Religion
ശൈഖ് രിഫാഈ(റ): ആത്മീയ കലവറയുടെ സുൽത്താൻ
ഹിജ്‌റ 512 റജബ് 21ന് ഇറാഖിലെ ബതാഇഹ് എന്ന പ്രദേശത്തെ ഹസ്സൻ എന്ന ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിച്ചത്. അബുൽ ഹസ്സൻ അലി(റ)ന്റെയും ഉമ്മുൽ ഫള്ൽ അൻസാരിയ്യയുടെയും മകനായാണ് ഈ ലോകത്ത് പിറവിയെടുത്തത്. മാതാവും പിതാവും വലിയ ആത്മീയ തേജസ്സുകളായിരുന്നു. തിരുനബി( സ) യുടെ പൗത്രൻ ഹസ്രത്ത് ഹുസൈൻ(റ)ലേക്ക് വന്നുചേരുന്നതാണ് ശൈഖവർകളുടെ പിതൃപരമ്പര.
പിതാവിന്റെ മരണശേഷം മാതൃസഹോദരൻ ശൈഖ് മൻസൂർ ബതാഇഹി(റ)യുടെ സംരക്ഷണത്തിലാണ് മഹാൻ വളർന്നത്. ചെറുപ്പത്തിൽതന്നെ ബുദ്ധിവൈഭവവും പഠനമികവും സൽസ്വഭാവവും കൊണ്ട് ആദരവ് കരസ്ഥമാക്കി. ഖുർആൻ വ്യാഖ്യാതാവ്, ഹദീസ് പണ്ഡിതൻ, ഹദീസ് നിവേദകൻ, ശാഫിഈ കർമശാസ്ത്രജ്ഞൻ, ഖുർആൻ പാരായണ ശാസ്ത്രത്തിലെ അഗ്രഗണ്യൻ തുടങ്ങിയ നിലകളിൽ ശൈഖ് ശോഭിച്ചു. സമ്പത്ത്, പ്രശംസ എന്നിവ ലക്ഷ്യം വെക്കാതെ ജീവിച്ച മഹാൻ വിനയാന്വിതനും പ്രസന്നവദനനും ലളിത ഹൃദയനും ഉത്തമ സ്വഭാവക്കാരനുമായിരുന്നു. മൗനമായിരുന്നു മഹാന്റെ ആയുധം. തിരു നബി (സ)യുടെ സുന്നത്തുകൾ പ്രചരിപ്പിക്കുക, നന്മ കൽപ്പിക്കുക, തിന്മ വിലക്കുക തുടങ്ങി ആത്മീയ ബോധനങ്ങൾ മഹാന്റെ പ്രവർത്തനങ്ങൾക്ക് വിരുദ്ധമായിരുന്നില്ല. സൂറത്തുൽ ഇഖ്‌ലാസ് ആയിരം തവണ ഓതി നാല് റക്അത്ത് നിസ്‌കരിക്കൽ പതിവായിരുന്നു.
രിഫാഇയ്യാ, അഹമ്മദിയ്യാ എന്നീ പേരുകളിൽ മഹാന്റെ ത്വരീഖത്ത് ഇന്ന് പ്രസിദ്ധിയാർജിച്ചിരിക്കുന്നു. തന്റെ ത്വരീഖത്തിന്റെ അവലംബത്തെ കുറിച്ച് ശൈഖ് പറഞ്ഞത് ഇങ്ങനെ “ഖുർആൻ ആയത്തുകളും ഹദീസുകളും പരസ്പരം ശക്തി പകരുന്നതും 55 ഖുർആൻ ആയത്തുകളെ ആശ്രയിച്ചിരിക്കുന്നതുമായ 55 കാര്യങ്ങളാണ് എന്റെ ത്വരീഖത്തിൻെ അടിസ്ഥാനം. അല്ലാഹുവിനെ അടുത്തറിയുക, സൃഷ്ടി പരിപാലകൻ അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കുക, അല്ലാഹുവിനെ മാത്രം ആരാധിക്കുക, അല്ലാഹുവിന്റെ കരാറിൽ വിശ്വസിക്കുക തുടങ്ങിയവ അതിൽപ്പെടുന്നു.
