Editorial
തോക്ക് സംസ്‌കാരം കൗമാരക്കാരിലും
ഉത്തർ പ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലെ ഒരു സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്ത വാർത്ത ഞെട്ടലോടെയാണ് കേട്ടത്. തലയിലും നെഞ്ചിലും വയറിലുമായി മൂന്ന് തവണ വെടിയേറ്റ വിദ്യാർഥി തത്ക്ഷണം മരിച്ചു. ക്ലാസ് മുറിയിൽ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തിനൊടുവിൽ വിദ്യാർഥി വീട്ടിൽ പോയി അമ്മാവന്റെ തോക്കെടുത്ത് വന്നാണ് സഹപാഠിയെ വെടിവെച്ചത്. കരസേനയിലെ ഉദ്യോഗസ്ഥനായ അമ്മാവൻ ലീവിന് വീട്ടിൽ വന്നതായിരുന്നു. വെടിവെച്ച വിദ്യാർഥിയുടെ ബാഗിൽ നിന്ന് മറ്റൊരു നാടൻ തോക്കും പോലീസ് കണ്ടെടുക്കുകയുണ്ടായി. ബുധനാഴ്ചയാണ് സംഭവം.
അക്രമവും ഗുണ്ടായിസവും തോക്ക് പ്രയോഗവും കൊലപാതകവും യു പിയിൽ പുതുമയല്ല. സംസ്ഥാനത്തെ പോലീസ് സേനയുടെ കൈയിൽ ഉള്ളതിനേക്കാൾ കൂടുതൽ തോക്കുകളും വെടിത്തിരകളും യു പിയിലെ പൗരന്മാരുടെ കൈവശമുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ ഏകദേശം 20 കോടിയാണെന്നാണ് സെൻസസ് പറയുന്നത്. ഇതിൽ 11 ലക്ഷത്തോളം സാധാരണക്കാരുടെ കൈയിൽ തോക്കുകളുണ്ടെന്നാണ് സംസ്ഥാനത്തെ പോലീസിന്റെ കണക്ക്. പോലീസിന്റെ അറിവിൽപ്പെടാത്തത് വേറെയുമുണ്ടാകാം. അതേസമയം കൈയിൽ തോക്കുള്ള പോലീസുകാരുടെ എണ്ണം പരമാവധി 2.31 ലക്ഷമാണ്. തോക്കേന്തിയ പൊതുജനത്തിന്റെ എണ്ണത്തിൽ യു പിയാണ് ഇന്ത്യയിൽ ഒന്നാമത്. രാജ്യത്തെ സാധാരണക്കാരന്റെ കൈവശമുള്ള തോക്കുകളിലെ മൂന്നിലൊന്നും ഇവിടെയാണുള്ളത്. ഇവയിൽ ലൈസൻസുള്ളവ വളരെ കുറവും.
ഗുണ്ടാസംഘങ്ങളിലും ക്രിമിനലുകളിലും സംഘ്പരിവാർ പ്രവർത്തകരിലും കണ്ടുവരുന്ന തോക്ക് സംസ്‌കാരം കുട്ടികളിലേക്കും പടർന്നു പിടിച്ചിരിക്കുന്നുവെന്നാണ് സ്‌കൂളിൽ നടന്ന സംഭവം വ്യക്തമാക്കുന്നത്. പുതുതലമുറയിൽ നല്ലൊരു ശതമാനത്തിലും ക്രിമിനൽ സ്വഭാവം വളർന്നു വരികയാണെന്നാണ് വർധിച്ചു വരുന്ന കുട്ടിക്കുറ്റവാളികളുടെ എണ്ണം നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യയിൽ 2002ൽ വിവിധ കേസുകളിൽ അറസ്റ്റിലായത് 18,560 കുട്ടിക്കുറ്റവാളികളെങ്കിൽ 2012ൽ അത് 27,963 ആയി ഉയർന്നു. ഇതിൽ 66.5 ശതമാനവും 16നും 18നും ഇടയിൽ വയസ്സുള്ളവരാണ്. സമീപ കാലത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണം പൂർവോപരി വർധിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വളർന്നു വരുന്ന സാഹചര്യങ്ങളാണ് വലിയൊരളവോളം കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത്. സ്മാർട്ട് ഫോൺ, ടി വി, ഇന്റർനെറ്റ് എന്നിവ ഇല്ലാത്ത കുടുംബങ്ങൾ ഇന്ന് കുറവാണ്. കുടുതൽ സമയം ടി വിയും ഓൺലൈൻ സൈറ്റുകളും കാണുന്ന കുട്ടികളിൽ കുറ്റവാസന വർധിക്കുമെന്നാണ് യു കെയിലെ മെഡിക്കൽ റിസർച്ച് കൗൺസിൽ നടത്തിയ പഠനം കാണിക്കുന്നത്. സ്ഥിരമായി ഓൺലൈൻ സൈറ്റുകളും ടി വിയും കാണുന്ന കുട്ടി പത്തോ പതിനഞ്ചോ വയസ്സാകുമ്പോഴേക്ക് സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും മറ്റുമായി ശരാശരി 8,000 കൊലപാതകങ്ങളും പതിനായിരത്തോളം മറ്റ് കുറ്റകൃത്യങ്ങളും കണ്ടിരിക്കുമെന്നും പഠനം വിലയിരുത്തുന്നു. 11,014 കുട്ടികളെയും മാതാക്കളെയും പങ്കാളിയാക്കി നടത്തിയ സർവേയിൽ അഞ്ച് വയസ്സുള്ള കുട്ടികളെ പഠനവിധേയമാക്കിയതിൽ ഏഴ് വയസ്സോടെ അവർ വഴക്കുണ്ടാക്കാനും മോഷ്ടിക്കാനുമുള്ള സാധ്യത ഏറിയതായി കണ്ടെത്തി. ഇവരെല്ലാം സ്ഥിരമായി ടി വിയും കമ്പ്യൂട്ടറും വീഡിയോ ഗെയിമും ഉപയോഗിക്കുന്നവരായിരുന്നു. കുട്ടികൾ ടി വി കാണുന്ന സമയം പരമാവധി രണ്ട് മണിക്കൂറിൽ താഴെയായി ചുരുക്കുകയും സിനിമയും സീരിയലുകളും ഒഴിവാക്കി വിദ്യാഭ്യാസ പരിപാടികൾ മാത്രം കാണിക്കുകയാണ് ഇതിന് പ്രതിവിധിയെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ എം ആർ സിയിലെ പ്രധാന ശാസ്ത്രജ്ഞ ഡോ. അലിസൺ പാർക്‌സ് നിർദേശിക്കുന്നത്.
