Gulf
യു എ ഇ കടുത്ത ചൂടില്‍; 51 ഡിഗ്രി കടന്നു
ദുബൈ: യു എ ഇ കടുത്ത ചൂടില്‍. ഇന്നലെ അബുദാബി ലിവ മിസൈറയില്‍ 51 .5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സീഹ് അല്‍ സലാമില്‍ 51.4, ശവാമഖ് 50.6, സ്വീഹാന്‍ 50.3 എന്നിങ്ങനെയായിരുന്നു പരമാവധി ചൂട്. വടക്കന്‍ എമിറേറ്റുകളിലും കനത്ത ചൂടായിരുന്നു. കഴിഞ്ഞ ദിവസം ചില സ്ഥലങ്ങളില്‍ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് ശമനമില്ല. അന്തരീക്ഷ ഈര്‍പം വര്‍ധിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നു അധികൃതര്‍ അറിയിച്ചു. ശക്തമായ ചൂട് പുറം ജോലിയിലേര്‍പെടുന്ന തൊഴിലാളികളെ വലക്കുന്നു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ രാജ്യത്ത് ഉച്ചവിശ്രമസമയമാണ്.
ചൂടു കൂടിയതോടെ തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കി. പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. ജോലി സ്ഥലത്ത് പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണമെന്നാണ് ചട്ടം.
ഉച്ചസമയങ്ങളില്‍ കഴിയുന്നതും പുറത്തിറങ്ങാതെ നോക്കണമെന്നും റേഡിയേഷന്‍ തടയുന്ന സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് ശീലമാക്കണമെന്നും നിര്‍ദേശമുണ്ട്.
തൊഴിലാളികള്‍ കമ്പനികളിലെ ആരോഗ്യ-സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
അതേസമയം, കാലാവസ്ഥയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.