Connect with us

Editorial

ട്രാക്ടര്‍ പരേഡും ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങളും

Published

|

Last Updated

സംഘര്‍ഷഭരിതമായ ഒരു റിപ്പബ്ലിക് ദിനത്തിനാണ് ഇത്തവണ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. പോലീസും കര്‍ഷകരും തമ്മിലുള്ള പോരാട്ട ഭൂമിയായി മാറി അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരി. സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടു. പോലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. രാവിലെ സമാധാനപരമായി ആരംഭിച്ച ട്രാക്ടര്‍ റാലി ഏതാനും സമയം പിന്നിട്ടപ്പോള്‍ മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് മാറി സഞ്ചരിച്ചും പോലീസ് നിയന്ത്രണ സംവിധാനങ്ങളെ തകര്‍ത്തും അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറി. അതിനിടെ ചിലര്‍ കോട്ടക്കു മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും സിഖ് (ഖര്‍സ)പതാക സ്ഥാപിക്കുകയും ചെയ്തു.

ആരാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍? കര്‍ഷക പ്രക്ഷോഭകരാണെന്നാണ് പോലീസ് ഭാഷ്യം. പ്രതിഷേധ സമരക്കാരില്‍ നിന്ന് വാള്‍, കൃപാണ്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് പറയുന്നു. അതേസമയം ട്രാക്ടര്‍ റാലിയില്‍ നുഴഞ്ഞു കയറിയ ചില കര്‍ഷക സമരവിരോധികളാണ് സഘര്‍ഷത്തിന് ചുക്കാന്‍ പിടിച്ചതെന്നും തങ്ങള്‍ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് കര്‍ഷക നേതാക്കള്‍ ആണയിടുന്നത്. രണ്ട് മാസത്തിലേറെയായി സമാധാനപരമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ താറടിച്ചു കാണിക്കാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്നും കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നു. പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവാണ് അനിഷ്ട സംഭവങ്ങള്‍ക്കു പിന്നിലെന്നും അവര്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് പഞ്ചാബ് സ്വദേശിയായ ദീപ് സിദ്ദു. പ്രക്ഷോഭ വേദികളില്‍ സജീവവുമായിരുന്നു അദ്ദേഹം. അതേസമയം ആര്‍ എസ് എസ്-ബി ജെ പി ബന്ധവുമുണ്ട് സിദ്ദുവിന്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സിദ്ദുവിന്റെ കര്‍ഷക സമരത്തിലെ ഇടപെടലുകളില്‍ തുടക്കത്തിലേ കര്‍ഷക നേതാക്കള്‍ക്ക് സന്ദേഹമുണ്ടായിരുന്നു. ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നത് ഇതോടു ചേര്‍ത്തി കാണേണ്ടതാണ്. കര്‍ഷക പ്രക്ഷോഭത്തെ അട്ടിമറിക്കാനാണ് അദ്ദേഹം സമരാനുകൂലിയായി രംഗത്തു വന്നതെന്ന കര്‍ഷക നേതാക്കളുടെ സന്ദേഹത്തിന് ഇത് ബലമേകുന്നു. ദീപ് സിദ്ദു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി.

