Connect with us

Kerala

ഐ എസില്‍ യുവാക്കളെത്തുന്നത് സലഫി സംഘടനകള്‍ വഴി; തീവ്രവാദത്തിലേക്കുള്ള ഘട്ടങ്ങള്‍ വിശദീകരിച്ച് റാശിദ് അബ്ദുല്ലയുടെ സന്ദേശം

Published

|

Last Updated

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘത്തിലേക്ക് യുവാക്കളെത്തുന്നത് സലഫി – മുജാഹിദ് സംഘടനയിലൂടെയാണെന്നതിന് കൂടുതല്‍ തെളിവുകളുമായി  മലയാളികളെ ഐ എസ് ക്യാമ്പില്‍ എത്തിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയുടെ സന്ദേശം. ടെലെഗ്രാം എന്ന സമൂഹമാധ്യമം വഴിയാണ് ഐ എസ് മലയാളി സംഘത്തിന്റെ നേതാവായി അന്വേഷണസംഘം പറയുന്ന അബ്ദുല്‍ റാഷിദിന്റെ ശബ്ദ സന്ദേശമെത്തിയത്. നാല് ഘട്ടങ്ങളായാണ് ഐ എസിലേക്കുള്ള വരവിനെ ഇയാള്‍ വിശദീകരിക്കുന്നത്. ഐ. എസ് റിക്രൂട്ട്‌മെന്റിന് വിവിധ സ്‌റ്റേജുകളുണ്ടെന്നും ആദ്യം മടവൂര്‍ വിഭാഗം മുജാഹിദ്, പിന്നീട് കെ എന്‍ എം, അതിനുശേഷം വിസ്ഡം, ഒടുവില്‍ ദമ്മാജ് എന്നിങ്ങനെ സ്‌റ്റെപ് സ്‌റ്റെപ്പായാണ് ഐ എസിലെത്തുകയെന്നും സന്ദേശത്തില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഐ എസില്‍ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും വെളിപ്പെടുത്തുന്നുണ്ട്.  ചെറുപ്പക്കാരെ കേരളത്തില്‍നിന്ന് തീവ്രവാദ സംഘത്തില്‍ എത്തിച്ചത് കാസര്‍കോടുകാരനായ അബ്ദുല്‍ റാഷിദ് അബ്ദുള്ളയാണെന്നാണ് എന്‍ ഐ എ  പറയുന്നത്.
ഇടക്കിടെ ശബ്ദസന്ദേശങ്ങളിലൂടെ പ്രതികരിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ പുതിയ സന്ദേശത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. ഐ എസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫികളുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് സന്ദേശത്തില്‍ പറയുന്നു. ഇത്തരം ക്ലാസുകളില്‍ ജിഹാദിനെക്കുറിച്ചും പാലായനത്തെക്കുറിച്ചും പറയുന്നുണ്ട്.  തങ്ങള്‍ എ പി, ഇ കെ സുന്നി ഫാമിലിയില്‍  ആയിരുന്നുവെങ്കില്‍ ഒരിക്കലും ഐ എസിലേക്ക് എത്തില്ലായിരുന്നുവെന്നും  സുന്നീ  വിഭാഗത്തിലായിരുന്നെങ്കില്‍ റാത്തീബും കളിച്ച് നടക്കുന്നുണ്ടാകുമായിരുന്നെന്നും,  ഇസ്ലാമിക രാജ്യത്ത് നിന്നുള്ള തൊണ്ണൂറ്റി രണ്ടാം ഓഡിയോ എന്ന് പരിചയപ്പെടുത്തുന്ന  സന്ദേശത്തിത്തില്‍ പറയുന്നു.
സലഫി ചിന്താഗതിയാണ് തീവ്രവാദത്തിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും അഫ്ഗാനിസ്ഥാനില്‍ തന്നോടൊപ്പമെത്തിയ മലയാളികള്‍ എല്ലാവരും കേരളത്തിലെ സലഫി – മുജാഹിദ് മത പഠന ക്ലാസുകളില്‍ പങ്കെടുത്തവരാണെന്നുള്ള സ്ഥിരീകരണമാണ് ഓഡിയോയിലുള്ളത്. തീവ്രവാദ സംഘടനകളിലേക്ക് യുവക്കള്‍ ആകൃഷ്ടരാകുന്നത് സലഫീ ആശയങ്ങള്‍ വഴിയാണെന്ന് വ്യക്തമാക്കി വിവിധ സുന്നി സംഘടനകള്‍ കുറച്ച് മുമ്പ് കേരളത്തില്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.