Kerala
മലപ്പുറം ജില്ലാ വിഭജനം: ലീഗ് നിലപാടിനെ പരസ്യമായി തള്ളി ആര്യാടന്‍
മലപ്പുറം: മലപ്പുറം ജില്ലാ വിഭജനം സംബന്ധിച്ച മുസ്ലിം ലീഗ് നിലപാടിനെ പരസ്യമായി തള്ളി കോണ്‍ഗ്രസ്. വിഭജനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് രംഗത്ത് വന്നു. മലപ്പുറം ജില്ലാ വിഭജനം അടിയന്തര ആവശ്യമല്ലെന്നും എസ്ഡിപിഐ ഉയര്‍ത്തിയ ഈ ആവശ്യത്തിനു പിന്നാലെ പോകേണ്ട ഗതിഗേട് കോണ്‍ഗ്രസിനില്ലെന്നും ആര്യാടന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. അതിനാല്‍ മലപ്പുറത്തിന് ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
എന്നാല്‍ ആര്യാടന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് കെഎന്‍എ ഖാദര്‍ എംഎല്‍എ തുറന്നടിച്ചു. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മലപ്പുറം ജില്ലാ വിഭജനം സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം ചാനലിനോട് പ്രതികരിച്ചു. പ്രമേയം വീണ്ടും അവതരിപ്പിക്കാന്‍ ലീഗ് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിയമസഭയില്‍ മലപ്പുറം ജില്ലാ വിഭജനം സംബന്ധിച്ച് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് ലീഗ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്ന് കെഎന്‍എ ഖാദര്‍ പിന്‍മാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ് ലീഗിനെ പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതാണ് ആര്യാടന്റെ പ്രസ്താവന.