International
സംവാദത്തിലൂടെ സമാധാനം: ബാന്‍ കി മൂണ്‍
സോള്‍: ആരോഗ്യകരമായ സംവാദമാണ് സമാധാനത്തിലേക്കുള്ള മാര്‍ഗമെന്ന് ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. കൊറിയന്‍ തലസ്ഥാനമായ സോളില്‍ രണ്ടാമത് സമാധാന സമ്മേളത്തിന്റെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കീഴടങ്ങലല്ല സംവാദം. പൂര്‍ണമായ ഒരുമയിലെത്തിയില്ലെങ്കിലും പരസ്പരം അറിയാനുള്ള അവസരമായി ഇത്തരം വേദികള്‍ കാണണം. കരുതലോടെയാണെങ്കിലും ദക്ഷിണ കൊറിയയും അമേരിക്കയും ചര്‍ച്ചകള്‍ക്കൊരുങ്ങുന്നത് പ്രത്യാശ നല്‍കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.ബാന്‍കി മൂണിന്റെ നേതൃത്വത്തിലുള്ള യു എന്‍ ഗ്ലോബല്‍ കോംപാക്റ്റ്, യു എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍, ഗ്ലോബല്‍ കോംപാക്റ്റ് നെറ്റവര്‍ക് കൊറിയ, റിലിജിയസ് ഫ്രീഡം ആന്റ് ബിസിനസ് ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെ 12 അന്താരാഷ്ട്ര സംഘടനകലും അക്കാദമിക് സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ദ്വിദ്വിന സമ്മേളനത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമാധാന പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
2020ല്‍ ജപ്പാനില്‍ നടക്കുന്ന അടുത്ത സമ്മേളനത്തിന്റെ പതാക സംഘാടക സമിതി തലവന്‍ ഡോ. ബ്രയാന്‍ ജെ ഗ്രിമില്‍ നിന്നും ജപ്പാന്‍ മുന്‍ പ്രധാന മന്ത്രി യുകിയോ ഹതയോമ ഏറ്റുവാങ്ങി.
ഇന്ത്യന്‍ പ്രതിനിധിയായി മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംബന്ധിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഴാന്‍ ഫിഗല്‍, മുന്‍ ഐറിഷ് അംബാസിഡര്‍ ഫിലിപ് മക്‌ഡൊണ, കൊറിയയുടെ മുന്‍ കൃഷി മന്ത്രി യങ് ജിന്‍ കിം, യു.എന്‍ ഗ്ലോബല്‍ കോംപാക്റ്റ് അംഗം വൈ. ഡബ്ലിയു ജുനര്‍ദി, ഗ്ലോബല്‍ ബിസിനസ് പീസ് അവാര്‍ഡ് സെക്രട്ടറി ജനറല്‍ ക്യുങ് ഈ യൂ, ചര്‍ച്ച് ഓഫ് ജീസസ് വടക്കെ ഏഷ്യ പ്രസിഡണ്ട് എല്‍ഡര്‍ റോബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐക്യരാഷ്ട്രസഭയുടെ പതിനേഴിന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ബിസിനസ്, സംഘാടനം, മനുഷ്യാവകാശം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവരുടെ കൂട്ടായ്മയായി 2016 ലെ റിയോ പാരാലിംബിക്‌സിനോടനുബന്ധിച്ചാണ് ഗ്ലോബല്‍ ബിസിനസ് ആന്റ് പീസ് അവാര്‍ഡുകളും സമാധാന സമ്മേളനവും ആരംഭിച്ചത്. അടുത്ത സമ്മേളനത്തിന്റെ സംഘാടക സമിതിയിലേക്ക് ഇന്ത്യയില്‍ നിന്നും മഅ്ദിന്‍ അക്കാദമിയെ തിരിഞ്ഞെടുത്തു.