Gulf
വാദി അൽ ഹിലുവില് ടൂറിസം പദ്ധതി
ഷാർജ | വാദി അൽ ഹിലു, അൽ ഗെയിൽ ഡാം മേഖലകളില്‍ വിവിധ ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നു. അഞ്ച് മലനിരകളെ ബന്ധിപ്പിച്ചുള്ള പദ്ധതികളിൽ റോഡുകൾ, ഹോട്ടലുകൾ, പാർപ്പിട കേന്ദ്രങ്ങൾ, ഉല്ലാസമേഖലകൾ തുടങ്ങിയവ സജ്ജമാക്കും. വാദി അൽ ശുവ മേഖലയിലെ ഹണി റിസർവാണ് മറ്റൊരു മെഗാ പദ്ധതി. കാർഷിക മേഖല വിപുലമാക്കുകയും തേൻ ഉത്പാദനം കൂട്ടുകയും ചെയ്യും.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പദ്ധതി മേഖലകളിൽ സന്ദർശനം നടത്തി. പാതകൾ, പാലങ്ങൾ എന്നിവക്ക് പുറമേ പരമ്പരാഗത രീതിയിലുള്ള 1,000 വില്ലകൾ, 80 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങിയവയും ഉണ്ടാകും.
മലയോരക്കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യമുണ്ടാകും. കൽബ-വാദി അൽ ഹിലു റോഡിലെ വാദി അൽ ശുവ ഹണി റിസർവ് പദ്ധതി കാർഷിക മേഖലയുടെ വികസനവും ലക്ഷ്യമിടുന്നു. 1,300 മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ സിദ്ർ, സമർ, ഗാഫ് മരങ്ങൾ ഉൾപെടെ നടുകയും മികച്ചയിനം തേനീച്ചകളെ വളർത്തി തേൻ ഉത്പാദനം കൂട്ടുകയും ചെയ്യും.
ഭക്ഷ്യോത്പന്നങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, മരുന്നുകൾ എന്നിവ നിർമിക്കാനും ലക്ഷ്യമിടുന്നു. പരിശീലന-സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുക, ഹരിത മേഖലകൾ വ്യാപിപ്പിക്കുക, കയറ്റുമതി കൂട്ടുക, വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. അൽ ഹയാർ ടണലിന് സമീപം അൽ ഹാഫിയ റെസ്റ്റ് ഹൗസ് പദ്ധതിയാണ് അടുത്തത്. റസ്റ്ററന്റുകളും ഉല്ലാസകേന്ദ്രങ്ങളുമൊരുക്കി സഞ്ചാരികളുടെ താവളമാക്കുകയാണ് ലക്ഷ്യം.