദിഉകളോടു നല്ല വിചാരം ഉണ്ടാക്കാനും അവരെ പിന്‍പറ്റാനും കാരണമാവുകയും ചെയ്യാതിരിക്കാന്‍ എന്നുകൂടിയാണ്. ഇതു ഫുഖഹാഅ് പ്രധാനമായി അംഗീകരിച്ച നിദാനവുമാണ്. ഉസ്വൂലിന്റെ പണ്ഡിതന്മാര്‍ ഇത്തരം നിദാനത്തെക്കുറിച്ചു “മുനാസബത്ത്” എന്ന സാങ്കേതിക പദമാണു ഉപയോഗിക്കുന്നതെന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ബിദ്അത്തിലേക്കു പ്രേരിപ്പിക്കുക എന്ന മുനാസബത്ത് കാരണം അവരുമായി ബന്ധം വിഛേദിക്കണം എന്നു ഫത്‌വക്ക് അര്‍ഹതയുള്ളവര്‍ ഫത്‌വ ചെയ്താല്‍, ഒഴികഴിവുകള്‍ പറഞ്ഞ് അതില്‍നിന്നു തടിയൂരാന്‍ നോക്കുന്നതു ശരീഅത്തിനോടുള്ള ധിക്കാരമാണ്. ഫത്‌വക്ക് അര്‍ഹതയില്ലാത്തവരെക്കുറിച്ചു പറഞ്ഞ കാര്യം ഇവിടെ വലിച്ചിഴക്കുന്നതും അസംബന്ധമാണ്. അതുകൊണ്ടാണു പണ്ഡിതനും പാമരനും നേതാവും സാധാരണക്കാരും മുബ്തദിഉകളുടെ ജനാസ സംസ്‌കരണത്തില്‍ പങ്കെടുത്തും മയ്യിത്ത് നിസ്‌കരിച്ചും അയാളെക്കുറിച്ചു നല്ല വിചാരം ഉണ്ടാക്കുന്നതിനെ പണ്ഡിതന്മാര്‍ തടഞ്ഞത്. ഇതു സാധാരണക്കാരനു കറാഹത്തും അനുകരിക്കപ്പെടുന്നവര്‍ക്കു ഹറാമുമായിത്തീരുമെന്നാണു പണ്ഡിതവിധി. മറഞ്ഞ മയ്യിത്തിന്റെമേല്‍ നിസ്‌കരിച്ച് അവരെക്കുറിച്ചു ജനഹൃദയത്തില്‍ നല്ല വിചാരം ഉണ്ടാക്കുന്നതും ഈ ഇനത്തില്‍ പെടുന്നു.
ഫര്‍ള് കിഫായുടെ ഇനത്തെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്നോര്‍ക്കണം. അതുകൊണ്ട് ശറഹുല്‍അഖാഇദ്, മിര്‍ഖാത് മുതലായ ഗ്രന്ഥങ്ങളിലെ ചില വാക്കുകള്‍ പകര്‍ത്തി വ്യാഖ്യാനിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്നതു വിശ്വാസികള്‍ കരുതിയിരിക്കണം. ഫര്‍ള് കിഫായഃയെക്കുറിച്ചു ഞാന്‍ പലവുരു എഴുതിയിട്ടുണ്ട്. നാല് മദ്ഹബുകളിലെ ആധികാരിക മുഫ്തികളായ വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാത്തിലെ ഉന്നതശീര്‍ഷരായ ഉലമാക്കള്‍ നല്‍കിയതുമായ ഫത്‌വ മനസ്സിരുത്തി വായിച്ചാല്‍ സംശയനിവാരണം വരുത്താവുന്നതാണ്.
(അവസാനിച്ചു)