Kannur
സുരക്ഷക്കായി പോലീസിന്റെ ഹൈടെക് സംവിധാനം
രാജ്യത്ത് ആദ്യമായി കേന്ദ്രീകൃത നുഴഞ്ഞുകയറ്റ നിരീക്ഷണ സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നു. കെല്‍ട്രോണിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംസ്ഥാന പോലീസ് സി ഐ എം എസ് (കേന്ദ്രീകൃത നുഴഞ്ഞുകയറ്റ നിരീക്ഷണം) സംവിധാനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബേങ്കുകള്‍, ട്രഷറികള്‍, എ ടി എമ്മുകള്‍, സ്വകാര്യ- പൊതു സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ വീടുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് സി ഐ എം എസ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു കഴിഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണ് നടപ്പാക്കുന്നത്.
ഈ സംവിധാനത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ എല്ലാ സമയ നിരീക്ഷണവും തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ പോലീസ് നടത്തും. തിരുവന്തപുരത്ത് സ്ഥാപിച്ച കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെടാന്‍ സാധിക്കും. മൂന്ന് സെക്കന്റ് കൊണ്ട് മോഷണ ശ്രമം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുമെന്നാണ് സാങ്കേതിക വിദ്യയുടെ പ്രത്യേകത. രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ ആരെങ്കിലും നുഴഞ്ഞ് കയറിയാല്‍ സന്ദേശം കണ്‍ട്രോള്‍ റൂമിലും സ്ഥാപനം രജിസ്റ്റര്‍ ചെയ്ത മെബൈല്‍ നമ്പറിലേക്കും പോകും. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് സന്ദേശം ലഭിക്കുക. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പരിശോധനക്ക് ശേഷം നുഴഞ്ഞുകയറ്റ ശ്രമം നടന്ന സ്ഥലത്തെ കണ്‍ട്രോള്‍ റൂമിലേക്കും സമീപ പോലീസ് സ്റ്റേഷനിലേക്കും പെട്രോളിംഗ് ഡ്യൂട്ടിലിലുള്ള വാഹനത്തിലേക്കും വിവരം കൈമാറും. ഇതോടെ മിനുട്ടുകള്‍ക്കകം സംഭവ സ്ഥലത്ത് പോലീസിന് എത്താന്‍ സാധിക്കുമെന്നതാണ് സാങ്കേതിക വിദ്യയുടെ പ്രത്യേകത.
നിലവില്‍ സുരക്ഷക്കായി സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പോലീസിന്റെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഈ സംവിധാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഒരു കേന്ദ്രത്തില്‍ നിന്ന് നിരീക്ഷിക്കാനാകും എന്നാണ് പ്രത്യേകത. പദ്ധതി പൂര്‍ണമായും യാഥാര്‍ധ്യമാകുന്നതോടെ മറ്റ് കുറ്റകൃത്യങ്ങളും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും.
പി നിഖില്‍ കുമാര്‍
കണ്ണൂര്‍