Kozhikode
ഗ്രാൻഡ് മുഫ്തിക്ക് നാളെ പൗരസ്വീകരണം

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി അഭിമാനനേട്ടത്തിന്റെ നെറുകയിൽ നിൽക്കുന്ന സുൽത്താനുൽ ഉലമക്ക് നാളെ കോഴിക്കോട്ട് പൗരസ്വീകരണം. ദക്ഷിണേന്ത്യയിലെ വിവിധ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന സ്വീകരണ സമ്മേളനത്തിൽ നാടിന്റെ നാനാദിക്കുകളിൽ നിന്ന് ആയിരങ്ങൾ ഒഴുകിയെത്തും. രാജ്യത്തെ മത, സാമൂഹിക, വൈജ്ഞാ നിക രംഗത്തെ അഭിമാനകരമായ നേട്ടങ്ങൾക്കുള്ള അംഗീകാരവുമായി കാന്തപുരം നാട്ടിലെത്തുമ്പോൾ സ്‌നേഹാർദ്രമായ സ്വീകരണ സമ്മേളനമൊരുക്കാനുള്ള പുറപ്പാടിലാണ് ആദർശ കൈരളി.
നാളെ വൈകീട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിയിൽ ആദർശപ്രസ്ഥാനത്തിന്റെ പ്രവർത്തകർ പുതുചരിതം തീർക്കും. മുൻ ഗ്രാൻഡ് മുഫ്തി അഖ്തർ റസാഖാന്‍ ബറേൽവിയുടെ നിര്യാ ണത്തെ തുടർന്നാണ് കാന്തപുരത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഈ മാസം 24ന് ന്യൂഡൽഹി രാംലീല
മൈതാനിയിൽ നടന്ന ഗരീബ് നവാസ് പീസ് കോൺഫറൻസിനോട് അനുബന്ധിച്ചു ചേർന്ന രാജ്യത്തെ സുന്നി മുസ്ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് രാജ്യത്തെ പ്രമുഖ പണ്ഡിതന്മാർ ചേർന്ന് കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുത്തത്.
കേരളത്തില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ലഭിച്ച ഈ അംഗീകാരം ഇന്ത്യയിലെ 75 ശതമാനത്തോളം വരുന്ന സുന്നി വിശ്വാസം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇടയില്‍ സഹകരണവും ഐക്യവും ശക്തിപ്പെടുത്താന്‍ സഹായകമാകുമെന് സ്വീകരണ സമ്മേളന പരിപാടികള്‍ വിശദീകരിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മദ്‌റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ സൂര്യ, സി പി മൂസ ഹാജി, ഷമീം ലക്ഷദ്വീപ് എന്നിവരും പങ്കെടുത്തു.