Kerala
സീറ്റ് ഉറപ്പിക്കാന്‍ നേതാക്കന്‍മാരുടെ മക്കള്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സീറ്റ് ഉറപ്പിക്കാന്‍ കരുക്കങ്ങള്‍ നീക്കി നേതാക്കളുടെ മക്കള്‍. എതിര്‍പ്പുമായി യൂത്ത്‌കോണ്‍ഗ്രസും രംഗത്ത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്, കെ അച്ച്യുതന്റെ മകന്‍ സുമേഷ്, സി എന്‍ ബാലകൃഷ്ണന്റെ മകള്‍ സി ബി ഗീത തുടങ്ങിയവരെല്ലാം മത്സരിക്കാനുള്ള നീക്കത്തിലാണ്.
മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് ഈ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കളേയും പുതുമുഖങ്ങളേയും പരഗിണിക്കുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. ഇതിന്റെ മറപിടിച്ച് സ്വന്തക്കാര്‍ക്ക് സീറ്റ് നല്‍കാന്‍ ചില നേതാക്കന്‍മാര്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് അയച്ചതായാണ് വിവരം.
യുവാക്കളെ പരിഗണിക്കുമ്പോള്‍ വിജയ സാധ്യതയാണ് പ്രധാനമായും പരിഗണിക്കേണ്ടതെന്നും സ്വന്തവും ബന്ധവുമല്ലെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്തവരെ നേതാക്കന്‍മാര്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നും സോണിയാ ഗാന്ധിക്ക് അയച്ച പരാതികളില്‍ പറയുന്നു.
തിരുവനന്തപുരത്തെ അരുവിക്കര മണ്ഡലത്തില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥിനെതിരേയും പരാതികള്‍ സോണിയാ ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്്. ശബരിനാഥന്‍ എം എല്‍ എ എന്ന നിലയില്‍ പരാജയമാണെന്നും പരാതികളില്‍ പറയുന്നു. നേരത്തെ അരുവിക്കര മണ്ഡലം യൂത്ത്‌ലീഗും സമാന ആരോപണം ഉന്നയിച്ചിരുന്നു. വെള്ളിമൂങ്ങ എന്ന സിനിമയില്‍ ബിജു മേനോന്‍ ചെയ്ത മാമച്ചന്‍ എന്ന കഥാപാത്രത്തിന് സമാനമാണ് ശബരിനാഥിന്റെ പ്രവൃത്തികളെന്നും യൂത്ത്‌ലീഗ് ആരോപിച്ചിരുന്നു.