Connect with us

Articles

സി ബി എസ് ഇയും ആശയക്കുഴപ്പങ്ങളും

Published

|

Last Updated

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നൊരു ചൊല്ല് മലയാളത്തില്‍ ഏറെ പരിചിതമാണ്. കൃത്യമായ ലക്ഷ്യത്തിലല്ലാതെ ചെയ്യുന്ന പ്രവൃത്തികളെ വിമര്‍ശിക്കുന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോര്‍ഡായ സി ബി എസ് ഇ. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒന്ന് പറയുക, വര്‍ഷം അവസാനിക്കാനിരിക്കുമ്പോള്‍ നേരത്തെ പറഞ്ഞതെല്ലാം മാറ്റാന്‍ പറയുക, പിന്നീട് എന്ത് ചെയ്യണമെന്ന് വ്യക്തമായി പറയാതിരിക്കുക, ഇങ്ങനെയൊക്കെയാണ് സി ബി എസ് ഇ ചില നേരങ്ങളില്‍ തീരുമാനമെടുക്കുന്നത്. അത് രാജ്യത്തും പുറത്തും പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കുന്നുവെന്നൊന്നും തലപ്പത്തിരിക്കുന്നവര്‍ക്ക് ആലോചിക്കേണ്ടതില്ല. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സി ബി എസ് ഇയുടെ സര്‍ക്കുലര്‍ അത്തരത്തിലുള്ളതാണ്.
സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് ആദ്യവാരത്തോടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷത്തിന്റെ അവസാന കടമ്പയായി വാര്‍ഷിക പരീക്ഷ നടക്കാനിരിക്കുന്നു.

ബോധനം നടത്തിയ പാഠഭാഗങ്ങളെല്ലാം പുനരാവര്‍ത്തി വായിച്ച് കുട്ടികള്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കിലാണിപ്പോള്‍. പരീക്ഷാ ചോദ്യപേപ്പറുകളും അനുബന്ധ സംവിധാനങ്ങളുമെല്ലാം തയ്യാറാക്കി അധ്യാപകരും തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നു. ഈ അവസരത്തിലാണ് സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയുമെല്ലാം ഏറെ ആശയകുഴപ്പത്തിലാക്കുന്ന നിര്‍ദേശങ്ങളുമായി സി ബി എസ് ഇ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ നടപ്പിലാക്കിയ മൂല്യനിര്‍ണയ രീതികള്‍ അപ്പാടെ മാറ്റണമെന്നാണ് പുതിയ ബോധോദയം.