നിസ്സാരമായി ഗണിക്കപ്പെടുന്ന തിന്മകളിൽ നിന്ന് പോലും ശിഷ്യരെ തടയുന്നതിലും സംസ്‌കരിക്കുന്നതിലും മഹാൻ അതീവ ശ്രദ്ധാലുവായിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞു “അന്യസ്ത്രീയുമായി തനിച്ചാവുന്നവനിൽ നിന്ന് ഞാൻ ഒഴിഞ്ഞിരിക്കുന്നു. നമ്മുടെ രക്ഷിതാവും അവനിൽ നിന്ന് ഒഴിവാണ്.” അല്ലാഹുവിന്റെ നിയമങ്ങളെയും ചിഹ്നങ്ങളെയും ആദരിക്കുക, തിരുനബി(സ) യുടെ സുന്നത്ത് അനുധാവനം ചെയ്യുക എന്നതെല്ലാം മഹാന്റെ ആത്മീയ വിജയത്തിന് കാരണമായി.
വിനയാന്വിതനായ ശൈഖിന്റെ ജനങ്ങളുമായുള്ള സമ്പർക്കം ഏറെ വ്യത്യസ്തമായിരുന്നു. ഒരിക്കൽ പുറത്തുപോയ സമയത്ത് ഒരു കള്ളൻ ശൈഖിന്റെ വീട്ടിൽ കയറി. തിരിച്ചുവന്നപ്പോൾ വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടു. മഹാൻ വീടിനകത്ത് കയറി നോക്കിയപ്പോൾ ധാന്യത്തിന് അരികെ ഒരാൾ ഇരിക്കുന്നത് കണ്ടു. മഹാൻ അദ്ദേഹത്തിന്റെ പുറത്തു മെല്ലെതട്ടി, അദ്ദേഹം ഞെട്ടി. കള്ളനാണെന്ന് ശൈഖവർകൾക്ക് ബോധ്യപ്പെട്ടു. മഹാൻ പറഞ്ഞു “ധാന്യത്തിൽ നിന്നും എടുക്കേണ്ട, ഇതിൽ നിന്നും എടുത്താൽ നിങ്ങൾക്ക് വീട്ടിൽ കൊണ്ടുപോയി വറുക്കേണ്ടിവരും. ഞാൻ വറുത്തുവെച്ച ഗോതമ്പ് ഇവിടെ ഉണ്ട്. വരൂ ഞാൻ എടുത്തു തരാം. പിന്നെയും ശൈഖ് ചോദിച്ചു “നിങ്ങൾ വല്ല സഞ്ചിയും കൊണ്ടു വന്നിട്ടുണ്ടോ? സഞ്ചി കാണിച്ചപ്പോൾ കള്ളന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു വിനയാന്വിതനായി ധാരാളം ഗോതമ്പ് സഞ്ചിയിൽ നിറച്ചു നൽകി. ശേഷം പറഞ്ഞു “നിങ്ങൾ തനിച്ച് പോകേണ്ട ഞാൻ കൂടെ വരാം. ഈ നാട് ശരിയല്ല, തസ്‌കരന്മാരുടെ നാടാണ്. “എന്ന് പറഞ്ഞ് വഴിയത്രയും മഹാൻ കള്ളനെ അനുഗമിച്ചു. അനിതര സാധാരണമായിരുന്നു മഹാന്റെ വ്യക്തിപ്രഭാവം. ഈ മഹാ മനീഷിയാരെന്ന് മനസ്സിലാക്കിയ കള്ളൻ പിന്നീട് മഹാന്റെ ശിഷ്യത്വം സ്വീകരിക്കുകയും ആത്മീയോന്നതി കൈവരിക്കുകയും ചെയ്തു.
അല്ലാഹുവിന്റെ മാർഗത്തിലല്ലാതെ ഒരു നിമിഷം പോലും കഴിഞ്ഞു പോകരുതെന്ന നിർബന്ധ ബുദ്ധിയുളള ആ മഹാത്മാവ് വുളൂഅ് സ്ഥിരമാക്കിയിരുന്നു. ഇടതും വലതും തിരിഞ്ഞു നോക്കാതെയാണ് നടന്നിരുന്നത്. “കരുണ ചെയ്യാത്തവന് കരുണ ചെയ്യപ്പെടുകയില്ല” എന്ന നബിവചനം പകർത്തിയതായിരുന്നു ശൈഖവർകളുടെ സാത്വിക ജീവിതം.
