Editorial
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ട്
സ്വാഗതാര്‍ഹമാണ് കേന്ദ്രത്തിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കേരള നിയമസഭയുടെ പ്രമേയം. കര്‍ഷകര്‍ക്ക് ദ്രോഹകരമായ മൂന്ന് ഭേദഗതി നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഒന്നര മാസത്തോളമായി തുടര്‍ന്നു വരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് കേരളം വ്യാഴാഴ്ച പ്രമേയം പാസ്സാക്കിയത്. വേറെയും സംസ്ഥാന നിയമസഭകള്‍ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും ബി ജെ പി അംഗത്തിന്റെ വിയോജിപ്പില്ലാതെ ഏകകണ്‌ഠേനയാണ് പ്രമേയം പാസ്സാക്കിയതെന്നത് കേരളത്തെ വേറിട്ടു നിര്‍ത്തുന്നു. ഏക ബി ജെ പി അംഗം രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തില്ലെങ്കിലും, സഭയുടെ പൊതുവികാരത്തെ മാനിച്ച് പ്രമേയത്തെ അനുകൂലിക്കുന്നതായും അതുകൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്യാതെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നുമാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കേന്ദ്ര നിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തിലെ ആവശ്യത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് “തീര്‍ച്ചയായും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പിക്കാരനായതുകൊണ്ട് സംസ്ഥാനത്തിന്റെ പ്രമേയത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും അതാണ് ഡെമോക്രാറ്റിക് സ്പിരിറ്റെന്നും രാജഗോപാല്‍ പറഞ്ഞു (പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കരണംമറിഞ്ഞുവെന്നത് മറ്റൊരു കാര്യം).
കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ കേരളത്തെ അത് സാരമായി ബാധിക്കും. ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളം പട്ടിണിയിലേക്ക് വഴുതിവീഴും- മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് വ്യാപനഘട്ടത്തില്‍ പുതിയ കാര്‍ഷിക നിയമം സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിന് താങ്ങാനാകില്ല. കേന്ദ്രത്തിന്റെ നിയമ നിര്‍മാണങ്ങള്‍ അതിന്റെ പരിധിയില്‍ വരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമ്പോള്‍ നിയമനിര്‍മാണ സഭകള്‍ക്ക് അത് ഗൗരവമായി പരിഗണിക്കാന്‍ ബാധ്യതയുണ്ടെന്ന് പ്രമേയാവതരണ വേളയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കുന്നതിനു മുമ്പ് കേന്ദ്രം അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി കൂടിയാലോചന നടത്തേണ്ടതായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ന്യായവില പ്രകാരം സംഭരിച്ച് കര്‍ഷകര്‍ക്ക് വില്‍പ്പന നടത്താനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത്. പകരം കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താനുള്ള അവസരമുണ്ടാക്കുകയും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയുമാണ് കേന്ദ്രം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.
ഡിസംബര്‍ 23ന് പാസ്സാക്കേണ്ടതായിരുന്നു കേന്ദ്ര നിയമങ്ങള്‍ക്കെതിരായ ഈ പ്രമേയം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉടക്കാണ് പിന്നെയും എട്ട് ദിവസം താമസിക്കാനിടയാക്കിയത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു പറഞ്ഞ് 23ന്റെ സമ്മേളനത്തിനു ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. കേന്ദ്രത്തോടുള്ള കൂറ് പ്രകടിപ്പിക്കുകയായിരുന്നു സംസ്ഥാനത്തിന്റെ ജനാധിപത്യമായ അവകാശത്തെ നിരാകരിക്കുന്ന ഈ നീക്കത്തിലൂടെ ആരിഫ് മുഹമ്മദ് ഖാന്റെ ലക്ഷ്യം. ബി ജെ പി നിയുക്ത ഗവര്‍ണര്‍മാര്‍ വാഴുന്ന പഞ്ചാബ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര നിയമത്തിനെതിരെ സഭ ചേര്‍ന്നു പ്രതികരിച്ചിട്ടുണ്ട്. അവിടങ്ങളിലൊന്നും സഭ ചേരുന്നതിന് അനുമതി നിഷേധിച്ചിരുന്നില്ല. അതാണ് ജനാധിപത്യ മര്യാദ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന ഘട്ടത്തിലും ഗവര്‍ണര്‍ ആരിഫ് ഖാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കേന്ദ്ര നിയമത്തെ നിരാകരിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കേരളം. നേരത്തേ പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ നിയമസഭകള്‍ കേന്ദ്ര നിയമത്തിനു ബദലായി പുതിയ നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. കേന്ദ്ര നിയമം കര്‍ഷകര്‍ക്കുണ്ടാക്കുന്ന പ്രയാസവും ദുരിതവും മറികടക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബദല്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഹരിയാനയിലെ ബി ജെ പി- ജെ ജെ പി സഖ്യ സര്‍ക്കാറിനെ നയിക്കുന്ന മനോഹര്‍ ലാല്‍ഘട്ടര്‍ സര്‍ക്കാറും കേന്ദ്ര നിയമത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. ആരെങ്കിലും താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ രാജിവെക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽഖട്ടര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കേന്ദ്ര കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധം രൂക്ഷമാകുകയും ഹരിയാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
കേന്ദ്ര നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രധാനമന്ത്രിയും ബി ജെ പി ദേശീയ നേതൃത്വവും കുറ്റപ്പെടുത്തുന്നതെങ്കിലും ബി ജെ പിക്കകത്തു തന്നെ ഇതിനോട് കടുത്ത വിയോജിപ്പുണ്ടെന്നാണ് ഹരിയാന മുഖ്യമന്ത്രിയുടെയും ഒ രാജഗോപാലിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്ന ബി ജെ പി നേതാവ് ഡോ. സുബ്രഹ്മണ്യ സ്വാമിയും ബി ജെ പിയുടെ ഏകപക്ഷീയമായ നിലപാടിനെ വിമര്‍ശിച്ചിരുന്നു. ബില്‍ പാസ്സാക്കുന്നതിനു മുമ്പ് എന്‍ ഡി എയിലെ സഖ്യ കക്ഷികളുമായെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട സ്വാമി, ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ബി ജെ പി നേതാവും മുന്‍ ലോക്‌സഭാ എം പിയുമായ ഹരീന്ദര്‍സിംഗ് ഖല്‍സ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടി വിട്ടത് ഒരാഴ്ച മുമ്പാണ്. ബി ജെ പി നേതൃത്വവും കേന്ദ്ര സര്‍ക്കാറും അപക്വമായാണ് കര്‍ഷകരുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതെന്ന് ഖല്‍സ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. അവരുടെ വിലപേശാനുള്ള അവകാശം കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്നതുള്‍പ്പെടെ കാര്‍ഷിക രംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് പുതിയ കേന്ദ്ര നിയമങ്ങള്‍. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങുന്നത് കര്‍ഷകരുടെ നടുവൊടിക്കും. ഇനിയെങ്കിലും പിടിവാശി ഉപേക്ഷിച്ച് കര്‍ഷക പ്രശ്‌നങ്ങളോട് ക്രിയാത്മക സമീപനം പുലര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.