സി ബി എസ് ഇ സ്‌കൂളുകളുടെ ഉള്ളടക്കത്തിലും മൂല്യനിര്‍ണയത്തിലും നിരവധി മാറ്റങ്ങളാണ് ഈ അധ്യയന വര്‍ഷത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നത്. ഏഴ് വര്‍ഷത്തോളമായി നടപ്പിലാക്കിയിരുന്ന നിരന്തര മൂല്യനിര്‍ണയ രീതി 2017 അക്കാദമിക വര്‍ഷത്തോടെ അവസാനിപ്പിക്കുകയായിരുന്നു. ഈ സമ്പ്രദായ പ്രകാരം വിദ്യാര്‍ഥിയുടെ ഓരോ പുരോഗതിയും നിരന്തരമായി മൂല്യനിര്‍ണയം നടത്തണം. ഇതിനായി നിരവധി പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതോടൊപ്പം പരീക്ഷകളില്‍ ലഭിക്കുന്ന മാര്‍ക്കും കൂട്ടിയാണ് വിദ്യാര്‍ഥിയെ വിലയിരുത്തിയിരുന്നത്.
ഇതെല്ലാം മാറ്റി പുതിയ മൂല്യനിര്‍ണയ രീതി കൊണ്ടുവന്നു. പുതിയ നിര്‍ദേശങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പഴയ വാര്‍ഷിക പരീക്ഷാ സമ്പ്രദായം വീണ്ടും തിരികെക്കൊണ്ടുവരുന്നു എന്നതാണ്. 2009ലാണ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമില്ലെന്നും സിലബസ് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രം പരീക്ഷ എഴുതിയാല്‍ മതിയെന്നും സി ബി എസ് ഇ നിര്‍ദേശിച്ചത്. തുടര്‍ന്ന് 2011-12 അധ്യയന വര്‍ഷം മുതല്‍ രണ്ട് ഓപ്ഷനുകള്‍ക്കുള്ള സൗകര്യം നടപ്പിലാക്കി. വിദ്യാര്‍ഥികളുടെ പരീക്ഷാ ഭാരം കുറക്കാനായാണ് സി ബി എസ് ഇ ഈ പരിഷ്‌കരണം നടപ്പിലാക്കിയത്. എന്നാല്‍ വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമേ സി ബി എസ് ഇയുടെ സ്‌കൂള്‍ പരീക്ഷകള്‍ എഴുതുന്നുള്ളുവെന്ന് പിന്നീട് ബോധ്യമായി. 2014ല്‍ 1.6 കോടി വരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികളില്‍ വെറും ഏഴ് ലക്ഷം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂള്‍ നടത്തിയ പരീക്ഷ എഴുതിയത്.
ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 50 ശതമാനം സിലബസ് തീരുന്ന വിധത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററുകള്‍ക്കും പഠിക്കേണ്ടിയിരുന്നത്. പുതിയ തീരുമാന പ്രകാരം മുഴുവന്‍ സിലബസും ഉള്‍കൊള്ളുന്ന വാര്‍ഷിക പരീക്ഷയാണ് തിരിച്ചുവരുന്നത്. 80 മാര്‍ക്ക് പരീക്ഷയിലൂടെയും 20 മാര്‍ക്ക് ഇന്റേനലായും പരമാവധി 100 മാര്‍ക്കാണ് ഓരോ വിഷയത്തിനും കണക്കാക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണ നടത്തുന്ന പരീക്ഷകളുടെ ശരാശരിയും അവസാന ഫലത്തിലേക്ക് ചേര്‍ക്കപ്പെടും
ചുരുക്കത്തില്‍ പരീക്ഷാ കേന്ദ്രീകൃതമായ സമ്പ്രദായത്തിലേക്ക് മാറി. ആകെയുള്ള നൂറ് മാര്‍ക്കില്‍ 33 ശതമാനമാണ് വിജയിക്കാന്‍ വേണ്ടത്. ചുരുക്കത്തില്‍ ഒന്നാം സെമസ്റ്ററിന് ഒരു വിഷയത്തിന് എട്ട് പാഠഭാഗങ്ങള്‍ പഠിച്ചിരുന്ന രീതിക്ക് പകരം രണ്ടു സെമസ്റ്ററുകള്‍ക്കും ഉള്‍പ്പെട്ടിരുന്ന പാഠഭാഗങ്ങളാണ് വാര്‍ഷിക പരീക്ഷക്ക് പഠിക്കേണ്ടത്. ഇവക്ക് മുമ്പായി മൂന്ന് പരീക്ഷകള്‍ നടത്തേണ്ടതുണ്ട്. നേരത്തെ ഓണപ്പരീക്ഷ, അരക്കൊല്ല പരീക്ഷ എന്നൊക്കെ എഴുതിയത് പോലെ മൂന്ന് പരീക്ഷകള്‍ പീരിയോഡിക് ടെസ്റ്റുകളായി നടത്തേണ്ടതുണ്ട്. ഇപ്രകാരം മൂന്ന് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥിക്ക് വാര്‍ഷിക പരീക്ഷക്ക് പഠന ഭാരം തോന്നില്ലെന്നാണ് സി ബി എസ് ഇ നിഷ്‌കര്‍ഷിച്ചത്.

പുതിയ മാറ്റങ്ങള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ വിമര്‍ശനങ്ങളുണ്ടാക്കി. പഠന ഭാരം കൂടുമെന്നായിരുന്നു പരാതി. ചിലര്‍ സി ബി എസ ്ഇ സിലബസ് ഒഴിവാക്കി സംസ്ഥാന സിലബസുകളിലേക്ക് മാറി. ഒമ്പത്, പത്ത് ക്ലാസുകളില്‍ അക്കാദമിക വര്‍ഷത്തിന്റെ തുടക്കം മുതലുള്ള പാഠഭാഗങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഈ പാഠഭാഗങ്ങളെല്ലാം വാര്‍ഷിക പരീക്ഷക്ക് ഉള്‍പ്പെടുത്തിയാണ് ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്നത്. അതേസമയം ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ യഥാക്രമം പത്ത്, ഇരുപത്, മുപ്പത് ശതമാനം എന്നതോതിലാണ് ആദ്യത്തെ ടേമില്‍ നിന്ന് വാര്‍ഷിക പരീക്ഷക്ക് ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. ഒമ്പതില്‍ എത്തുന്നതോടെ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാനാണ് ഇത്തരത്തില്‍ ശതമാനത്തോതില്‍ പാഠഭാഗങ്ങളെ വിഭജിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് പുറത്തിറക്കിയ അരമറ 14 /2017 നമ്പര്‍ സര്‍ക്കുലറില്‍ ഇക്കാര്യം വിശദമായി നല്‍കിയിരുന്നു.

ജനുവരി 22ന് സി ബി എസ് ഇ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഈ വര്‍ഷത്തില്‍ തുടക്കത്തില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ മൂല്യനിര്‍ണയത്തിനായി പറഞ്ഞതെല്ലാം പിന്‍വലിക്കാനാണ് നിര്‍ദേശം. ഇനി മുതല്‍ ഈ ക്ലാസുകളില്‍ ഏത് മാനദണ്ഡപ്രകാരമാണ് ഇനി മൂല്യനിര്‍ണയം നടത്തേണ്ടതെന്ന കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുമില്ല. ഈ വര്‍ഷം ഇനി ഏത് രീതിയില്‍ പോകണമെന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നു.

