Connect with us

National

നിലപാട് കടുപ്പിച്ച് ഇന്ത്യ; 44 ട്രെയിനുകള്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റെയില്‍വേ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനക്ക് എതിരായ നിലപാട് കൂടുതല്‍ ശക്തമാക്കി ഇന്ത്യ. 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കി. ട്രയിന്‍ നിര്‍മാണത്തിന് ആഭ്യന്തര കമ്പനിയെ കണ്ടെത്തുന്നതിന് പുതിയ ഒരാഴ്ചക്കകം പുതിയ ടെണ്ടര്‍ ക്ഷണിക്കും.

ചൈനീസ് സംയുക്ത സംരംഭമായ സിആര്‍ആസി പയനിയര്‍ ഇലക്ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായാണ് റെയില്‍വേ കരാറുണ്ടാക്കിയിരുന്നത്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്കി ഇലക്ട്രിക് കമ്പനിയും ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പയനിയര്‍ ഫി-മെഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത സംരംഭമായിരുന്നു ഇത്. 2015ലാണ് ഇരുകമ്പനികളും ചേര്‍ന്ന് പുതിയ കമ്പനി രൂപവത്കരിച്ചത്.

ഒരു ആഭ്യന്തര സ്ഥാപനം ടെണ്ടര്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ റെയില്‍വേ ശ്രദ്ധചെലുത്തുന്നുവെന്നും എന്നാല്‍ ചൈനീസ് സംയുക്ത സംരംഭമാണ് പദ്ധതിയുടെ പിന്നിലെന്ന് വ്യക്തമായപ്പോള്‍ ടെണ്ടര്‍ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്നും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ മുന്നോട്ടുവന്ന ആറ് കമ്പനികളിലെ ഏക വിദേശ കമ്പനിയായിരുന്നു ഇത്.
ഭാരത് ഇന്‍ഡസ്ട്രീസ്, സംഗ്രൂര്‍, ഇലക്ട്രോവേവ്‌സ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മേധ സെര്‍വോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പവര്‍നെറ്റിക്‌സ് എക്യുപ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്പനികള്‍.

ലഡാക്ക് അതിര്‍ത്തിയില്‍ 20 സൈനികരുടെ വീമൃത്യുവിന് ഇടയാക്കിയ ചൈനീസ് അതിക്രമം ഉണ്ടായതിന് പിന്നാലെയാണ് ചൈനക്ക് എതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചത്. നേരത്തെ ചൈനീസ് കമ്പനിക്ക് നല്‍കിയ 470 കോടി രൂപയുടെ കരാര്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ടിക്‌ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

---- facebook comment plugin here -----

Latest