ഒരിക്കൽ ശിഷ്യന്റെ കൂടെ നടന്നു പോകുമ്പോൾ മാറാവ്യാധി പിടിപെട്ട ഒരു നായയെ കാണാനിടയായി. ഉടൻ അതിനെ പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു. വീട്ടിൽ കൊണ്ടുവന്ന് നാൽപ്പത് ദിവസം പരിചരിച്ചു. രോഗം ഭേദമായി. ഇതറിഞ്ഞ ഒരു സുഹൃത്ത് ചോദിച്ചു. “ഈ നായക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടണോ?. മഹാൻ പറഞ്ഞു “ഈ ജീവിയുടെ കാര്യത്തിൽ അന്ത്യനാളിൽ എന്നോട് ചോദിക്കപ്പെട്ടാൽ ഞാൻ എന്തു മറുപടി പറയും? ഇതായിരുന്നു കാരുണ്യ ഹൃദയം..
ജീവകാരുണ്യപ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ച മഹാന് മിണ്ടാപ്രാണികളോടുള്ള കാരുണ്യം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. ഒരിക്കൽ നിസ്‌കാരത്തിന് സമയമായപ്പോൾ പള്ളിയിലേക്ക് പുറപ്പെടാൻ വേണ്ടി തന്റെ ഏക ഖമീസ് ധരിക്കാൻ ഒരുങ്ങിയപ്പോൾ അതിന്റെ കൈയിൽ ഒരു പൂച്ച ഉറങ്ങുന്നുണ്ടായിരുന്നു. പൂച്ചയുടെ ഉറക്കം ശല്യപ്പെടുത്താതെ ഖമീസിന്റെ കൈ മുറിച്ചുമാറ്റിയ ശേഷം ഖമീസ് ധരിച്ച് മഹാൻ പള്ളിയിലേക്ക് പോയി. മടങ്ങിവന്നപ്പോൾ പൂച്ച ഉറക്കമുണർന്നു എഴുന്നേറ്റ് പോയിരുന്നു. പിന്നീട് മുറിച്ചുമാറ്റിയ കൈ ഖമീസിൽ തുന്നിച്ചേർത്തു. സർവ ജീവികളോടും കരുണയാർന്ന സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഒരു വഴിയിലൂടെ നടക്കുമ്പോൾ ഭക്ഷണമുറിയിലെ അവശിഷ്ടങ്ങൾ പരസ്പരം കടിച്ചുകീറുന്ന ഒരു പറ്റം നായകളെ കാണാനിടയായി. അവയെ ആരെങ്കിലും ശല്യപ്പെടുത്താതിരിക്കാൻ അവിടെ കാവൽ നിന്നു. എന്നിട്ട് ആ നായകളോട് പറഞ്ഞു” ജീവികളെ.. നിങ്ങൾ തമ്മിൽ പിണങ്ങരുത്, സുരക്ഷിതമായി ഭക്ഷിക്കുക, നിങ്ങൾ കടിപിടി കൂടി ബഹളമുണ്ടാക്കിയാൽ ഒരുപക്ഷേ ഭക്ഷണങ്ങളുടെ ഉടമ നിങ്ങളെ തടഞ്ഞേക്കാം”. അത്ഭുതം ജനിപ്പിക്കുന്ന ഇത്തരം ചരിത്ര സംഭവങ്ങൾ ശൈഖിന്റ ജീവിതത്തിൽ ഏറെയുണ്ട്.
