Kerala
ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടിക്കുന്ന നടപടി വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ ഓടിച്ചിട്ട് പിടിക്കുന്ന നടപടി വേണ്ടെന്നാണ് ഹൈക്കോടതി നിര്‍ദേശം. ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. പാത്തും പതുങ്ങിയുമുള്ള പരിശോധന യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഭീഷണിയാണെന്ന് കോടതി വ്യക്തമാക്കി.
വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയതിന് മലപ്പുറം കാടാമ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഫ്‌ലിഹ് എന്നയാള്‍ നല്‍കിയ ജാമ്യഹരജി പരിഗണിക്കവെയാണ് പാത്തും പതുങ്ങിയുമുള്ള വാഹന പരിശോധനയെ കോടതി വിമര്‍ശിച്ചത്. പരിശോധനക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ ക്യാമറ, മൊബൈല്‍ ക്യാമറ, ട്രാഫിക് സര്‍വൈലന്‍സ് ക്യാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു വേണം പരിശോധന നടത്താനെന്ന് കോടതി നിര്‍ദേശിച്ചു. വാഹനം നിര്‍ത്താതെ പോയാലും രജിസ്റ്റര്‍ നമ്പര്‍ കണ്ടെത്തി ഈ വാഹനങ്ങള്‍ പിടികൂടാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കും. പരിശോധന സമയത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ നിയമം അനുവദിക്കുമെങ്കില്‍ ബാരിക്കേഡ് അടക്കം ഉപയോഗിക്കുന്നതും ആലോചിക്കാവുന്നതാണ്.
പരിശോധന എങ്ങനെ വേണമെന്നത് സംബന്ധിച്ച് 2012ല്‍ ഡി ജി പി ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ച് മാര്‍ക്ക് ചെയ്ത സ്ഥലത്ത് വേണം പരിശോധന എന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന ബോധവത്ക്കരണത്തിന് കൂടിയാകണമെന്നും റോഡില്‍ അപ്രതീക്ഷിതമായി വാഹനം തടഞ്ഞുള്ള പരിശോധന യാത്രക്കാര്‍ക്കെന്ന പോലെ ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയാണെന്നും ഹൈക്കോടതി ജസ്റ്റിസ് രാജാ വിജയരാഘവന്‍ വ്യക്തമാക്കി.