സംഘ്പരിവാറും പോലീസും ചേര്‍ന്ന് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളെ കൊലപ്പെടുത്താനും നീക്കം നടത്തി വരുന്നതായി കര്‍ഷക നേതാക്കള്‍ ഏതാനും ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഈ ലക്ഷ്യത്തില്‍ നിയോഗിക്കപ്പെട്ടതെന്നു പറയപ്പെടുന്ന ഒരാളെ പിടികൂടി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പാകെ ഹാജരാക്കിയാണ് അവര്‍ ഈ ആരോപണമുന്നയിച്ചത്. ട്രാക്ടര്‍ റാലിക്കാര്‍ക്കിടയില്‍ കടന്നുകൂടി സംഘര്‍ഷം സൃഷ്ടിക്കാനും വെടിയുതിര്‍ക്കാനുമാണ് തങ്ങളെ നിയോഗിച്ചതെന്ന് ഇയാൾ മാധ്യമ പ്രവര്‍ത്തകരോട് തുറന്നു സമ്മതിക്കുകയും ചെയ്തു. കര്‍ഷകര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പോലീസിന് സ്ഥാപിച്ചെടുക്കാനും അതുവഴി സമരത്തെ താറടിച്ചു കാണിക്കാനുമാണ് തങ്ങളെ ആയുധങ്ങളുമായി നിയോഗിച്ചതെന്നും നാല് കര്‍ഷക നേതാക്കളെ വധിക്കുക കൂടി തങ്ങളുടെ ലക്ഷ്യമാണെന്നും അവര്‍ വെളിപ്പെടുത്തുന്നുണ്ട്. താന്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിര്‍ദേശം കിട്ടിയെന്നും ഹരിയാന പോലീസിലെ ചിലരുടെ സഹായം തങ്ങള്‍ക്കുണ്ടെന്നും ഇയാള്‍ ഏറ്റുപറഞ്ഞു. ഗൂഢാലോചന നടത്തിയ പോലീസുകാരുടെ പേരും അവര്‍ വെളിപ്പെടുത്തി. ഒരാഴ്ച മുമ്പാണ് സംശയാസ്പദമായ രീതിയില്‍ സിംഗുവില്‍ നിന്ന് കര്‍ഷകര്‍ ഇയാളെ പിടികൂടിയത്. ആക്രമിയെ കര്‍ഷക നേതാക്കള്‍ പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

കര്‍ഷക നേതാക്കളും ഡല്‍ഹി പോലീസും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പരസ്പര ധാരണകളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ പൂര്‍ണ സമ്മതത്തോടെയാണ് ട്രാക്ടര്‍ റാലി നടത്തിയത്. സഞ്ചാരപാത, പങ്കെടുക്കുന്ന ട്രാക്ടറുകളുടേയും കര്‍ഷകരുടേയും എണ്ണം, റാലിയുടെ സമയം എന്നിങ്ങനെ അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം വ്യക്തമായ ധാരണ ഉണ്ടാക്കിയിരുന്നു. റാലി തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് സംഘാടകരായ കര്‍ഷക നേതാക്കള്‍ ഉറപ്പ് നല്‍കിയതുമാണ്. മാത്രമല്ല, രണ്ട് മാസത്തിലേറെയായി രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നടന്നു വരുന്ന കര്‍ഷക പ്രക്ഷോഭം അതിന്റെ സംഘാടന മികവു കൊണ്ടും സംഘര്‍ഷരാഹിത്യം കൊണ്ടും ആഗോളതലത്തില്‍ വരെ ശ്രദ്ധ പിടിച്ചുപറ്റിയതുമാണ്. ഈയൊരു സാഹചര്യത്തില്‍ ട്രാക്ടര്‍ റാലി അക്രമാസക്തമായാല്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് നേതാക്കള്‍ക്ക് നല്ല ബോധ്യവുമുണ്ട്. എന്നിട്ടുമെന്തേ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു? കര്‍ഷക നേതാക്കളും പ്രശാന്ത് ഭൂഷണിനെ പോലുള്ള പ്രമുഖ നിരീക്ഷകരും സന്ദേഹിക്കുന്നതു പോലെ ഇതിന്റെ പിന്നില്‍ ബാഹ്യമായ ഇടപെടലുണ്ടായിരിക്കാനാണ് സാധ്യത. രണ്ട് മാസം പിന്നിട്ടിട്ടും തളര്‍ച്ചയോ ക്ഷീണമോ ഇല്ലാതെ കര്‍ഷക പ്രക്ഷോഭം തുടര്‍ന്നു പോകുന്നതില്‍, അത് കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു വരുന്നതില്‍ ഭരണകൂടത്തിനും സംഘ്പരിവാറിനും കടുത്ത വിമ്മിഷ്ടവും അരിശവുമുണ്ട്. സമരം ഇനിയും നീണ്ടുപോയാല്‍ തങ്ങളുടെ കാലിനടിയിലെ മണ്ണ് ഇളകുമോ എന്ന ആശങ്കയും ഭയവും അവരെ ബാധിച്ചിട്ടുമുണ്ട്. സംഘര്‍ഷത്തെക്കുറിച്ചുള്ള സന്ദേഹം ഈ വഴിക്കും നീങ്ങുന്നുണ്ട്. സമഗ്രമായ ഒരന്വേഷണത്തിലൂടെ അതിനു പിന്നിലെ കറുത്ത കരങ്ങളെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്.