വിറക് ശേഖരിച്ച് ദരിദ്രർക്കും വിധവകൾക്കും വിതരണംചെയ്യുന്നത് മഹാന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. വിറക് ശേഖരിക്കാനും വിതരണം ചെയ്യാനും ശിഷ്യന്മാർ അനുകരിക്കുമായിരുന്നു. പരുക്കൻ വസ്ത്രങ്ങളാണ് മഹാൻ ധരിച്ചിരുന്നത്. ശൈത്യകാലത്ത് പോലും പുറംകോട്ട് ധരിച്ചിരുന്നില്ല. രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമാണ് അദ്ദേഹം ആഹാരം കഴിച്ചിരുന്നത്. ശൈഖിനെ പോലെതന്നെ ശിഷ്യന്മാരും വളരെ വിനയാന്വിതരായിരുന്നു. ഒരിക്കൽ ശൈഖ് ശിഷ്യന്മാരോട് പറഞ്ഞു “എന്നിൽ എന്തെങ്കിലും ന്യൂനത ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ എന്നോട് പറയണം” ഉടനെ ഉമർ ഫാറൂഖ് എന്ന ശിഷ്യൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു “അങ്ങയുടെ ഒരു ന്യൂനത എനിക്കറിയാം” “എന്താണ് പറയൂ ഉമർ ” “ഞങ്ങളെ പോലുള്ളവർ അങ്ങയുടെ ശിഷ്യന്മാരായി എന്നതാണ് അങ്ങയുടെ ന്യൂനത ” എന്ന് ഉമർ പറഞ്ഞു. ഇത് കേട്ട് അദ്ദേഹം കരയാൻ തുടങ്ങി, ശിഷ്യന്മാരും കരഞ്ഞു, ഏറെനേരത്തെ കൂട്ടക്കരച്ചിൽ. “തീർച്ചയായും വാഹനം രക്ഷപ്പെട്ടാൽ വാഹനത്തിലുള്ള യാത്രക്കാരും രക്ഷപ്പെടും എന്ന പ്രതീക്ഷയുടെ വാചകമാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.
വൃദ്ധർ, കുഷ്ഠരോഗികൾ എന്നിവരുടെ വസ്ത്രം അലക്കി കൊടുക്കുക, അവരെ കുളിപ്പിക്കുക, മുടി ചീകിക്കൊടുക്കുക തുടങ്ങിയവ മഹാന്റെ നിസ്വാർഥ സേവനങ്ങളായിരുന്നു. അവർക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചുകൊടുത്തിരുന്ന മഹാൻ പലപ്പോഴും അവരോടൊപ്പം ഭക്ഷണം കഴിക്കുമായിരുന്നു. അവരോട് പ്രാർഥിക്കാൻ ആവശ്യപ്പെടുമായിരുന്നു. അന്ധന്മാരെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊടുക്കുമായിരുന്നു. സർവതല സ്പർശിയായ സേവന മുഖമായിരുന്നു ശൈഖ് രിഫാഈ (റ) യുടേത്.
ഇമാം സുയൂതി (റ) തൻവീർ എന്ന ഗ്രന്ഥത്തിൽ പറയുന്നു “ശൈഖ് രിഫാഈ(റ) ഹജ്ജിനു പോയി, മക്കയിലെ കർമങ്ങൾ പൂർത്തിയാക്കിയതിനുശേഷം മദീനയിൽ നബി(സ) യുടെ റൗളാശരീഫിൽ എത്തി അവിടുന്ന് പാടി.
“ഫീ ഹാലതിൽ ബുഅദി റൂഹീ കുൻതു ഉർസിലുഹാ….
തുഖബ്ബിലുൽ അർള അന്നീ വഹിയ നാഇബതീ….
വഹാദിഹീ നൗബതുൽ അഷ്ബാഇ ഖദ് ഹളറത്…
ഫംദുദ് യമീനക കയ് തുഹഌ ബിഹാ ശഫതീ.. ”
“വിദൂരതയിലായിരിക്കെ ഞാനെന്റെ ആത്മാവിനെ പറഞ്ഞയച്ചിരുന്നു. ഞാനിപ്പോൾ അങ്ങയുടെ തിരു സവിധത്തിൽ എത്തിയിരിക്കുന്നു. അങ്ങയുടെ വലതുകരം നീട്ടിത്തന്നാലും അതിനാൽ ഞാനെന്റെ അധരങ്ങളെ മധുരമാക്കട്ടെ “. ഈ വരികൾ ആലപിക്കേണ്ട താമസം നബി (സ)യുടെ കരം റൗളയിൽ നിന്നും പ്രത്യക്ഷപ്പെട്ടു. ശൈഖ് തിരുനബിയുടെ തൃക്കരങ്ങൾ ചുംബിച്ചു.
ജീവിതത്തിന്റെ ബാഹ്യവും ആന്തരികവും രഹസ്യവും പരസ്യവും വൈയക്തികവും സാമൂഹികവുമായ മുഴുവൻ മേഖലകളിലും ഉത്തമ മാതൃകയായിരുന്നു ശൈഖ് രിഫാഈ (റ). ഹിജ്റ 578 ജമാദുൽ അവ്വൽ പന്ത്രണ്ടിന് ഈ ലോകത്തോട് വിടപറഞ്ഞ മഹാൻ ഉമ്മു അബീദ എന്ന ഗ്രാമത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.