ഈ വര്‍ഷം നടപ്പിലാക്കിയ രീതി റദ്ദാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഏത് രീതിയിലാണ് മൂല്യനിര്‍ണയം നടത്തുന്നതെന്നെങ്കിലും സി ബി എസ് ഇ വ്യക്തമാക്കണമായിരുന്നു. ഒരു വശത്ത് അക്കാദമിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് വിവിധ രാജ്യങ്ങളില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ അടുത്ത അക്കാദമിക വര്‍ഷം ആരംഭിക്കുമ്പോള്‍ ഈ സ്‌കൂളുകളുടെ ആസൂത്രണത്തെയെല്ലാം ഈ തീരുമാനമില്ലായ്മ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം നല്‍കണമെന്നും നിരന്തരവും സമഗ്രവുമായി മൂല്യനിര്‍ണയം നടത്തണമെന്നുമുള്ള വ്യവസ്ഥയുണ്ട്. ഈ വര്‍ഷം മുതല്‍ സി ബി എസ് ഇ മൂല്യനിര്‍ണയ രീതിയില്‍ മാറ്റം വരുത്തി. ഓരോ ടേം പരീക്ഷകളുള്ള പഴയ സമ്പ്രദായം പുനഃസ്ഥാപിച്ചത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന കാര്യം ഇപ്പോഴാണ് അധികൃതര്‍ മനസ്സിലാക്കുന്നത്. സി ബി എസ് ഇ നല്‍കിയ പുതിയ തീരുമാനപ്രകാരം കുട്ടി എല്ലാ പാഠഭാഗങ്ങളും പരീക്ഷക്ക് പഠിക്കേണ്ടതില്ല. അപ്പോഴും ഒരു ചോദ്യം ഉയരുന്നുണ്ട്. ഈ കുട്ടികള്‍ ഒമ്പത്, പത്ത് ക്ലാസുകളിലെത്തുമ്പോള്‍ എങ്ങനെയാണ് എല്ലാ പാഠഭാഗങ്ങളും പഠിക്കാനുള്ള മാനസിക നിലവാരത്തിലേക്ക് ഉയരുന്നത്. എട്ടാം ക്ലാസുവരെ അല്‍പ്പ പാഠഭാഗങ്ങള്‍ പഠിച്ച കുട്ടിക്ക് ഒമ്പതിലേക്ക് എത്തുന്നതോടെ പഠനഭാരം വര്‍ധിക്കാനല്ലേ പുതിയ തീരുമാനം വഴിവെക്കുക?

ഇന്ത്യക്ക് പുറത്തും സി ബി എസ് ഇ സിലബസില്‍ പഠിക്കുന്ന നൂറുകണക്കിന് സ്‌കൂളുകളും അവയിലായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും ഉണ്ടെന്ന കാര്യം സി ബി എസ് ഇ അറിയുന്നുണ്ടോ? ആ രാജ്യങ്ങളില്‍ സി ബി എസ് ഇ സിലബസ് പഠിക്കുന്നത് ഇന്ത്യക്കാര്‍ മാത്രമല്ലെന്നത് ഏറെ അത്ഭുതപ്പെടുത്തുന്നതും അതേസമയം അഭിമാനിക്കാവുന്നതുമാണ്. യു എ ഇയിലെ നിരവധി സി ബി എസ് ഇ സ്‌കൂളുകളില്‍ അമേരിക്ക, സ്വീഡന്‍, റഷ്യ, യു കെ, നൈജീരിയ തുടങ്ങി 30 ഓളം രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കുന്നുണ്ട്. അവരെയൊന്നും പ്രതിനിധാനം ചെയ്യുന്ന ഒരു സിലബസ് നമുക്കില്ലെന്നത് പോരായ്മയാണ്. അതവിടെ നില്‍ക്കട്ടെ. എന്നാല്‍, നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രീതിയെ ലോക നിലവാരത്തില്‍ പ്രതിനിധാനം ചെയ്യാന്‍ സി ബി എസ് ഇക്ക് സാധിക്കുമെന്നിരിക്കെ അടിക്കടിയുള്ള ആസൂത്രണമില്ലാതെയുള്ള പരിഷ്‌കരണം ലോകനിലവാരത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് പേരുദോഷം വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആസൂത്രണത്തില്‍ പോലും വലിയ പിഴവുകള്‍ സംഭവിക്കുന്ന ആശാന്മാരായാല്‍ ഭാവിതലമുറയിലെ പിഴക്കുന്ന ശിഷ്യന്മാരുടെ എണ്ണം 51ലല്ല അവസാനിക്കുക.