ഇന്ന് ഇളംപ്രായക്കാരായ കുട്ടികളും കൗമാരക്കാരും കൂടുതൽ സമയം ചെലവിടുന്നത് ഓൺലൈൻ ഗെയിമുകളിലാണ്. അക്രമവാസന വളർത്തുന്നതിൽ ഇതിന് വലിയൊരു പങ്കുണ്ട്. എതിരാളിയെ വെടിവെച്ചു കൊല്ലുകയും കാർറൈസിംഗിൽ എതിരെ വരുന്ന വാഹനങ്ങളെ കനാലിലേക്ക് ചാടിച്ചും ഇടിച്ചു തെറിപ്പിച്ചും വിജയം ആഘോഷിക്കുകയും ചെയ്യുന്ന ഗെയിമുകളാണ് മിക്ക കുട്ടികളും കളിക്കുന്നത്. തന്റെ എതിരാളിയെ ഏതുവിധേനയും തകർക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന ചിന്ത കുട്ടികളിൽ അങ്കുരിക്കാൻ ഇതിടയാക്കുന്നു. മധ്യപ്രദേശിൽ ഈയിടെ പത്ത് വയസ്സുകാരിയെ പതിനൊന്നുകാരൻ കൊലപ്പെടുത്തിയത് ഓൺലൈൻ ഗെയിമിൽ തന്നെ തോൽപ്പിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു. ലിവർപൂളിൽ പതിനഞ്ചുകാരനായ വിദ്യാർഥി വ്യാജ തോക്ക് കാട്ടി ഭയപ്പെടുത്തി ബേങ്ക് കൊള്ളയടിച്ച സംഭവത്തിൽ, പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ തനിക്കിതിന് പ്രചോദനമായത് വീഡിയോ ഗെയിമാണെന്നാണ് മൊഴി നൽകിയത്. തങ്ങൾ കാണുന്ന വീഡിയോ ഗെയിമുകളിലെയും സിനിമകളിലെയും സീരിയലുകളിലെയും ശത്രുസംഹാരത്തിന്റെയും കവർച്ചകളുടെയും അനുകരണമാണ് കൗമാരക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വളർച്ച സമൂഹത്തിൽ ധാരാളം ഗുണഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുട്ടികൾ ഇതിനെ മറ്റെന്തിനേക്കാളും കൂടുതലായി ദുരുപയോഗം ചെയ്യുകയാണ്. ഇതവരുടെ സ്വഭാവ വൈകല്യത്തിനിടയാക്കുന്നു.
കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റത്തിനും കുട്ടികളുടെ സ്വഭാവദൂഷ്യത്തിന് വലിയൊരു പങ്കുണ്ട്. അണുകുടുംബത്തിലേക്ക് വഴിമാറിയതോടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സാന്നിധ്യമില്ലാതെയായി. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഉദ്യോഗസ്ഥരോ മറ്റ് ജോലിക്കു പോകുന്നവരോ ആയ മാതാപിതാക്കൾക്ക് കുട്ടികളെ ശ്രദ്ധിക്കാനും അവർക്ക് നല്ല കാര്യങ്ങൾ ശീലിപ്പിക്കാനും സമയമില്ല. പിന്നെ അവർ കണ്ടുപഠിക്കുന്നത് സുഹൃത്തുക്കളിൽ നിന്നാണ്. ചീത്തസ്വഭാവക്കാരുമായാണ് കൂട്ടുകെട്ടെങ്കിൽ സ്വഭാവം മോശമാകാൻ മറ്റൊന്നും വേണ്ടല്ലോ. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ സ്ഥിരമായി നിരീക്ഷിച്ച്, അവരുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞ്, തെറ്റുകൾ കണ്ടാൽ സ്‌നേഹത്തിന്റെ ഭാഷയിലൂടെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇതിനുള്ള പരിഹാര മാർഗം.